ആന വരുന്നേ… കടുവ വരുന്നേ… ഓടിക്കോ!!!

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍

“എന്റെ ഉപ്പാപ്പന് ഒരു ആനയുണ്ടായിരുന്നു.” പണ്ട് ഒരു കുടുംബത്തിൽ ആന ഉണ്ടെന്നു പറയുന്നത് ഒരു ഗമയായിരുന്നു!!! എന്റെ ചെറുപ്പത്തിൽ, ആനയെ കാണാനുള്ള ആഗ്രഹത്താൽ പലപ്പോഴും സർക്കസ് കാണാൻ വാശിപിടിച്ച് ഒത്തിരി കരഞ്ഞിട്ടുണ്ട്. ഇത്ര വലിയ ആനയെ മനുഷ്യൻ നിസ്സാരമായി മെരുക്കിയെടുക്കുന്നത് കണ്ട് അതിശയിച്ചുപോയിട്ടുണ്ട്. ആനപ്പുറത്ത് കുട്ടികൾ കയറുകയും ആനയുടെ ചുറ്റും അവര്‍ ഭയമില്ലാതെ വലംവച്ചു നടക്കുകയും ആനവാൽ മോതിരം ഉണ്ടാക്കാൻവേണ്ടി ചില വിരുതന്മാർ ആനയുടെ വാലിലെ രോമത്തെ പിടിച്ചുവലിക്കുകയും ചെയ്യുമ്പോളും ആന അനങ്ങാതെ നില്‍ക്കുന്നതുകണ്ട് ഓർത്തുപോയിട്ടുണ്ട്, ആന എത്ര പാവം ജീവിയാണെന്ന്.

പക്ഷേ, ഈയിടെ കേട്ട ആനയെക്കുറിച്ചുള്ള വാർത്തകൾ ഭയപ്പെടുത്തുന്നതായിരുന്നു. ഒരിക്കൽ എന്റെ ചെറുപ്പത്തിൽ, ഞങ്ങളുടെ സ്കൂളിൽ ഒരു നാടകം നടക്കുകയായിരുന്നു. അമ്പലപ്പറമ്പിലെ ആനയ്ക്ക് മദമിളകിയെന്നും “ആന വരുന്നേ… ഓടിക്കോ…” എന്നും പറഞ്ഞുകൊണ്ട് കുറേപ്പേര്‍ സ്റ്റേജിലേയ്ക്ക് ഓടിക്കയറി. ഞാനും പേടിച്ച്, അവരുടെ കൂടെ ഓടിക്കേറി. ലൈറ്റ് വന്നപ്പോഴാണ് മനസ്സിലായത് അവരൊക്കെ നാടകത്തിൽ അഭിനയിക്കുന്നവരായിരുന്നു എന്ന്. ഞാൻ ഇളിഭ്യനായി തിരിച്ചുപോന്നു. അന്നേ ആനയെ പേടിയായിരുന്നു.

ഇന്നലെ ഞങ്ങളുടെ മേരിചേച്ചിയുടെ പറമ്പിൽ ആന കയറി ഒത്തിരി നാശനഷ്ടങ്ങൾ വരുത്തി. കണ്ണൂർ ജില്ലയിലെ ആറളം ഫാമിനടുത്താണ് അവരുടെ വീട്. ഇതറിഞ്ഞ ഐപ്പ് ചേട്ടൻ ഓടിക്കിതച്ച് പെങ്ങളുടെ അടുത്തെത്തി. പുതിയ വീട് വച്ചിട്ട് അഞ്ച് വർഷമായിട്ടും വരാത്ത സഹോദരനെ കണ്ട്, എപ്പോഴും സരസമായി സംസാരിക്കുന്ന മേരിചേച്ചി പറഞ്ഞു: “ആന പറമ്പിൽ കയറിയാലെന്താ, ആങ്ങള വന്നല്ലോ!” പാർട്ടി പ്രവർത്തകനായ ഐപ്പ് ചേട്ടന് സ്വന്തം കാര്യം നോക്കാൻ പോലും എവിടെ സമയം (ഞാനൊരു രഹസ്യം പറയാം, ഐപ്പ് ചേട്ടൻ എന്റെ ചാച്ചൻ ആണ്). ആങ്ങള വന്ന സന്തോഷത്തിൽ മേരിചേച്ചി ആനയുടെ കാര്യം മറന്നുപോയെങ്കിലും, പറമ്പിന്റെ അവസ്ഥ കണ്ടാൽ ആരുടേയും ചങ്ക് തകർന്നുപോകും.

ഒത്തിരി “മൃഗസ്നേഹികൾ” കാട്ടുജന്തുക്കളായി മാറുമ്പോൾ, കാട്ടിലെ ജന്തുക്കൾ നാട്ടിലിറങ്ങി വിലസിയാലും കുഴപ്പമില്ലല്ലോ!! ഒരു പാവം കർഷകൻ എങ്ങനെ ഈ മൃഗങ്ങളെ സ്നേഹിക്കും? ഒത്തിരി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, പ്രതീക്ഷയോടെ അവൻ വളർത്തിയ അവന്റെ ചേനയും ചേമ്പും കാച്ചിലും കപ്പയും വാഴയും പച്ചക്കറികളുമൊക്കെ നശിപ്പിക്കപ്പെടുമ്പോൾ എന്തുചെയ്യണം? പ്രതികരിക്കാൻ ഭയക്കുന്ന കർഷകന്റെ നെഞ്ചത്തുകേറി താളം ചവിട്ടുന്ന അധികാരികളോട് എന്തു പറയാൻ?

