കല്ലുകള്‍ അപ്പമാക്കുന്ന ബോബി ജോസ് കപ്പൂച്ചിന്‍ അച്ചനൊപ്പം 

ഭരണങ്ങാനത്ത് അസ്സീസി ആശ്രമത്തില്‍ ഒരു ക്ലാസ്സെടുക്കാന്‍ സമയം വൈകി സ്കൂട്ടറോടിച്ചു പോകുമ്പോഴാണ് അസ്സീസി ധ്യാനകേന്ദ്രത്തില്‍ നിന്ന് പരിചിതമായ പതിഞ്ഞ് ആകര്‍ഷകമായ ഒരു സ്വരം മൈക്കിലൂടെ കേട്ടത്. ബോബി ജോസ് കപ്പൂച്ചിന്‍. മുന്നെ വന്നിട്ടുള്ള ടീം അംഗങ്ങളോട് ക്ലാസ്സ് തുടങ്ങാന്‍ അഭ്യര്‍ത്ഥിച്ച് ധ്യാനഹാളിലെ പിന്‍കസേരയൊന്നില്‍ സ്ഥാനം പിടിച്ചു.

ഏതാണ്ടൊരു മണിക്കൂര്‍. അതിനി ഒരുദിനം നീണ്ടാലും സ്വീകാര്യം. കരിസ്മാറ്റിക് ധ്യാനപ്രസംഗങ്ങളിലുള്ള പ്രധാന ചേരുവകളതിലുണ്ടാവില്ല. ആളുകളില്‍ ഭയം, അപകര്‍ഷതാബോധം, വിധേയത്വം ഒന്നും ഉണ്ടാവാതിരിക്കാനുള്ള പ്രത്യേക ജാഗ്രതയുണ്ട് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍. 

കല്ലുകള്‍ അപ്പമാകുന്നതിനെപ്പറ്റിയാണ് ബോബിയച്ചന്‍ പറഞ്ഞുകൊണ്ടിരുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ സ്വാഭാവിക പ്രക്രിയകളിലൂടെ മാത്രം കഴിയുന്ന ഒന്ന്. കല്ല് അരഞ്ഞ് മണ്ണായി ഒടുവില്‍ അരിയായി, അപ്പമായി. അല്ലാതെ വെല്ലുവിളിച്ചാലൊന്നും ഷോര്‍ട്ട്കട്ടുകള്‍ അതിനില്ലെന്ന്. എറണാകുളത്ത് കല്ല് അപ്പമാവുക എന്നതിന് പാടം ഫ്ലാറ്റായി മാറുക എന്നൊരര്‍ത്ഥമുണ്ടത്രെ! പ്രകൃതിയോടു ചേര്‍ന്നുനിന്നല്ലാതെ ഈശ്വരനെ കണ്ടെത്താനാവില്ലെന്നും. 

നേരം വൈകിയതുകൊണ്ട് ഓടിയെത്തി ക്ലാസ്സ് തീര്‍ത്ത് അവിടെ ഭക്ഷണം കഴിക്കാതെ വീണ്ടും ധ്യാനകേന്ദ്രത്തില്‍ തിരിച്ചെത്തിയത് ലഞ്ച് ബ്രേക്കില്‍ ഒരു സ്നേഹം പറയണം എന്നു കരുതിയാണ്. വലിയ ക്യൂവുണ്ട് മുറിയുടെ പുറത്ത്. എന്റെ ഊഴമെത്തുമ്പോള്‍ സമയം 3 മണിയൊക്കെ കഴിഞ്ഞിരിക്കുന്നു. ബോബിയച്ചന്‍ ഊണു കഴിച്ചില്ലെന്നുറപ്പ്. 

“എന്തുപറയുന്നു ? ഹാളിനു പിന്നില്‍ കണ്ടിട്ട് പിന്നെവിടെപ്പോയി?” എന്നു കുശലാന്വേഷണം. 

മുന്‍പൊക്കെ ഞാന്‍ ആ ചോദ്യത്തിനു വാ തോരാതെ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെ നിരാശ തോന്നും ഗുരുമുഖത്തുനിന്നൊന്നും കേട്ടില്ലല്ലോ. ഇത്തവണ പക്ഷെ ഒന്നാശ്ലേഷിച്ച് എനിക്കൊന്നും പറയാനില്ല എന്ന് പറഞ്ഞ് പിന്‍വാങ്ങി. 

വീണ്ടും അതേ ചോദ്യം .. നിഷ്കളങ്കതയുടെയും നൈര്‍മല്യതയുടെയും ആകെത്തുക പോലെ. 

ഒരിക്കല്‍കൂടി ഒന്നാശ്ലേഷിച്ച് ഞാന്‍ പറഞ്ഞു. ഇല്ല, ഇന്നു ഞാനൊന്നും പറയില്ല. 

നടന്നുനീങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടുമുട്ടുന്നവരിലെല്ലാം ഒരായുസ്സിന്റെ ആത്മബന്ധം ചേര്‍ത്തുവയ്ക്കുന്ന അതേ ആര്‍ദ്രതയോടെ ഒരു കണ്ണകലം വരെ ഞാന്‍ യാത്രയാക്കാം എന്ന ഭാവത്തില്‍ അങ്ങനെ. 

ഇത്തരം ആളുകള്‍ മനുഷ്യരോട് അവരുടെ ബന്ധങ്ങളെ കുറെക്കൂടി ഓര്‍ഗാനിക് ആക്കണമെന്ന്… ദൈവവും മനുഷ്യനുമായുള്ള ബന്ധം കുറെക്കൂടി സൗഹൃദത്തോടെയാവണമെന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണ്.

എബി എമ്മാനുവേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.