പരിശുദ്ധ അമ്മയുടെ മുഖമുള്ള സന്യാസിനിമാർ

അജി ജോസഫ് കാവുങ്കല്‍
അജി ജോസഫ് കാവുങ്കല്‍

ഞാൻ പരിചയപ്പെട്ട സന്യാസിനികളിൽ എല്ലാവരുടെയും മുഖം പരിശുദ്ധ അമ്മയുടേതായാണ് എനിക്കു തോന്നിയിട്ടുള്ളത്. മദർ തെരേസയുടെ പുഞ്ചിരിയും അൽഫോൻസാമ്മയുടെ സഹനവുമായിരുന്നു അവരുടെയൊക്കെ കൈമുതൽ.
പ്രത്യുത ദൈവകരുണയുടെ സ്‌ത്രൈണഭാവങ്ങളാണ് സന്യാസിനികളെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളതും.

യുക്തികൊണ്ട് മനസിലാക്കാൻ കഴിയാത്ത ഒരു ജീവിതരീതിയാണ് സന്യസ്തജീവിതം.
അവരവരുടെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്വപ്നം കണ്ടു ജീവിക്കുന്ന ഇക്കാലത്ത് മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സംതൃപ്തി കണ്ടെത്തി ദൈവസ്നേഹത്തിൽ അടിയുറച്ചു വിശ്വസിച്ചു കടന്നുപോകുന്ന കുറെ ജീവിതങ്ങൾ. സൗന്ദര്യവും കഴിവുകളും ഏറ്റവും വിലയേറിയതാണെന്ന് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തമായി നേടാൻ കഴിയുമായിരുന്ന പ്രശസ്തിയും സൗഭാഗ്യങ്ങളും വേണ്ടെന്നുവച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന ഈ പുണ്യജീവിതങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല.

മനുഷ്യസഹജമായ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന ഒരു ജീവിത കാലഘട്ടത്തിൽ തങ്ങളുടെ ജീവനും ജീവിതവും പ്രതീക്ഷകളുമെല്ലാം തമ്പുരാന് കൊടുത്ത് കുരിശും മുൾക്കിരീടവും മാത്രം ലക്ഷ്യം വച്ച് വീടുവിട്ടിറങ്ങുന്ന ഈ ധീരത എത്രയേറെ വാഴ്ത്തപ്പെടേണ്ടിയിരിക്കുന്നു. ദൈവവിളിയുടെ സ്വരം കേട്ട് സ്വയം സമർപ്പണത്തിനൊരുങ്ങുന്ന ഇവരുടെ ധീരത അത്ര നിസാരമൊന്നുമല്ല. സ്വന്തമെന്നു പറയാൻ നസ്രായൻ നൽകുന്ന ആശ്വാസം മാത്രം, മുൾമുടിയേറ്റവന്റെ ചുംബനങ്ങൾ മാത്രം. ഭൗതിക സന്തോഷങ്ങളൊക്കെ നിറഞ്ഞ മനസ്സോടെ വേണ്ടെന്നു  വയ്‍ക്കുന്നതിലുപരി ദൈവസ്നേഹത്തെ സഹജീവികളുടെ നന്മയ്ക്കായി പരിണമിപ്പിക്കാൻ കഴിയുമ്പോൾ മാത്രമാണ് സന്യാസജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.

