ആ നോട്ടം നിങ്ങളുടെ ഹൃദയം പിളര്‍ക്കും

എന്തുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ തല കറങ്ങി വീഴുന്നത്?  ജിജി കലവനാല്‍ എഴുതി, സംവിധാനം ചെയ്ത All Indians are my Brothers and Sisters എന്ന ഈ മൂന്ന് മിനിറ്റ് മൂവി നമ്മുടെ കണ്ണുകള്‍ നനയിക്കും എന്നത് തീര്‍ച്ചയാണ്.

ഞാന്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂളില്‍ അസംബ്ലി നടക്കുമ്പോള്‍ ചില കുട്ടികള്‍ തലകറങ്ങിവീഴുന്നതും ടീച്ചര്‍മാര്‍ അവരെ താങ്ങിക്കൊണ്ടുപോകുന്നതും ഒരു സ്ഥിരം കാഴ്ചയായിരുന്നു. അസംബ്ലി സമയത്ത് കുട്ടികള്‍ എന്തുകൊണ്ട് തലകറങ്ങി വീഴുന്നു എന്ന് അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. അതിനുള്ള പക്വത ഉണ്ടായിരുന്നില്ല. ഇന്നറിയാം ഒരു കാരണമല്ല പലകാരണങ്ങളാല്‍ കുട്ടികള്‍ അസംബ്ലിയുടെ സമയത്ത് തലകറങ്ങി വീഴാറുണ്ട്. അന്വേഷണം ചിലപ്പോള്‍ ചെന്നെത്തുന്നത് ആ കുട്ടി ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളില്‍ എത്തിയത് എന്നതിലായിരിക്കാം. എന്തുകൊണ്ട് ആ കുട്ടി ഭക്ഷണം കഴിച്ചില്ല? കാരണങ്ങള്‍ പലതാണ്.

കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ പരിചയപ്പെട്ട ഒരു അധ്യാപകന്‍ പങ്കുവച്ച ഒരു അനുഭവം എന്നെ വീണ്ടും ചിന്തിപ്പിച്ചു. ഞാന്‍ പഠിച്ച സ്‌കൂളിലെ ചില കുട്ടികള്‍ അസംബ്ലി സമയത്ത് തലചുറ്റിവീഴാന്‍ കാരണമെന്തായിരുന്നു? ആരാണീ കുട്ടികള്‍? ആ ചോദ്യത്തിനു ഉത്തരമാണ് ഈ കുഞ്ഞു പടം. അതിനു പറ്റിയ പേര് നമ്മള്‍ അഭിമാനത്തോടെ ഏറ്റ് ചൊല്ലുന്ന പ്രതിജ്ഞയുടെ ഒരു വാചകമല്ലേ? All Indians are my Brothers and Sisters.

പടത്തിന്റെ ലാളിത്യം പോലെ മൂന്ന് പേരടങ്ങുന്ന ടീം അനായാസമായി ഷൂട്ട് ചെയ്ത പടമാണിത്. കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന കുറച്ച് കുട്ടികളും ആ ഗ്രാമത്തില്‍ നിന്നുള്ളവരുമാണ് അഭിനേതാക്കള്‍. ആത്മാര്‍ത്ഥമായ സഹകരണത്തിന്റെ ഫലമാണ് All Indians are my Brothers and Sisters.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സോഷ്യല്‍ ആക്ഷന്റെ ഭാഗമായാണ് ഇപ്പോഴിത് പ്രചരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.championachild.in ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.