ഇവിടെയുണ്ട് അച്ചന്റെ മക്കൾ

“അച്ചാ…! അച്ചനൊന്നു വേഗം വരുവോ…! അക്ഷമയോടെയുള്ള ആ വിളി കേട്ട് ആശാഭവന്റെ മുറ്റത്തു കൂടി നടക്കുകയായിരുന്ന ജോസച്ചനും ഞാനും ഞെട്ടിത്തിരിഞ്ഞു.

“ഇപ്പൊത്തന്നെ സമയം എത്രായീന്നാ വിചാരം! നാലരയ്ക്കു തന്നെ ഞങ്ങളു കളി തുടങ്ങും. താമസിച്ചു വന്നാ പിന്നെ ഗോളിയായിട്ടു നിക്കേണ്ടി വരുമേ… പറഞ്ഞേക്കാം!”
അൻപതു കഴിഞ്ഞ ജോസച്ചന് പരിഭവത്തിൽ പൊതിഞ്ഞ ആ മുന്നറിയിപ്പു കൊടുത്തത് പത്തു വയസ്സുകാരൻ ലക്ഷ്മണനാണ്. ആശാഭവനിലെ അച്ചന്റെ ‘കളിക്കൂട്ടു’കാരിൽ പ്രധാനി!

“നീ പൊയ്ക്കോടാ മോനേ… ഞാനുടനേ വന്നേക്കാം.” ആശാഭവനിലേക്കു കയറുന്ന പടിക്കെട്ടിന്റെ കൈവരികളിൽ തൂങ്ങിയാടിക്കളിച്ചു കൊണ്ടിരുന്ന ലക്ഷ്മണനെ അച്ചൻ വാൽസല്യത്തോടെ ചേർത്തു നിർത്തി.

“വേഗം വന്നേക്കണേ…” പൊട്ടിച്ചിരിച്ചു കൊണ്ട്, സന്തോഷത്തോടെ അവൻ ഗ്രൗണ്ടിൽ കാത്തു നിൽക്കുന്ന കൂട്ടുകാരുടെ അടുത്തേക്കോടി.

പ്രായവ്യത്യാസങ്ങൾക്കപ്പുറത്ത്, കലവറയില്ലാതെ, പങ്കുവയ്ക്കപ്പെടുന്ന ആ സ്നേഹവും വാൽസല്യവും കണ്ടപ്പോൾ അദ്ഭുതവും തെല്ലസൂയയും എനിക്കു തോന്നാതിരുന്നില്ല.

“ഈ… കുട്ടികൾ…” ഞാൻ ചോദിച്ചു മുഴുമിപ്പിക്കും മുമ്പ് ജോസച്ചൻ തിരുത്തി.
“കുട്ടികളല്ല; എന്റെ മക്കൾ! എന്റെ രക്തത്തിൽ പിറന്നില്ലെങ്കിലും അവരെന്റെ മക്കളാണ്. അങ്ങനെയാണ് ഞാനവരെ വളർത്തുന്നത്. അങ്ങനെയാണ് എല്ലാവർക്കും പരിചയപ്പെടുത്തുന്നതും.”

വേനൽച്ചൂടിൽ ഉരുകിയൊലിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയത്തിനുള്ളിലൂടെ ഒരു തണുത്ത കാറ്റു വീശാൻ തുടങ്ങുന്നത് ഞാനറിഞ്ഞു.

“സ്കൂളിലെ ചെറിയ ക്ലാസ് മുതൽ ഡിഗ്രി വരെയൊക്കെ പഠിക്കുന്ന മുപ്പത്തിനാലു മക്കളാണ് ആശാഭവനിലുള്ളത്. എല്ലാവരും എയ്ഡ്സ് ബാധിതരാണ്. ഒരു വീട്ടിലും ആരും ഇവരെ താമസിപ്പിക്കില്ല. ഒരു സ്കൂളും ഇവരെ സ്വീകരിക്കില്ല. ചിലർക്ക് മാതാപിതാക്കളില്ല. ഉള്ളവരാകട്ടെ രോഗികളുമാണ്.” അതു പറയുമ്പോൾ ആ മനുഷ്യന്റെ കണ്ണുകളിലൂറിയ നനവിനു മുന്നിൽ വാക്കുകൾ നഷ്ടപ്പെട്ട് ഞാൻ നിന്നു.

മറ്റാരുടെയൊക്കെയോ വഴിതെറ്റലുകൾക്ക് പരിഹാരമാവുകയാണോ ഇവിടം.
“ഇപ്പോൾ ഇതാണിവരുടെ നാടും വീടും സ്കൂളുമെല്ലാം. ഇതാണവരുടെ ലോകം. അവരെന്നെ ‘അച്ചാ’ എന്നു വിളിക്കുന്നത് അപ്പനായി സ്നേഹിച്ചു കൊണ്ടു തന്നെയാണ്.”
ഒന്നു പൊട്ടിക്കരയണമെന്ന് എനിക്കു തോന്നി. കാരണം അത്രയക്ക് ഹൃദയവ്യഥയോടെയായിരുന്നു ഇന്നു വൈകുന്നേരം ഞാൻ പിരപ്പൻകോടുള്ള ആശാഭവനിലെത്തിയത്.