സന്യാസജീവിതമെന്നത് നിരന്തര പ്രാർത്ഥനയുടെയും, പുണ്യപ്രവർത്തികളുടെയും ആകെത്തുകയാണെന്നുള്ളതുകൊണ്ടു തന്നെ അൾത്താരയോട് ചേർന്നു നിൽക്കുന്നവരാണ് ഓരോ സന്യാസിനിമാരും. പ്രാർത്ഥിക്കാൻ കഴിയണമെങ്കിൽ തമ്പുരാനെ സ്‌നേഹിക്കാൻ കഴിയണം. ആ സ്നേഹത്തിൽ തമ്പുരാനോടൊത്ത് വസിച്ചു കൊണ്ട് പ്രാർത്ഥിക്കാൻ കഴിയണം. പ്രാർത്ഥന പകരുന്ന ചൈതന്യത്തിൽ കണ്ടുമുട്ടുന്നവരിലേക്ക് ദൈവകരുണ പകരാനും പങ്കുവയ്ക്കാനും കഴിയണം. ഇങ്ങനെ സ്‌നേഹിച്ചും പ്രാർത്ഥിച്ചും പകർന്നും പങ്കുവച്ചും ധന്യരായി, ആരുമറിയാതെ കടന്നുപോയ അനേകം പുണ്യജീവിതങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. ആരോടും പകയും പരാതിയുമില്ലാതെ ഇന്നുമവരുടെ പിൻഗാമികൾ ഈ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടുമിരിക്കുന്നു.

ആക്ഷേപവർഷങ്ങളുടെ കുന്തമുനകൾ ഹൃദയത്തിൽ തറയ്ക്കുമ്പോഴും പുഞ്ചിരിയോടെ, ”ഇതാ കർത്താവിന്റെ ദാസി” എന്ന് പ്രത്യുച്ചരിച്ച പരിശുദ്ധ അമ്മയെപ്പോലെ വിനീതരാവുകയാണ് അവരിലോരോരുത്തരും. തമ്പുരാന്റെ സ്നേഹവും കരുണയും നെഞ്ചിലേറ്റി ജീവിതയാഥാർത്ഥ്യങ്ങളുടെ താഴ്‌വരകളിൽ അമ്മയായും സഹോദരിയായുമൊക്കെ സന്യാസിനികൾ മാറുമ്പോൾ മാത്രമാണ് വിളിക്കുള്ളിലെ വിളിയിലേക്കവർ കടന്നുചെല്ലുന്നത്. അതിലേക്കുള്ള പാതകളായാണ് വ്രതങ്ങൾ മാറേണ്ടത്.

ദാരിദ്ര്യം, കന്യാത്വം, അനുസരണം എന്നീ മൂന്നു വ്രതങ്ങൾ ജീവിതത്തെ പിടിച്ചുകെട്ടുന്ന ചങ്ങലകളായി അനുഭവപ്പെടുന്നവർക്ക് സന്യാസം വെറുമൊരു തമാശ മാത്രം. ദാരിദ്ര്യമെന്ന വാക്കിനെ പട്ടിണിയെന്ന് വ്യാഖ്യാനിച്ച് പോസ്റ്റ്‌ തയ്യാറാക്കിയ ഒരു മഹാനെ എനിക്കറിയാം. ആഹാരം കഴിക്കാതെ പട്ടിണിയിൽ കഴിയുകയെന്നല്ല ദാരിദ്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, സ്വന്തമാക്കാമായിരുന്ന പലതും സന്തോഷത്തോടുകൂടി വേണ്ടന്നുവയ്ക്കാനുള്ള ആത്മബലമാണ് ദാരിദ്ര്യം.

ശരീരസുഖങ്ങളുടെ നിഷേധമായി കന്യാത്വ-ബ്രഹ്മചര്യ വ്രതത്തെ വ്യാഖ്യാനിച്ച് നിർവൃതിയടയുന്നവരും നമുക്ക് ചുറ്റുമുണ്ട്. ആസക്തികളുടെയും ലോലവികാരങ്ങളുടെയും അകമ്പടിയില്ലാതെ ആത്മാർത്ഥമായി തമ്പുരാനെ സ്‌നേഹിക്കാനുള്ള കരുത്താർജിക്കുമ്പോൾ മാത്രമേ കന്യാത്വ-ബ്രഹ്മചര്യ വ്രതങ്ങൾ അതിന്റെ ലക്ഷ്യത്തിലേക്കെത്തുന്നുള്ളൂ.

