അസ്സീറിയന്‍ – അര്‍മേനിയന്‍ വംശഹത്യയെ വിസ്മരിക്കരുത്

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

അവനവനെക്കുറിച്ചുള്ള വ്യഗ്രതകൾക്കിടയിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് വേവലാതിപ്പെടാന്‍ നമുക്ക് സമയമില്ലാതെ പോവുകയാണ്. അല്ലെങ്കിലും കൊല്ലപ്പെട്ടത് ക്രിസ്തുവിശ്വാസിയാണെന്നറിഞ്ഞാല്‍ ഏതു ക്രിസ്ത്യാനിക്കാണ് ഇന്ന് അവരെയോര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നത്.

1915 മറക്കാതിരിക്കാം. തുര്‍ക്കിയിലെ അസ്സീറിയന്‍ – അര്‍മേനിയന്‍ സിറിയന്‍ ഗ്രാമങ്ങളിലുണ്ടായിരുന്ന 18 ലക്ഷത്തിലധികം വരുന്ന ക്രിസ്ത്യാനികളെയാണ് തുര്‍ക്കിയിലെ ഭരണകൂടത്തിന്റെ ഒത്താശയോടെ കൊല ചെയ്തത്. ചരിത്രപരമായ വസ്തുതകള്‍ പരിശോധിച്ചാല്‍ മൂന്ന് ഘട്ടങ്ങളായാണ് വംശഹത്യ നടപ്പിലായത്. ഒട്ടോമാൻ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 1894 മുതല്‍ 1896 വരെ ഒന്നാം ഘട്ടം മർദ്ദനശ്രമങ്ങൾ ഉടലെടുത്തിരുന്നു. പിന്നീട് രണ്ടാം ഘട്ടം, യങ് ടർക്ക്സ് നേതൃത്വം നൽകിയ ഭരണസംവിധാനത്തിൻ കീഴിൽ 1915-ല്‍ രൂക്ഷമായ രീതിയില്‍ വംശഹത്യയെ ലക്ഷ്യം വച്ചുള്ള കൂട്ടക്കുരുതി. മൂന്നാം ഘട്ടം, 1919-22 – ക്രിസ്ത്യാനികളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ സമാപനഘട്ടം.

രണ്ടാംഘട്ടവും മൂന്നാം ഘട്ടവും ഗവണ്‍മന്റ് ആസൂത്രണവും നിർവ്വഹണവും നിർവഹിച്ചു. 1908-ല്‍ തുര്‍ക്കിയില്‍ യുവതുര്‍ക്കികള്‍ (യങ് ടര്‍ക്ക്സ്) അധികാരത്തിലെത്തി. ഭരണഘടനാനുസൃതമായ ഭരണസംവിധാനമെന്നു കരുതിയിരുന്നതിനാല്‍ ആരും അപകടം കരുതിയിരുന്നില്ല. എന്നാല്‍, അവരുടെ ഉദ്ദേശം തുര്‍ക്കിയുടെ തനിമ നിലനിര്‍ത്തുക എന്നതായിരുന്നു. തങ്ങളുടേതല്ലാത്ത ഏതിനെയും ഇല്ലാതാക്കാന്‍ അവര്‍ നിശ്ചയിച്ചു. ക്രിസ്ത്യാനികള്‍ സ്വതവേ വിദേശികളെന്നു മുദ്രകുത്തപ്പെടുന്നവരാണല്ലോ. ഭരണകൂടങ്ങളെ സംബന്ധിച്ച് കൊലചെയ്യപ്പെടേണ്ടവരും.

ക്രിസ്ത്യാനികളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പാടില്ല എന്ന നിശബ്ദമായ തീരുമാനം സമൂഹത്തില്‍ ആദ്യമേ നടപ്പിലായിരുന്നു. ആരും അധികം ശ്രദ്ധിച്ചില്ല, ശ്രദ്ധിച്ചവര്‍ നിശബ്ദത പാലിക്കുകയും ചെയ്തു. 1915 ഏപ്രില്‍ 24-ന് കൂട്ടക്കുരുതിക്ക് ആരംഭം കുറിച്ചു. ആദ്യം ബുദ്ധിജീവികളെയും എഴുത്തുകാരെയും തിരഞ്ഞുപിടിച്ച് കൊലചെയ്തു. തുടര്‍ന്ന് ക്രൈസ്തവഭവനങ്ങള്‍ ആക്രമിക്കപ്പെട്ടു. ക്രൈസ്തവഭവനങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം പുറത്താക്കി നാടുകടത്തപ്പെട്ടു. മെസപ്പൊട്ടോമിയന്‍ ഭാഗങ്ങളിലൂടെ അനേകര്‍ ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തിന്റെ താഴ്വരയിലേയ്ക്ക്‌ നടന്നടുക്കപ്പെട്ടു. പിന്നെ ഇത്തരം നാടുകടത്തല്‍, വസ്ത്രങ്ങളുരിഞ്ഞ് നഗ്നരാക്കിയതിനു ശേഷമായിത്തീർന്നു. സൂര്യന്റെ ചൂടേറ്റ് അനേകര്‍ പൊള്ളിക്കരിഞ്ഞ് നിലത്തുവീണു, വിശ്രമിക്കാന്‍ അല്‍പനേരം നിന്നവര്‍ വെടിയേറ്റ് കൊല ചെയ്യപ്പെട്ടു. മുമ്പ് കുറ്റകൃത്യങ്ങളില്‍ പിടികൂടിയിരുന്നവരെ ഉപയോഗിച്ച് കൊലപാതകസംഘങ്ങള്‍ക്ക് ഭരണകൂടം രൂപം കൊടുത്തതിനാല്‍ ക്രൂരതകള്‍ക്ക് യാതൊരു അയവുമില്ലായിരുന്നു.

