മാധ്യമ ദൈവശാസ്ത്രത്തിന് ഒരാമുഖം – 1

1. ആരംഭം

മാധ്യമ ദൈവശാസ്ത്രം ഒരു പുതിയ വിഷയമല്ല. ആദിമനൂറ്റാണ്ട് മുതൽ ഇന്നുവരെയുള്ള സഭയുടെ പ്രേഷിതത്വവും പ്രവർത്തനവും പഠിക്കുമ്പോൾ വ്യക്തമാകുന്നത്, കത്തോലിക്കാ സഭ കൃത്യമായ ഒരു മാധ്യമ ദൈവശാസ്ത്രത്തിന്റെ ഉടമയായിരുന്നുവെന്നതാണ്. എന്നാൽ ആത്യാധുനിക നൂറ്റാണ്ടിൽ സഭ ഈ രംഗത്ത് പിന്നോട്ടടിഞ്ഞുവെന്ന വ്യക്തിപരമായ തോന്നലാണ് മാധ്യമ ദൈവശാസ്ത്രത്തിന് ഒരു ആമുഖ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലുമുള്ള നവമാധ്യമങ്ങളുടെ സുഭിക്ഷമായ ഉപയോഗവും ഈ ലേഖനത്തിനു പ്രേരണയായി.

നവമാധ്യമം ഇന്ന് ഭൂരിഭാഗം മനുഷ്യരുടെയും അനുദിനജീവിതത്തിന്റെ ഭാഗമായി. മാധ്യമത്തിന്റെ ഉപയോഗം ഒരിക്കലും തെറ്റല്ല. മനുഷ്യൻ എന്നും ഏതെങ്കിലും മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നവനാണ്. ഇന്ന് നമ്മൾ എങ്ങനെ മാധ്യമം ഉപയോഗിക്കുന്നുവെന്നതിൽ ഏറെ കാര്യമുണ്ട്. മാധ്യമങ്ങളിലൂടെ പരസ്പരം പഴിപറയുന്നതും കുറ്റം വിധിക്കുന്നതും മാധ്യമധർമ്മത്തിൽ പെടുന്നില്ല്ലായെന്നതും വിസ്മരിച്ചുകൂടാ. മാധ്യമങ്ങൾ ഫലപ്രദമായി പ്രേഷിതപ്രവർത്തനത്തിനും സത്യാന്വേഷണത്തിനും ഉപയോഗിക്കുന്നതിലാണ് യഥാർത്ഥ ക്രൈസ്തവ മാധ്യമപ്രവർത്തനം അടങ്ങിയിരിക്കുന്നത്. മതതീവ്രവാദികളോ മാധ്യമതീവ്രവാദികളോ ആകാതിരിക്കാൻ ക്രൈസ്തവമായ ഒരു മാധ്യമ ദൈവശാസ്ത്രം ഓരോ വിശ്വാസിയും സ്വായത്തമാക്കേണ്ടതുണ്ട്. എന്നാൽ “മൺപാത്രങ്ങളിലെ നിധിയാണ്” മാധ്യമം. താഴെ വീണാൽ നിധി മാത്രമല്ല, മൺപാത്രവും പൊട്ടും. അതുകൊണ്ട് ക്രൈസ്തവർക്കുവേണ്ടി മാത്രമുള്ള ഒരു കുറിപ്പാണ് ‘മാധ്യമ ദൈവശാസ്ത്രത്തിന് ഒരാമുഖം.’

2. മാധ്യമവിപ്ലവം അന്നും ഇന്നും 

ക്രിസ്തു കൃത്യമായ ഒരു മാധ്യമവിപ്ലവം തന്നെ നടത്തി. മലമുകളിലും കടലോരത്തും തെരുവിലും സമതലത്തിലും ഗ്രാമത്തിലും നഗരത്തിലും ദേവാലയത്തിലും ഭവനങ്ങളിലും അവിടുന്ന് പ്രസംഗിച്ചു, ചോദ്യങ്ങൾക്ക് ഉത്തരം നൽകി, പ്രവർത്തിച്ചു, മാതൃക കാട്ടി. നിരന്തരം കർമ്മനിരതനും വാചാലനിരതനുമായിക്കൊണ്ട് വലിയൊരു മാധ്യമവിപ്ലവം തന്നെയാണ് അന്ന് ക്രിസ്തു നടത്തിയത്.