സ്‌നേഹം നിറഞ്ഞ ഹൃദയത്തിൽ നിന്നുത്ഭവിക്കുന്ന വിധേയത്വമാണ് അനുസരണം.
കുടുംബജീവിതത്തിൽ പോലും അനുസരണത്തിന്റെ ഭാവങ്ങൾ പുറമേ കാണിച്ചാലും, ഉള്ളിൽ സ്‌നേഹത്തിന്റെ കനലുകൾ ഇല്ലെങ്കിൽ അവിടെയും അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയാകും ഫലം. ഇത് ഏതുവിധത്തിൽ ആയിരുന്നാലും ദൈവതിരുമുമ്പിൽ പുണ്യമായല്ല കാപട്യമെന്ന പാപമായിട്ടായിരിക്കും രേഖപ്പെടുത്തപ്പെടുകയെന്നുള്ളതാണ് വാസ്തവം. അനുസരണമെന്നാൽ അടിമത്തമല്ലെന്ന തിരിച്ചറിവുണ്ടാകണം. അത് ബിരുദങ്ങൾ കൊണ്ട് നേടാനാവുന്ന ഒന്നല്ല. ഈഗോയിൽ നിന്നും ഈശോയിലേക്ക് വളരുമ്പോൾ അനുസരണം ഒരു ഭാരമായി ആർക്കും തോന്നുകയുമില്ല.

പ്രയാസം നിറഞ്ഞതെന്ന് നമ്മൾ കരുതുന്ന ഈ ജീവിതപാതയിലൂടെ നടന്നുപോയവരിൽ ചിലരെങ്കിലും വഴിയരികിൽ തളർന്നുവീണതിന്റെ കാരണം നമ്മളെപ്പോലെ പ്രയാസമെന്നുള്ള ഉൾവിളിയിൽ പിന്തിരിഞ്ഞു നോക്കിയതാകാം.
സ്വയം സമർപ്പണത്തിന്റെ അഭാവം കൊണ്ട്, ദൈവസ്നേഹത്തിൽ നിന്നകന്ന്
വിശുദ്ധ വസ്ത്രത്തിനുള്ളിൽ തിന്മയുടെയും അഹങ്കാരത്തിന്റെയും ദുരഭിമാനത്തിന്റെയും കുട്ടിപ്പിശാചുക്കൾക്ക് അഭയം നൽകിയവരൊക്കെ തങ്ങളുടെ ബലഹീനതയെ പുറം ലോകമറിയാതിരിക്കാൻ ആത്മകഥയെന്ന ഓമനപ്പേരിൽ അശ്ലീലകഥകൾ അച്ചടിമഷി പുരട്ടി വായനക്കാരിൽഎത്തിച്ചു സായൂജ്യമടയുന്നു.
ഇതിന്റെ ഫലമായി സന്യാസിനികളെ ദൈവത്തിന്റെ മാലാഖമാരായി കണ്ടിരുന്ന സമൂഹം, സംശയത്തോടെ ആസക്തി നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കുന്നു.

കുന്തിരിക്കത്തിന്റെ സുഗന്ധം നിറഞ്ഞുനിന്നിരുന്ന വിശുദ്ധ കൂടാരങ്ങളിൽ നിന്നെല്ലാം അശുദ്ധിയുടെ ഗന്ധം ഉയരുന്നെന്ന് സമൂഹത്തെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരിലെ ദുർഗന്ധം തിരിച്ചറിയാൻ നമുക്ക് കഴിയണം. ഓരോ ക്രൈസ്തവന്റെയും ധാർമ്മികമായ ഉത്തരവാദിത്തമാണിത്. സമൂഹത്തിന്റെയും
മാധ്യമങ്ങളുടെയും റേറ്റിങ് അളവുകോൽ കൊണ്ടല്ല സന്യസ്തരെ അളക്കേണ്ടതെന്ന് ഇത്തരക്കാരെ ബോധ്യപ്പെടുത്താൻ നമുക്കോരോരുത്തർക്കും കഴിയണം.