അര്‍മേനിയന്‍ ക്രിസ്ത്യാനികളാണ് ആദ്യം കൂട്ടക്കുരുതിക്ക് ഇരയായത്. തുടര്‍ന്ന് അസ്സീറിയൻ ക്രിസ്ത്യാനികൾ തങ്ങളുടെ ഗ്രാമങ്ങളില്‍ വച്ച് വധിക്കപ്പെട്ടു. ഗ്രീക്ക് ക്രിസ്ത്യാനികള്‍ നൂറുകണക്കിനും ആയിരക്കണക്കിനുമായി നാടുകടത്തപ്പെട്ടു. അനേകര്‍ പോന്തൂസ് ഭാഗത്തുവെച്ച് കൊല ചെയ്യപ്പെട്ടു.

ഇപ്പോഴും തുര്‍ക്കി തങ്ങളുടെ ക്രൂരത നിര്‍ത്തിയിട്ടില്ല. സിറിയന്‍ ആക്രമണത്തിലൂടെ അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. തുര്‍ക്കി ഭരണകൂടം അമേരിക്കയടക്കമുള്ള നിരവധി പാശ്ചാത്യരാജ്യങ്ങളുടെ സുഹൃത്തായിത്തീര്‍ന്നതിനാൽ ക്രൈസ്തവ നാമധാരികളായ സമ്പന്നരാജ്യങ്ങളും ഈ കൂട്ടക്കുരുതിക്കു നേരെ മനസ്സാക്ഷിക്കുത്തൊന്നുമില്ലാതെ കണ്ണടച്ചു. അവരും ഇതിന് കൂട്ടുനിന്നെന്നു വേണം പറയാൻ. അക്കാലത്തും പില്‍ക്കാലത്തും ഇത് തുടര്‍ന്നു. ഒടുവില്‍ 2010-ല്‍ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒട്ട് വൈമനസ്യത്തോടെ അമേരിക്കന്‍ ഭരണകൂടവും സമ്മതിച്ചു, തുര്‍ക്കിയില്‍ അന്ന് നടന്നത് വംശഹത്യയാണ് എന്ന്. ഒരു കൂട്ടക്കുരുതി എന്നെ ലേബലില്‍ ഒതുങ്ങുന്നതല്ല ക്രൈസ്തവമായ വംശങ്ങളെ ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമമായിരുന്നെന്ന്.

കേരളസഭയിലെ അംഗങ്ങളും മനസ്സിലാക്കിയിരിക്കേണ്ട സത്യമുണ്ട്. സംഭവിച്ചത് ക്രിസ്തുവര്‍ഷം 1915-ല്‍ ആണ് എ.ഡി. 3-ല്‍ അല്ല. ഇല്ലാതായത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങളും യുവാക്കളും വൃദ്ധരുമാണ്. ചുറ്റുമുള്ളവര്‍ അറിഞ്ഞുവരുന്നതിനു മുമ്പ് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തരത്തില്‍ കൂട്ടക്കുരുതി നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ലക്ഷങ്ങളൊന്നും വലിയ സംഖ്യയല്ലെന്ന് നാം അറിഞ്ഞിരിക്കണം, നിലമറന്ന് അഹങ്കരിക്കാന്‍ തക്കതൊന്നും നമ്മുടെ കൈവശം ഇല്ലെന്നും. ക്രൈസ്തവർ കൊല്ലപ്പെട്ടാൽ മാധ്യമങ്ങൾ നിശബ്ദതാവ്രതം ആചരിക്കും. ഇത് എല്ലാക്കാലവും നടക്കുന്നതാണ്.

ക്രൂശിതനില്‍ ആശ്രയിച്ചു മുന്നേറുന്ന സഭയായി നാം മാറിയില്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് എന്നതുപോലെ കൂട്ടത്തിലുള്ളവര്‍ ഓരോരുത്തരായി ഇല്ലാതായി ഇല്ലാതായി ഒടുവിൽ നാമും കൊല്ലപ്പെടും. അതിനുമുമ്പ് ദൈവം കനിഞ്ഞുനൽകിയ അല്‍പശ്വാസത്തിന്റെ കാലമെങ്കിലും ക്രിസ്ത്യാനി എന്ന പേരിന് അര്‍ഹമായ രീതിയില്‍ ജീവിക്കാം. ഒപ്പം, രക്തസാക്ഷികളോടുള്ള സഭയുടെ കടപ്പാട് വിസ്മരിക്കാതിരിക്കാം. അനാഥരെപ്പോലെയാണ് അവര്‍ വധിക്കപ്പെട്ടത്, എങ്കിലും മരണശേഷം നമ്മുടെ മനസ്സില്‍ അവര്‍ അന്യരും അനാഥരും ആകാതിരിക്കട്ടെ.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ, MCBS