തലേ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കൂട്ടത്തിലൊരുവൻ പൗരോഹിത്യ വിശുദ്ധി ലംഘിച്ച് പിശാചായി മാറിയതിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ വേട്ടയാടിയ കാളരാത്രിയായിരുന്നു അത്. പ്രായപൂർത്തിയാവാത്തൊരു പെൺകുട്ടിക്ക് അയാൾ ഉദരഫലം സമ്മാനിക്കുകയും പണത്തിന്റെയും സ്വാധീനത്തിന്റെയും പിൻബലത്തിൽ, കൂട്ടാളികൾക്കൊപ്പം ക്രൂരമായ ഉപജാപങ്ങൾ നടത്തി അതു മൂടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്ത് ഒളിച്ചോടാൻ ശ്രമിച്ചു എന്നൊക്കെ കേട്ടപ്പോൾ വിശ്വസിക്കാനായില്ല! അർഹിക്കുന്ന ശിക്ഷ കുറ്റക്കാർക്കു ലഭിക്കട്ടെ.

വിശിഷ്ടമായ പൗരോഹിത്യം നൽകപ്പെട്ട മൺപാത്രങ്ങളിലൊന്നാണ് ഉടഞ്ഞു പോയിരിക്കുന്നത്. ഒരേ അച്ചിൽ വാർത്തെടുത്തതു കൊണ്ടും ഒരേ ചൂളയിൽ ചുട്ടെടുത്തതു കൊണ്ടും ‘തകർന്നവ പോലെ തന്നെയായിരിക്കും തകരാത്തവ’ എന്ന് ആരും ന്യായമായും സംശയിച്ചു പോകും. എറിഞ്ഞുടയ്ക്കാൻ കല്ലുകളേന്തി നിൽക്കുന്നവർക്കു മുന്നിൽ ‘നിങ്ങളിൽ പാപമില്ലാത്തവൻ കല്ലെറിയട്ടെ’ എന്നു ശിരസ്സുയർത്തി പറയാൻ ആർജ്ജവമുള്ളൊരു ക്രിസ്തുവാകട്ടെ നമ്മുടെയിടയിൽ ഇനിയും രൂപപ്പെട്ടിട്ടുമില്ല. അതിനാൽ കാലപ്രവാഹങ്ങളെ അതിജീവിച്ച് തകരാതെ നിലനിൽക്കുമെന്ന് തെളിയിക്കേണ്ടത് വാക്കു കൊണ്ടല്ല; ഇനിയും ബാക്കിയുള്ള ജീവിതം കൊണ്ടാണ്.

‘നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചു കൊള്ളട്ടെ’ എന്ന് ഉപദേശിക്കുന്ന സെന്റ് പോൾ ആരെയും വിധിക്കാൻ നമ്മെ അനുവദിക്കുന്നുമില്ല.
ഡൈനിംഗ് ഹാളിൽ ചായ കുടിക്കാനെത്തിയപ്പോഴേക്കും കുട്ടികൾ ജോസച്ചനെ വളഞ്ഞു. പരിഭവങ്ങളും സ്നേഹപ്രകടനങ്ങളും അന്നത്തെ വിശേഷങ്ങളുമായി കുട്ടികൾ, അല്ല അച്ചന്റെ മക്കൾ അദ്ദേഹത്തെ പൊതിഞ്ഞു. എല്ലാവരോടും കുശലങ്ങൾ പറഞ്ഞ് ഞങ്ങൾ അവർക്കൊപ്പമിരുന്നു. ചായ കഴിഞ്ഞ് പതിയെപ്പതിയെ എല്ലാവരും കളിസ്ഥലങ്ങളിലേക്കും മറ്റു ജോലികളിലേക്കുമൊക്കെ മടങ്ങി. അവസാനം ഒരാൾ മാത്രം ശേഷിച്ചു. ധനുഷ്! അവൻ അച്ചനെ കളിക്കാൻ കൊണ്ടുപോകാൻ കാത്തു നിൽക്കുകയാണ്. ഒരു വിധത്തിൽ അവനെയും സമാധാനിപ്പിച്ചയച്ച് ജോസച്ചൻ ഒരുപാടു കാര്യങ്ങൾ പറഞ്ഞു.

എട്ടു വർഷം മുമ്പ് ആശാഭവൻ ആരംഭിച്ചത്, അന്നത്തെ ബുദ്ധിമുട്ടുകൾ, ആശങ്കകൾ, പ്രതിസന്ധികൾ, പരാധീനതകൾ ഒക്കെ ആവേശത്തോടെ അച്ചൻ പറഞ്ഞു കൊണ്ടേയിരുന്നു. എല്ലാം കേൾക്കാനും ഗ്രഹിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും മനസ്സ് മറ്റെവിടെയൊക്കെയോ മേഞ്ഞു നടക്കുകയായിരുന്നു.
ലോകത്തെമ്പാടുമുള്ള നാലര ലക്ഷം കത്തോലിക്കാ പുരോഹിതൻമാരിലൊരുവൻ തന്റെ നിയോഗങ്ങൾ ദുർവിനിയോഗം ചെയ്ത് ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും തച്ചുടച്ചെങ്കിൽ അതിനു പരിഹാരമെന്നവണ്ണം, നിരാലംബരായ അനേകം കുഞ്ഞുങ്ങൾക്കു ജീവിതവും പ്രതീക്ഷകളും വീണ്ടെടുത്തു നൽകാൻ മനസ്സും ബലവും സമർപ്പണവുമുള്ള വിശുദ്ധരായ ഒരായിരം പുരോഹിതൻമാർ തീർച്ചയായും ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. അതാണു കാവ്യനീതി! ആ ദർശന വെളിച്ചമാണ് ആശാഭവൻ ഓർമ്മിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.