ആന്ധ്രാ പ്രദേശ് കേരളത്തിനൊപ്പം മുട്ടാറിലെ ബോബന്‍ സാറിലൂടെ

ശില്പ രാജന്‍

“ദിവസവും പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും കാണുന്ന കാഴ്ച്ചകള്‍ അവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അയല്‍ സംസ്ഥാനത്ത് ഉള്ളവര്‍, ഇത്തരത്തില്‍ വിശപ്പിനോടും ജീവിതത്തോടും മല്ലിടുമ്പോള്‍ ഇങ്ങ് ആന്ധ്രാപ്രദേശില്‍ സമാധാനമായി കഴിയാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു.” ശ്രീ. ബോബന്‍ ആന്റണി ലൈഫ് ഡേയോട് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ സെന്റ്‌ തോമസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രധാന അധ്യാപകനാണ് അദേഹം.

അദ്ദേഹം ആന്ധ്രാപ്രദേശില്‍ നിന്ന് കുട്ടനാടിനായി ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച അനുഭവം ലൈഫ് ഡേയുമായി പങ്കുവയ്ക്കുന്നു.

വേദനയില്‍ മുഴുകിയ അയല്‍ സംസ്ഥാനം   

കേരളത്തിലെ ഒരു ആഴ്ചയില്‍ അധികം നീണ്ടു നിന്ന പ്രളയം വലിയ ദുരന്തമാണ് സൃഷ്ടിച്ചത്. ലോകം ഏറെ വേദനയോടെയാണ് കേരളത്തിന്റെ അവസ്ഥയെ കൈക്കൊണ്ടത്. ഒട്ടേറെ ദേശീയ മാധ്യമങ്ങള്‍ ഇതൊക്കെ അവഗണിച്ചെങ്കിലും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിനു ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക പിന്തുണയ്ക്ക് പുറമേ, മലയാളികളെ എങ്ങനെയൊക്കെ സഹായിക്കാം എന്നായി ചിന്ത. ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ കേരളത്തിലേക്ക് എത്തിക്കാം എന്നായി തീരുമാനം. ആവശ്യമായി അരി,പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ കേരളത്തിലേക്ക് എത്തിക്കാം എന്ന തീരുമാനത്തില്‍ അങ്ങനെ എത്തി.

പോട്ടി ശ്രീരാമലു മെമ്മോറിയല്‍ ട്രസ്റ്റ്‌

കേരളത്തിലെ ആളുകളുടെ വേദനയില്‍ പങ്കു ചേരാനും തങ്ങളാല്‍ കഴിയാവുന്ന സഹായം  നല്‍കാനും ഒക്കെയായി പോട്ടി ശ്രീരാമലു മെമ്മോറിയല്‍  ട്രസ്റ്റാണ് മുന്നോട്ട് വന്നത്.

പോട്ടി ശ്രീരാമലുവിന്റെ പേരില്‍ തുടങ്ങിയ സംഘടനയ്ക്ക് ഇത്തരം ഒരു ആശയം തോന്നിയതില്‍ ആശ്ചര്യപ്പെടെണ്ടതില്ല. ശ്രീരാമലു എന്നാ വിപ്ലവനായകന്‍റെ പേരിലുള്ള സ്ഥാപനം എന്നും സാമൂഹിക രംഗത്ത് അതിന്റെ പ്രതിബദ്ധതയും ഉത്തരവാദിത്വവും കാണിക്കും. കര്‍ണാടകയുടെ സ്ഥാപകനായ ശ്രീ രാമലുവിനെ, ഗാന്ധി ഏറെ അനിയോജ്യമായി തന്നെയാണ് വിലയിരുത്തിയത്. രാമലുവിനെ പോലെ 11 പേര്‍ ഉണ്ടെങ്കില്‍, സ്വാതന്ത്ര്യം നേടിയെടുക്കാം എന്ന ഗാന്ധിയുടെ പ്രശംസ തന്നെയാണ്, ശ്രീരാമലു എന്ന വ്യക്തിയെ വിശേഷിപ്പിക്കാന്‍ ഏറ്റവും നല്ല വാക്ക്.

ട്രസ്റ്റിന്റെ പ്രസിഡന്റ്റായ ശ്രീ. ബി. രാജാ റാവുവിന്റെ നേതൃത്വത്തിലാണ് ട്രസ്റ്റ് കേരളത്തിനായി സഹായം എത്തിച്ചത്.

മലയാളിയായ ബോബന്‍ ആന്‍റണിയിലേക്ക്

അങ്ങനെ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തയ്യാറായി. കേരളത്തിലേക്ക് എത്തിക്കാനുള്ള ഭക്ഷ്യ വസ്തുക്കളുടെ തയ്യാറെടുപ്പുകളും കഴിഞ്ഞു. ഇവയൊക്കെ കേരളത്തിലേക്ക് എത്തിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ്, ഇവയൊക്കെ എവിടെ നല്‍കണം എന്ന ആശയക്കുഴപ്പം ഉണ്ടാവുന്നത്.

അങ്ങനെ മലയാളിയും മുട്ടാര്‍ സ്വദേശിയുമായി ബോബന്‍ ആന്‍റണിയുടെ അടുത്തെത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. എങ്ങനെയാണ്, എവിടെയൊക്കെയാണ് ആവശ്യക്കാര്‍ കൂടുതല്‍ എന്ന വിലയിരുത്തലും നടത്തി. പ്രളയം ജനങ്ങളെ ഏറ്റവും രൂക്ഷമായി ബാധിച്ചത് ആലപ്പുഴയും കുട്ടനാടും ഒക്കെയാണെന്ന് അറിഞ്ഞപ്പോള്‍ സാധനങ്ങള്‍ അങ്ങോട്ട്‌ തന്നെ എത്തിക്കാം എന്ന് തീരുമാനിച്ചു. 1100 കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന കിറ്റുകളായാണ് സാധനങ്ങള്‍ എത്തിയത്.  10 കിലോഗ്രാം അരി, ഉരുളക്കിഴങ്ങ്, ഉള്ളി, എണ്ണ, മസാലകള്‍ അങ്ങനെ 700 – ഓളം രൂപ വിലമതിക്കുന്ന ഓരോ കിറ്റുകളാണ് എല്ലാവര്‍ക്കുമായി നല്‍കിയത്. ഉത്രാടത്തിനും, തിരുവോണത്തിനുമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. മുട്ടാര്‍, തലവടി, മിത്രക്കരി, ചെത്തിപ്പുഴ, മാടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് കിറ്റു വിതരണം നടത്തിയത്.

 ശില്പ രാജന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.