വാമൊഴിയായിരുന്നു ക്രിസ്തുവിന്റെ മാധ്യമം. തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ചില ആശയങ്ങളും സത്യങ്ങളും പ്രസംഗരൂപത്തിൽ അവതരിപ്പിച്ചും ദൈവഹിതവും ദൈവവചനവും അവിടുന്ന് പങ്കുവച്ചു. അവ മനുഷ്യനന്മയ്ക്കുള്ള സ്നേഹോപദേശങ്ങളായിരുന്നു. ക്രിസ്തുവിന്റെ സന്ദേശം വാമൊഴിയായി കൈമാറപ്പെട്ടു. ക്രിസ്തുവിന്റെ ശിഷ്യർക്കും ആദിമനൂറ്റാണ്ടുകളിൽ വാമൊഴിയായിരുന്നു മാധ്യമം. കഥകളിലൂടെ ക്രിസ്തു തന്റെ സന്ദേശം പ്രചരിപ്പിച്ചു. ക്രിസ്തുവിന്റെ സന്ദേശം വ്യക്തമാകാൻ ക്രിസ്തുവിന്റെ സന്ദേശവാഹകരും ക്രിസ്തുവിനെപ്പോലെ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി.

അങ്ങനെ ക്രിസ്തുവിന്റെ മാധ്യമവിപ്ലവത്തിൽ ക്രിസ്തുശിഷ്യരും പങ്കാളികളായി. ക്രിസ്തുവിനും ക്രിസ്തുവിന്റെ ശിഷ്യർക്കും തങ്ങളുടെ അനുഭവവും ബോധ്യവും പ്രസംഗിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നൂറു ശതമാനവും ആത്മാര്‍ത്ഥതയുണ്ടായിരുന്നു. അതുകൊണ്ടാണ് തങ്ങള്‍ അനുഭവിക്കുന്ന സത്യം പ്രചരിപ്പിക്കാൻ ജീവൻ ത്യജിക്കാൻപോലും അവർ തയ്യാറായത്. എന്നാൽ അത് ആരെയെങ്കിലും വെല്ലുവിളിച്ചോ ആർക്കെങ്കിലും എന്തെങ്കിലും തിന്മ വരുത്തിയോ ഏന്തെങ്കിലും നുണ പറഞ്ഞോ ആയിരുന്നില്ല. സ്നേഹിച്ചും സഹിച്ചും ത്യജിച്ചും ആർജ്ജിച്ചെടുത്ത ആധികാരികതയുടെ പിന്‍ബലത്തിലായിരുന്നു ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യരുടേയും മാധ്യമവിപ്ലവം.

സംസാരിക്കാനുള്ള കഴിവായിരുന്നു ആദിമകാല ക്രൈസ്തവമാധ്യമത്തിന്റെ നിര്‍ണ്ണായകഘടകം. അതോടൊപ്പം ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വേണ്ടി ജീവൻ ത്യജിക്കാൻ മാത്രമുള്ള സമർപ്പണവും. ജറുസലേമിൽ തുടങ്ങി ഈജിപ്ത്, ഗ്രീസ്, റോം, മാൾട്ട, ഇന്ത്യ വരെ എന്നുവച്ചാൽ അന്ന് റോമാക്കാർ എത്തിച്ചേർന്ന എല്ലായിടത്തും അവർ എത്തിപ്പെടാതിരുന്ന ചില സ്ഥലങ്ങളിലും ക്രിസ്തുസന്ദേശമെത്തിക്കാൻ അവർക്കായി. ഒട്ടുമിക്കയിടങ്ങളിലും റോമക്കാരും ഗ്രീസുകാരും യഹൂദരും ഉണ്ടായിരുന്നതും യൂദ ഭാഷയും ലത്തീനും ഗ്രീക്കും മിക്കവാറും ഇടങ്ങളിൽ പലരും സംസാരിച്ചിരുന്നതും ആശയവിനിമയം എളുപ്പവും വേഗത്തിലുമാക്കി.

