പാക്കിസ്ഥാനിൽ ക്രൈസ്തവർക്കു നേരെ ആക്രമണം: രണ്ടു പേർ മരിച്ചു

പാക്കിസ്ഥാനിൽ പഞ്ചാബിലെ ഒക്കറയിൽ ക്രിസ്ത്യൻ സമൂഹത്തിനു നേരെ ഇരുപതിലധികം തീവ്ര മുസ്ലീം വിശ്വാസികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വയലുകളിലെ ജലസേചനവുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അക്രമം.

കഴിഞ്ഞ ദിവസങ്ങളിൽ, യുവജനങ്ങൾ അവരുടെ കൃഷിക്ക് വെള്ളമൊഴിച്ച് തിരിച്ചുപോയി. അതിനെ തുടർന്ന് ഒരു കൂട്ടം തീവ്ര ഇസ്ലാമികവാദികൾ തോക്കും റൈഫിളും ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. യാക്കൂബ് മുഖ്താർ, ഹാറൂൺ മുഖ്താർ എന്നീ രണ്ട് ആൺകുട്ടികൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പന്ത്രണ്ടോളം ക്രിസ്ത്യാനികൾ പരിക്കേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

അക്രമികളെ തിരിച്ചറിഞ്ഞ പോലീസ് ബ്രീഫിംഗ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് സംഭവത്തിനു ദൃക്സാക്ഷിയായ ഇന്ദ്രിയാസ് മുഖ്താർ വെളിപ്പെടുത്തി. 18 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ രണ്ടു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

മനുഷ്യാവകാശ പ്രവർത്തകനും ജാങ് ജില്ലാ കമ്മിറ്റിയംഗവുമായ ആസിഫ് മുനാവർ വെടിവയ്പ്പു നടന്ന സ്ഥലം സന്ദർശിക്കുകയും മരിച്ചവരുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. നമ്മുടെ സമൂഹത്തിൽ സഹിഷ്ണുതയും സാഹോദര്യവും വർദ്ധിക്കേണ്ടത് ആവശ്യമാണ്. ക്രിസ്ത്യൻ സമൂഹത്തിന് നീതി ആവശ്യമാണ്. ഒരു മതന്യൂനപക്ഷമെന്ന നിലയിൽ മെച്ചപ്പെട്ട സംരക്ഷണം നൽകണമെന്നും കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ വർഷം മേയിൽ ഒക്കരയ്ക്കടുത്തുള്ള ചക്ക് ഗ്രാമത്തിൽ, മുസ്ലീങ്ങൾ ചില ക്രിസ്ത്യാനികളുടെ വീടുകളിൽ അതിക്രമിച്ചു കയറി ഫർണിച്ചറുകളും സ്വത്തുക്കളും നശിപ്പിക്കുകയും താമസക്കാരെ ഇരുമ്പുകമ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.