വിശുദ്ധരാകാൻ ആർക്കാണ് താല്പര്യം?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

കുട്ടികളുടെ ധ്യാനത്തിനിടയിൽ സാധാരണ ചോദിക്കാറുള്ള ചോദ്യമാണിത്: “നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹം?” അന്നത്തെ ധ്യാനത്തിൽ കുട്ടികളുടെ മറുപടി ഇങ്ങനെയായിരുന്നു: “ഡോക്ടർ, എഞ്ചിനീയർ, പൈലറ്റ്, എയർ ഹോസ്റ്റസ്, നഴ്സ്, ടീച്ചർ, അച്ചൻ, സിസ്റ്റർ…”

എന്നാൽ ഒരു കൊച്ചുമിടുക്കി മാത്രം “അച്ചാ, എനിക്ക് കൊച്ചുത്രേസ്യായെപ്പോലെ ഒരു വിശുദ്ധയാകണം” എന്നാണ് പറഞ്ഞത്.

അത് കേട്ടപാടെ എല്ലാവരും അവളെ പരിഹസിച്ചു ചിരിച്ചു. അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു: “എങ്ങിനെയാണ് ഈ ആഗ്രഹം രൂപംകൊണ്ടത്?”

“അച്ചാ, എൻ്റെ മാമ്മോദീസ പേര് കൊച്ചുത്രേസ്യാ എന്നാണ്. കുഞ്ഞായിരിക്കുമ്പോൾ തന്നെ കൊച്ചുത്രേസ്യായുടെ കഥ അമ്മ പറഞ്ഞുതന്നിട്ടുണ്ട്. കഴിഞ്ഞ അവധിക്ക് ആ വിശുദ്ധയുടെ ആത്മകഥയായ നവമാലികയും ഞാൻ വായിച്ചിരുന്നു. മാത്രമല്ല, എന്റെ മമ്മി കൂടെക്കൂടെ ഓർമ്മിപ്പിക്കും, ‘എടീ നിന്റെ മാമ്മോദീസ പേര് കൊച്ചുത്രേസ്യാ ആണെന്ന് മറക്കരുത്’ എന്ന്‍. അതുകൊണ്ട് ഡോക്ടർ, എഞ്ചിനീയർ മുതലായ ഏത് തൊഴിൽ ചെയ്താലും ഒരു വിശുദ്ധയാകണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.”

നേരത്തെ പരിഹസിച്ചവരെല്ലാം ഇത്തവണ കരഘോഷം മുഴക്കി. മാമ്മോദീസയിലൂടെ നമുക്കും ലഭിച്ചിട്ടില്ലേ ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ പേര്? നമ്മിൽ എത്രപേർക്ക് ആ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാം? അവരെ അനുകരിക്കണമെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ? നവംബറിന്റെ പിറവി തന്നെ സകല വിശുദ്ധരുടെയും ഓർമ്മയോടെയാണ്. കുമ്പസാരത്തിനു ശേഷവും ധ്യാനങ്ങളിൽ പങ്കെടുത്തതിനു ശേഷവുമെല്ലാം വിശുദ്ധിയിൽ ജീവിക്കണമെന്ന് തീരുമാനങ്ങൾ നാം എടുക്കാറുണ്ടല്ലോ?

വിശുദ്ധിയുള്ളവരുടെ ചില ലക്ഷണങ്ങൾ ഏതെല്ലാമെന്ന് ഫ്രാൻസിസ് പാപ്പ പങ്കുവയ്ക്കുന്നുണ്ട്: ‘വിശുദ്ധിയുള്ളവർക്ക് ആഹ്ലാദവും നർമ്മബോധവും ഉണ്ടായിരിക്കും. അവർ ഭയമുള്ളവരോ മ്ലാനവദനരോ വിഷാദികളോ ആയിരിക്കില്ല. സ്ഥിരോത്സാഹവും ശാന്തതയും ക്ഷമയും അവരുടെ അടയാളങ്ങളായിരിക്കും. കുടുംബത്തിലും സമൂഹത്തിലും അവർ സന്തോഷത്തോടെ വ്യാപാരിക്കും. അവർ നിരന്തര പ്രാർത്ഥനയുടെയും ദൈവാശ്രയത്വത്തിന്റെയും വ്യക്തികളായിരിക്കും.’ ഹൃദയശുദ്ധിയില്ലെങ്കിൽ ദൈവത്തെ ദർശിക്കാൻ സാധിക്കുകയില്ല (Ref: മത്തായി 5:8) എന്ന ക്രിസ്തുമൊഴികളും നമുക്കോർക്കാം.

വിശുദ്ധിയിലേയ്ക്കുള്ള പ്രയാണത്തിൽ പലപ്പോഴും നമ്മൾ വീണുപോയിട്ടുണ്ടാകാം. എങ്കിലും വിശുദ്ധിയിൽ ജീവിക്കാൻ നമ്മുടെ പേരിന് കാരണഭൂതരായ വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം നമുക്ക് തുണയാകട്ടെ.

സകല വിശുദ്ധരുടെയും തിരുനാൾ മംഗളങ്ങൾ!
ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.