വരമൊഴി വി. പാലോസിന്റെ ലേഖനങ്ങൾ മുതലാണ് തുടങ്ങുന്നത്. കാലങ്ങൾ കഴിഞ്ഞപ്പോൾ ബൈബിൾ രചിക്കപ്പെട്ട ഭാഷകൾ പുരാതനഭാഷകളായി മാറി. ശ്രോതാക്കളിൽ ഭൂരിഭാഗത്തിനും എഴുത്തും വായനയും അറിയില്ലായിരുന്നുതാനും. വചനപ്രഘോഷകർ പ്രസംഗിച്ചത് നേരിട്ട് കേട്ടതും ചിത്രകാരൻ ദേവാലയങ്ങളുടെയും ആശ്രമങ്ങളുടെയും ഭിത്തിയിലും തട്ടിലും വരച്ചത്‌ കണ്ടാസ്വദിച്ചും ഉൾക്കൊണ്ട സന്ദേശമായിരുന്നു വിശ്വാസി സ്വീകരിച്ചത്.

അച്ചടി തുടങ്ങിയപ്പോൾ ക്രൈസ്തവർ അച്ചടിയുടെ ആരംഭകരായി. ആയിരത്തിനാനൂറ്റി നാല്പതിലാണ് പ്രിന്റിങ് പ്രസ് കണ്ടുപിടിച്ചത്. ആദ്യം അച്ചടിക്കപ്പെട്ട പുസ്തകം ബൈബിളായിരുന്നു. ഇതിനകം ഏറ്റവുമധികം അച്ചടിക്കപ്പെട്ട പുസ്തകവും ബൈബിളാണ്. ആയിരത്തിഅഞ്ഞൂറ്റി ഇരുപത്തിയൊന്നിലാണ് ലൂഥർ മാതൃഭാഷയിലേയ്ക്ക് ബൈബിൾ വിവർത്തനം ചെയ്തത്. അന്നത്തെ സാമൂഹ്യമാധ്യമമായ, അച്ചടിച്ച പുസ്തകമായി മാതൃഭാഷയിൽ സാധാരണക്കാർക്ക് ബൈബിൾ ലഭിച്ചപ്പോൾ അത് വലിയൊരു മാധ്യമവിപ്ലവമായിരുന്നു. വായിക്കാനറിയാത്തവര്‍ക്ക് മാതൃഭാഷയിൽ ബൈബിൾ കേൾക്കാൻ സാധിച്ചുവെന്നതും എടുത്തുപറയണം. ഇന്നത്തെ ഇന്റർനെറ്റ്, ഫേസ്ബുക്ക്, വാട്സ്ആപ്, യു ട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ പോലെയായിരുന്നു അന്ന് അച്ചടിശാല. “ദൈവകൃപയുടെ മനോഹര കർമ്മം” എന്നാണ് അന്ന് ലൂഥർ അച്ചടിശാലയെന്ന സാമൂഹ്യമാധ്യമത്തെ വിശേഷിപ്പിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ കണ്ടുപിടുത്തമായിരുന്നു റേഡിയോയും ടെലിഫോണും ടെലിവിഷനും. ബ്രോഡ് കാസ്റ്റിംഗ്, അച്ചടിയെ നിഷ്പ്രഭമാക്കുമെന്നു തോന്നിക്കുമാറ് മാധ്യമരംഗത്ത് അവ വലിയൊരു ട്വിസ്റ്റ് തന്നെ സൃഷ്ടിച്ചു. “എനിക്കൊരു സ്വപ്നമുണ്ട്” എന്നുപറഞ്ഞ് മാർട്ടിൻ ലൂഥർ കിങ്ങിന് തന്റെ സ്വപ്നത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ജനങ്ങളിലെത്തിക്കാനായത് സാമൂഹ്യമാധ്യമങ്ങൾ വഴിയാണ്. പുതിയ മാനങ്ങൾ കൈവരിച്ച മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അത്രയും പെട്ടെന്ന് മാർട്ടിൻ ലൂഥർ കിങ്ങിന് ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാനാകില്ലായിരുന്നു. അതുപോലെ തന്നെ ബിൽ ഗ്രാമും കെ.പി. യോഹന്നാനും (മോറാൻ മോർ അത്തനാസിയൂസ് യോഹാൻ) മാധ്യമങ്ങളുടെ ഉപയോഗം വഴി ലക്ഷ്യങ്ങൾ നേടിയവരാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് മാധ്യമം ആർക്കും ഏതവസരത്തിലും ഉപയോഗിക്കാനും മാത്രം ലഭ്യമായത്. മാധ്യമവിപ്ലവത്തിന്റെ ഏറ്റവും പുതിയ മാനങ്ങളാണ് www., http, url, dsl, Friendfeed, my space, twitter, facebook, Pinterest, Friendster, google, blog, You Tube തുടങ്ങിയ നവമാധ്യമ സംവിധാനങ്ങൾ. ടെലിവിഷൻ ചാനൽ ഇന്ന് ആർക്കും ഇന്റെർനെറ്റ് വഴി തുടങ്ങാനാകും. വാർത്തയുടെ റിപ്പോർട്ടർ ആകാൻ ഇന്ന് എല്ലാവർക്കും സാധിക്കും. തെറ്റായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത്, അത് സത്യമെന്ന് അനേകരെ വിശ്വസിപ്പിക്കാനും ശരിയായ വാർത്തകൾ റിപ്പോർട്ട് ചെയ്ത് സത്യത്തിന്റെ വഴികാട്ടികളാകുവാനും ആർക്കുമാകും.