സന്യാസഭവനങ്ങളിൽ നിന്നുയരുന്ന പ്രാർത്ഥനാമന്ത്രങ്ങളെയും
പ്രവൃത്തികളിൽ വിരിയുന്ന കാരുണ്യപ്രഭയെയും നിഷ്പ്രഭമാക്കാൻ അപവാദ പ്രചരണങ്ങൾക്കൊന്നുമാവില്ല. ക്രൈസ്തവ സന്യാസത്തെ ഇത്രയേറെ കരിതേച്ചു കാണിക്കാൻ വെമ്പൽ കൊള്ളുന്നതിനുപിന്നിൽ സഭയുടെ വളർച്ചയും സമൂഹത്തിനിടയിലുള്ള സ്വാധീനവുമൊക്കെയാണെന്നുള്ളതിൽ വെല്ലുവിളി ഉയർത്തുന്നവർക്കുപോലും സ്പഷ്ടമായി അറിവുള്ളതാണ്.

ഒരിടത്തും സുരക്ഷിതമായ വഴികളിൽ കൂടിയായിരുന്നില്ല സന്യാസത്തിന്റെ വളർച്ചയും വികാസവും. പീഡനങ്ങളിലൂടെ സഹനത്തെ നെഞ്ചോടു ചേർക്കുന്ന രീതികൾ പോലും നമ്മുടെ സന്യാസ പാരമ്പര്യങ്ങളിലുണ്ടായിരുന്നുവെന്നതാണ് യാഥാർഥ്യം. ഇന്ന് സഹനത്തിന്റെ വഴികൾ വിപുലമായിയെന്ന വ്യത്യസ്ത മാത്രം.
ക്രിസ്തുവിന്റെ പീഡകളെ നെഞ്ചിലേറ്റി ജീവിതവഴികളിൽ ദുഃഖിതർക്കും നിരാലംബർക്കും വേണ്ടി മുറിക്കപ്പെട്ട് ദൈവത്തിനുള്ള സമ്മാനമായി ഉരുകിത്തീരുന്ന ജീവിതമാണ് ഓരോ സന്യാസിനിയുടെയും ജീവിതം.

ഉള്ളിലെ സ്‌നേഹം നിലച്ചുപോയവർക്ക് ക്രൈസ്തവ സന്യാസജീവിതം നയിക്കാൻ കഴിയില്ല. സ്‌നേഹത്തിൽ നിന്ന് ഉത്ഭവിക്കാത്തതെല്ലാം യാന്ത്രികതയും കാപട്യവുമാണ്. അവിടെ ക്രിസ്തുവിന് യാതൊരു സ്ഥാനവുമില്ല. സമൂഹമുയർത്തുന്ന സംശയങ്ങൾക്കും ക്രൈസ്തവ വിരുദ്ധരുടെ കിംവദന്തികൾക്കുമിടയിലും പരാതിയും പരിഭവവുമില്ലാതെ നന്മയുടെ ചിറകുകൾ വിരിച്ച് ഈ വെള്ളരിപ്രാവുകൾ ഇനിയും പറന്നുയരും. വിശുദ്ധിയെന്നത് കാലഹരണപ്പെട്ട പദമല്ലെന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ഇന്നും എന്നും പീഠത്തിലുയർത്തിയ ദീപം പോലെ ഈ പുണ്യജീവിതങ്ങൾ ഇവിടെയുണ്ടാകും.

ഈ ധന്യമായ ജീവിതങ്ങൾക്ക് മുൻപിൽ ആയിരമായിരം പ്രാർത്ഥനാപുഷ്പങ്ങൾ.

ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

അജി ജോസഫ് കാവുങ്കൽ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