എന്റെ മിഷന്‍ ജീവിതത്തിലെ അവിസ്മരണീയതകൾ

അരുണാചല്‍ മിഷനില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങള്‍ പിന്നിട്ടു. ഭാഷ പഠിക്കണം. എങ്കിലേ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കൂ.

ഒരു ദിവസം കാലത്ത് കാപ്പികുടിനേരം. മേഘാലയക്കാരനായ വല്യച്ചന്‍ എന്നോട് പറഞ്ഞു. മനോജിന് ഭാഷ പഠിക്കണമെങ്കില്‍ എന്റെ കൂടെ വാ. എന്നെയും കൂട്ടി അടുത്തുള്ള ഒരു മലമുകളില്‍ എത്തിയ അദ്ദേഹം വലിയ കരിങ്കല്ലുകള്‍ കാട്ടിത്തന്ന് എന്നോട് പറഞ്ഞു. അല്പനേരത്തിനുള്ളില്‍ കുറെ ആളുകള്‍ ഇവിടെ വരും. ഈ കല്ലുകള്‍ അടിച്ച് ചെറുതാക്കാന്‍. പിന്നെ പിന്നെ അവ മെറ്റലാക്കാന്‍. പതിയെ നമ്മള്‍ ഇവിടെ ഒരു പള്ളി പണിയും. മനോജിന്റെ പണി, ഇവരുടെ ഒപ്പം ഇരുന്ന് കല്ലടിയും ഭാഷാപഠനവും.

കല്ലടിക്കാനെത്തിയവരുടെ കൂടെയിരുന്ന എനിക്ക് അവര്‍ പറയുന്ന വാക്കുകള്‍ പിടിച്ചെടുക്കുക, കല്ലടിക്കുന്നതിലും കടുപ്പമായി തോന്നി. ഉള്ളില്‍ വിങ്ങലോടെയാണ് ആ നിസ്സഹായ നിമിഷങ്ങളെ ഉന്തി നീക്കിയത്. എങ്കിലും എങ്ങനെയും ‘നിഷി’ പഠിക്കണം എന്ന് ഒടുങ്ങാത്ത ദാഹമായിരുന്നു ഉള്ളില്‍.

അറിയാവുന്ന ഹിന്ദി ഉപയോഗിച്ച് അവരില്‍ നിന്നും ആദ്യം പഠിച്ച വാക്കായിരുന്നു ‘അലങഅങ് അത്മേ’ കല്ല്! പഴഞ്ചൊല്ലുകളും പാട്ടുകളും കൂട്ടി 5-ാം മാസം നാട്ടിലെ ഒരു പനമ്പു ദേവാലയത്തില്‍ ‘നിഷി’യില്‍ പ്രസംഗിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ വീണ്ടും ആനന്ദത്തിന്റെ കുളിര്‍കാറ്റ് വീശുകയായിരുന്നു. ഒപ്പം, ആ നാട്ടിലെ മനുഷ്യര്‍ എന്റെ വാക്കുകള്‍ക്കൊപ്പം എന്നെയും കൂടെ നിറുത്തുന്നതായി ഞാന്‍ കാണുകയായിരുന്നു.

നടവഴികള്‍ തികച്ചും പരുക്കമായിരുന്നു. ദേവാലയത്തിന്റെ പണികള്‍ക്കായി അന്നാട്ടുകാരെ ഒന്നിച്ചുകൂട്ടി. മണലുവാരിയും മരം ചുമന്നും ചുമലില്‍ ചോരപൊടിഞ്ഞപ്പോഴും, കല്ലടികളും കാടുകള്‍ താണ്ടിയും കൈകാലുകള്‍ തളര്‍ന്നപ്പോഴും, കൂപ്പിപ്പിടിച്ചിരുന്ന കരങ്ങള്‍ വഴിയാവണം ഉള്ളില്‍ വീണ്ടും ആനന്ദം നിറയുകയായിരുന്നു.

ഞങ്ങളുടെ മിഷനില്‍ നിന്നും ചന്തയിലേയ്ക്കുള്ള ദൂരം ജീപ്പിന് 15 മണിക്കൂറുകള്‍ ആയിരുന്നു. ഒരിക്കല്‍  ആസാംകാരനായ പണിക്കാരും സാധനങ്ങളുമായി ആസാമില്‍ നിന്നും അരുണാചല്‍ മലകള്‍ കയറി മിഷനിലേയ്ക്ക് ജീപ്പോടിച്ച് പോവുകയായിരുന്നു. കാലത്ത് 6.00 മണിക്ക് തുടങ്ങിയ യാത്ര! 10.00 മണിക്ക് വണ്ടി നിര്‍ത്തി ചോറു കഴിച്ചു. പിന്നെ കാപ്പിക്ക് വഴിയരികിലുള്ള ഒരു കുഞ്ഞുചായക്കടയില്‍ വണ്ടി നിറുത്തുമ്പോള്‍ മണി 4.00!

മലകയറുകയായിരുന്ന ഞങ്ങള്‍ക്കെതിരെ വന്ന ട്രക്കില്‍ ഇരുന്ന പോലീസ് ഓഫീസര്‍ എന്റെ കൂടെ വന്ന ആസാമില്‍ നിന്നുള്ള പണിക്കാരെ വഴിയരികില്‍ നില്‍ക്കുന്നതുകണ്ട് ഏതോ പണിക്കായി കൊണ്ടുപോകാന്‍ അദ്ദേഹത്തോടൊപ്പം ട്രക്കില്‍ കയറാന്‍ ആജ്ഞാപിക്കുന്ന സ്വരം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. വെളുത്തവരായ അന്നാട്ടിലെ ചെറുപ്പക്കാരെ വിളിക്കാതെ അവര്‍ അടിമകളെപ്പോലെ കരുതുന്ന കറുത്തവരായ എന്റെ പണിക്കാരോടു മാത്രമായുള്ള ആജ്ഞകേട്ട് ഞങ്ങളുടെ യാത്രയിലെ തളര്‍ച്ചയും ഇനിയുള്ള ദൂരവും നേരവും കണക്കിലെടുത്ത് ഞാനപേക്ഷാ ഭാവത്തില്‍ അദ്ദേഹത്തിന്റെ ട്രക്കിന്റെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു തുടങ്ങി.