ക്രൈസ്തവർക്ക് ഇന്ന് വാമൊഴി മുതൽ ഓൺലൈൻ വരെയുള്ള എല്ലാവിധ മാധ്യമങ്ങളും ഉപയോഗിക്കാനുള്ള അവസരമുണ്ട്. എല്ലാവിധ മാധ്യമങ്ങളും അവര്‍ ഇന്ന് ഉപയോഗിക്കുന്നുണ്ടുതാനും. ദൈവവചനവും സഭാചരിത്രവും ദൈവശാസ്ത്രവും പഠിച്ചവരും പഠിക്കാത്തവരും, ആധികാരികമായി കാര്യങ്ങള്‍ അവതരിപ്പിക്കാൻ പ്രാപ്തിയുള്ളവരും ഇല്ലാത്തവരും അധികാരികമായിത്തന്നെ പല വിഷയങ്ങളെക്കുറിച്ചും നവമാധ്യമങ്ങളിലൂടെ പഠിപ്പിക്കുന്നുണ്ട്.

ലൂഥറിന്റെ കാലത്ത് അച്ചടി എന്ന മാധ്യമം സഭയെ തിരുത്തുവാനും നയിക്കുവാനും സഹായിച്ചതുപോലെ തന്നെ, സഭയെ പിളർത്തുവാനും നിരപരാധികളായ നിരവധി ആളുകളെ കൊന്നൊടുക്കുവാനും കുപ്രസിദ്ധമായ മുപ്പതു വര്‍ഷത്തെ യുദ്ധം മൂലം ജർമ്മനിയിൽ സമാധാനം തകർക്കുവാനും കുറെയെല്ലാം മാധ്യമവിപ്ലവം അന്ന് കാരണമായി. അതിന്റെ ഭീകരത അഞ്ഞൂറ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മാറിയിട്ടില്ല. ഇന്ന് നവമാധ്യമങ്ങളിലൂടെ, അന്തിമവാക്ക് തന്റേതാണെന്ന് പലരും അവകാശപ്പെടുകയും പലരും ബിനാമി നാമത്തിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഊമക്കത്തു പോലെ ഉടയവനില്ലാത്ത ലേഖനങ്ങളും പ്രസ്താവനകളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടിന്ന്. സത്യം അസത്യമാക്കാനും അസത്യങ്ങൾക്ക് സത്യത്തിന്റെ കുപ്പായം കൊടുക്കാനും തന്ത്രപരമായ ശ്രമങ്ങളും നടക്കുന്നുണ്ട്. സഭാസ്നേഹികളെ സഭാവിരോധികളെന്നു മുദ്രകുത്താനും, സഭാവിരോധികളെ സഭാസ്നേഹികളായി അവരോധിക്കാനും നവമാധ്യമങ്ങൾ കാരണമായി. വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടായതുകൊണ്ട് ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം നവമാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധാരണ വിശ്വാസികൾ അനിശ്ചിതരായി. അതുകൊണ്ട് ദൈശാസ്ത്രപഠനങ്ങളിലും മതപഠനക്ലാസുകളിലും മാധ്യമപരിശീലനവും മാധ്യമ ദൈവശാസ്ത്രപഠനവും ആവശ്യമാണ്‌.