പണ്ടേ വിലയില്ലാത്തത് മനുഷ്യനാണല്ലോ!!! ഈ ആധുനിക നൂറ്റാണ്ടിൽ നാം കാണുന്നുണ്ടല്ലോ, നൊന്തുപെറ്റ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേയ്ക്ക് എറിയുന്ന മക്കൾ, ഒരുതുണ്ടു ഭൂമിക്കുവേണ്ടി കൂടപ്പിറപ്പിനെപ്പോലും കൊല്ലാന്‍ തയ്യാറാകുന്നവർ, വിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ജീവിതപങ്കാളിയെ കൊല്ലുവാൻ തയ്യാറാകുന്നവർ, ഉദരത്തിൽ വളരുന്ന കുഞ്ഞിനെ നിഷ്ഠൂരം ഭ്രൂണഹത്യ ചെയ്യാൻ മടിക്കാത്തവർ… അങ്ങനെ ആരാണ് മനുഷ്യന് വില കൽപിക്കുന്നത്? സ്വന്തം ജീവനുപോലും വില കൽപിക്കാതെ ആത്മഹത്യ ഫാഷനാക്കി മാറ്റിയ ഒരു ജനതയോട് എന്തു പറയാൻ? മനുഷ്യൻ സൃഷ്ടിയുടെ മകുടമാണെന്നും ദൈവം അവന് ഒത്തിരി വിലകൽപിക്കുന്നുവെന്നും മനുഷ്യൻ മറന്നുപോകുന്നു.

കഴിഞ്ഞ നാളിൽ, ഒരു ആനയും കുഞ്ഞും കൊല്ലപ്പെട്ടപ്പോൾ സങ്കടപ്പെട്ട്, വിഷമിച്ച്, പ്രതികരിച്ച് കുറിപ്പെഴുതിയ പ്രശസ്തരായ ആരുംതന്നെ ഇപ്പോൾ ആനയും കടുവയും ചേർന്ന് പല മനുഷ്യരെയും പിച്ചിക്കീറുമ്പോൾ പ്രതികരിക്കുന്നില്ല. സ്വന്തദേശത്തിനുവേണ്ടി ജവാന്മാർ യുദ്ധത്തിൽ മരിച്ചുവീഴുമ്പോഴും അവരെക്കുറിച്ച് ഓർക്കാൻപോലും ആരും തയ്യാറാകുന്നില്ല. വിലയില്ലാത്തത് മനുഷ്യനു മാത്രം!!!

ഇന്ന്, ശാസ്ത്രസാങ്കേതിക വിദ്യകളിൽ മനുഷ്യർ ഉയരുമ്പോഴും അവന്റെ മനുഷ്യത്വം നശിച്ചുകൊണ്ടിരിക്കുന്നു. സുഹൃത്തേ, ഇനിയെങ്കിലും കാഴ്ചപ്പാടുകൾ മാറേണ്ടിയിരിക്കുന്നു. ഉൾക്കാഴ്ചകൾ ലഭിക്കേണ്ടിയിരിക്കുന്നു. ഓർക്കുക, താൻ കൃഷിചെയ്യുന്ന വിളകൾ സംരക്ഷിക്കാൻ ഒരു കർഷകന് അവകാശമില്ലേ? ഇനിയും വന്യമൃഗങ്ങൾ ചവിട്ടിമെതിച്ചു കടന്നുപോകുമ്പോൾ കൃഷിഭൂമി നോക്കിനിന്ന് കരയാനാണോ മലയോരകർഷകരുടെ ജീവിതം അവശേഷിക്കുന്നത്? ഉത്തരം നൽകേണ്ട അധികാരികൾ എന്തേ മൗനം പാലിക്കുന്നു? കർഷകന്റെ വിയർപ്പുതുള്ളികൾ ചുടുനിണം പോലെ വീണ മണ്ണിൽ ആരാണ് അവനെ സഹായിക്കാനുള്ളത്? മനുഷ്യനെ വിലയില്ലാത്തവനായി കണ്ടുതുടങ്ങിയാൽ തലമുറകൾ അന്യംനിന്നു പോകും. ഒരുചാൺ വയറിനുവേണ്ടി, ജീവിതപ്രതിസന്ധികളോട് പടപൊരുതുന്ന മനുഷ്യനെ നിന്ദിക്കരുത്. നിന്ദിക്കുന്ന മർത്യാ, ഓർക്കുക, നിൻ ജീവിതചെയ്തികൾ!!

ഫാ. ഫിലിപ്പ് നടുത്തോട്ടത്തില്‍ OCD

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.