“ക്ഷമിക്കണം സര്‍, കാലത്ത് 6.00-ന് ആസാമില്‍ നിന്നും പുറപ്പെട്ടതാണ്. എല്ലാവരും ക്ഷീണിച്ചു. ഇനി 5 മണിക്കൂര്‍ കൂടി ഞങ്ങള്‍ക്ക് മല കയറണം.” പറഞ്ഞുതീരും മുമ്പ് ട്രക്കില്‍ നിന്നും ചാടിയിറങ്ങി അദ്ദേഹം എന്റെ കഴുത്തിന് കടന്നു പിടിച്ചു. പിന്നങ്ങോട്ട് അശ്ലീലങ്ങളുടെയും ആക്രോശങ്ങളുടെയും പ്രളയമായിരുന്നു. എന്റെ മുഖത്തേയ്ക്ക് തുപ്പലും തെറിപ്പിച്ച്, ഉച്ചത്തില്‍ അരിശം അടങ്ങാതെ ഗര്‍ജിച്ചുകൊണ്ടിരുന്ന അദ്ദേഹം കല്ലുപാകിയ ആ വഴിയിലേയ്ക്ക് എന്നെ ഉന്തിവീഴ്ത്തി. ആ നാട്ടുകാര്‍ ഇടയ്ക്കു കയറി അദ്ദേഹത്തെ പിടിച്ചുമാറ്റി.

ഏതാനും നിമിഷങ്ങള്‍ക്കകം വണ്ടിയുടെ പേപ്പറുകളും എന്റെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റും മറ്റും വാങ്ങി എന്നെ തനിച്ചാക്കി എന്റെ പണിക്കാരുമായി അദ്ദേഹം താഴേയ്ക്ക് പുറപ്പെട്ടു.

ഒറ്റയാക്കപ്പെട്ട ഞാന്‍ 45 മിനിട്ടുകളോളം ആ കാട്ടുവഴിയില്‍ മതിലില്‍ ചാരി നിന്നപ്പോള്‍ ഹൃദയത്തില്‍ പിന്നെയും ഒരു ആനന്ദത്തിരകൂടി ഇരച്ചുകയറുന്നത് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അവനില്‍ വിശ്വസിക്കുവാന്‍ മാത്രമല്ല, അവനെപ്രതി സഹിക്കുവാനുള്ള അനുഗ്രഹം കൂടി (ഫിലി 1:29) എനിക്കു കിട്ടിയല്ലോ എന്ന ഓര്‍മ എനിക്കേറ്റം വേണ്ടപ്പെട്ടവരും എന്റെ അധികാരികളും എന്റെ എല്ലാവരും എന്റെ കൂടെയുണ്ട്. ഞാന്‍ ഒറ്റയ്ക്കല്ല എന്ന ശക്തമായ തോന്നല്‍. ഉള്ളില്‍ നിന്നും ഉയര്‍ന്ന ഒരുതരം തകരാത്ത കരുത്ത് എന്നെ മുഖമുയര്‍ത്തി നിറുത്തുകയായിരുന്നു.

അവിശ്വസനീയമായ വിധം ക്ഷമാപണവുമായി മടങ്ങിയെത്തിയ പോലീസ് ഓഫീസര്‍ എന്റെ കരം കടന്നു പിടിച്ചപ്പോള്‍ ആ പ്രേഷിതമണ്ണില്‍ നിശ്ശബ്ദ പ്രാര്‍ത്ഥനയുടെ മറുപടിയായി ഒരു പോലീസ് ഓഫീസറുടെ മാനസാന്തരം എന്ന അനന്യസൗഭാഗ്യം കൂടി എനിക്ക് സ്വന്തമാവുകയായിരുന്നു.

എന്റെ മിഷന്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ചിത്രം എന്തിനും ഏതിനും ഈശോയുടെ  നാമം എടുത്ത് ആര്‍ത്തിയോടും, ആശ്രയബോധത്തോടും കൂടി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഹൃദയം തുറന്നു ചിരിക്കുന്ന ആ നാട്ടിലെ ജനങ്ങളുടെ മുഖങ്ങളാണ്. ഈശോയെപ്പറ്റി അവരോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ പാട്ടുകളായാണ് അവര്‍ കേട്ടത്. അവനെപ്പറ്റി പാടിയ പാട്ടുകളെ നൃത്തച്ചുവടുകള്‍ കൊണ്ടാണവര്‍ എതിരേറ്റത്. ആ വിശുദ്ധ മണ്ണിലെ പ്രേഷിത നാളുകള്‍ എനിക്കുതന്നെ അനേകായിരം സുകൃതങ്ങളില്‍ ഏതാനും ചിലതാണിവ.

ഒരു നിഷി ഗാനമുണ്ട്:

Atuge Sisengam Higekam Chingmaden
Angping angrap made be,
Mopup deback minstuj. Tok Tok, Tak Ta

ആരുടേയും മരണനേരം ആര്‍ക്കും അറിയില്ലല്ലോ. അതിനാല്‍ വിടപറയും മുമ്പ് നമുക്ക് പരസ്പരം ആഴത്തില്‍ സ്‌നേഹിക്കാം.

ഫാ. മനോജ്‌ പരുവംമൂട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.