ആപ്പുകളുടെയും ലാപ്പുകളുടെയും ലോകമാണിന്ന്‌. സാമൂഹിക-രാഷ്ട്രീയ -സാമ്പത്തിക-മത- വ്യവസായ-വിദ്യാഭ്യാസരംഗങ്ങളിൽ ഇവ ഉപയോഗിക്കപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്നതും കാലാകാലങ്ങളിൽ ലളിതമാകുന്നതുമായ മാധ്യമത്തിന്റെ ഇന്നത്തെ വിപ്ലവകരമായ നവസാധ്യതകൾ ഉപയോഗിക്കപ്പെടാത്ത മണ്ഡലങ്ങൾ ഇന്ന് ഒന്നുംതന്നെയില്ല. ഇതുവരെയുള്ള പല ശൈലികളും ആപ്പുകൾ മാറ്റിമറിച്ചു. ആരംഭകാലത്ത് അല്പം റിസ്‌കോടു കൂടി എടുത്തുചാടിയവർ വിജയങ്ങൾ കൊയ്‌തു. പരിവർത്തനത്തിന് തയ്യാറായവരും പരിവർത്തനത്തിന് നേതൃത്വം കൊടുത്തവരും വിജയശ്രീലാളിതരായി. ഓൺലൈൻ സമൂഹങ്ങൾ സൃഷ്ടിച്ചെടുക്കാനും ഓൺലൈൻ ശ്രോതാക്കളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ശ്രമം എല്ലായിടത്തും ദൃശ്യമാണ്. പല ലക്ഷ്യങ്ങളാണ് അതിനു പിന്നിൽ. സഭയ്ക്കും നിലനില്പും ഭാവിയും ഉണ്ടാകണമെങ്കിൽ മാധ്യമരംഗത്ത് കാലാനുസൃതമായ പരിണാമവും പരിശീലനവും പരിവർത്തനവും അനിർവാര്യമാണ്.

മനുഷ്യര്‍ പരസ്പരം ബന്ധപ്പെടുകയും ആശയങ്ങള്‍ കൈമാറുകയും വഴി സാധിതമാകുന്ന ശക്തിയും സ്വാധീനവും വളരെ വലുതാണ്. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് വരുത്തിവയ്ക്കുന്ന ദുരന്തവും വലുതായിരിക്കും. പാർക്കിലോ, കടല്‍ത്തീരത്തോ, മലമുകളിലോ, പുരപ്പുറത്തോ നിന്നും ഇരുന്നും നടന്നും പറയുന്നതും പ്രകടിപ്പിക്കുന്നതും ഭവനത്തിലിരുന്നോ, സായാഹ്നസവാരിക്കിടയിലോ, വാഹനത്തിലിരുന്നോ, പാർക്കിലോ, വഴിയോരത്തോ ശ്രവിക്കാനും ദർശിക്കാനും കഴിയുകയെന്നത് ആനുകൂല്യവും ആഡംബരവും തന്നെയാണ്. സഭാപരമായ വാർത്തകൾ നൽകുവാനും ആരാധനാക്രമസമയം തിരുത്തി അറിയിക്കുവാനും മാത്രമുള്ള മാർഗ്ഗമല്ല മാധ്യമം. നവമായ ശൈലിയിലും രീതിയിലും ക്രൈസ്തവസന്ദേശം പ്രഘോഷിക്കുവാനുള്ള മാധ്യമം കൂടിയാണിത്. ക്രൈസ്തവദർശനങ്ങൾ നവമാധ്യമങ്ങളിലൂടെ നവമായ ശൈലിയിൽ പ്രചരിപ്പിക്കുന്നത് പ്രേഷിതയായ സഭയുടെ സ്വഭാവവും ഉത്തരവാദിത്വവുമാണ്. മാധ്യമ ദൈവശാസ്ത്രം സഭയുടെ പ്രേഷിത ദൈവശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അന്ന് എന്നതുപോലെ ഇന്നും പ്രേഷിതയായ സഭ മാധ്യമവിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകേണ്ടത് കാലത്തിന്റെ നീതിയാണ്.

തുടരും 

ഡോ. ജോസഫ് പാണ്ടിയപ്പള്ളില്‍ mcbs 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.