പീയൂസ് പന്ത്രണ്ടാമന്‍ പാപ്പായെക്കുറിച്ച് പ്രത്യേക ഗവേഷണവിഭാഗം വത്തിക്കാനില്‍ ആരംഭിക്കും

ക്ലേശകരമായ കാലഘട്ടത്തില്‍ സഭയെ നയിച്ച ഭാഗ്യസ്മരണാര്‍ഹനെ സത്യസന്ധമായി ലോകം മനസ്സിലാക്കാന്‍ ഗവേഷണവിഭാഗം തുറക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. വത്തിക്കാന്‍ ലൈബ്രറിയുടെ രഹസ്യഗ്രന്ഥാലയത്തിന്റെ അധികാരികളും പ്രവര്‍ത്തകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്.

യുദ്ധാനന്തരം ലോകരാഷ്ട്രങ്ങള്‍ പുനരാവിഷ്‌ക്കരിക്കപ്പെടുകയും കെടുതികളുടെ പുനര്‍നിര്‍മ്മിതികള്‍ എവിടെയും ആരംഭിക്കുകയും ചെയ്ത കാലഘട്ടത്തില്‍ പീയൂസ് 12-ാമന്‍ പാപ്പായുടെ അപ്പസ്‌തോലിക നേതൃത്വം സംശയദൃഷ്ടിയോടെ ചില ലോകനേതാക്കള്‍ കാണുകയും തെറ്റിദ്ധരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഹെബ്രായ സമൂഹവുമായുള്ള ബന്ധങ്ങളില്‍ വംശീയവാദിയായി മുദ്രകുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അക്കാലഘട്ടത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കായി വിഭാഗീയതകളില്ലാതെ പ്രവര്‍ത്തിക്കുകയും പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലേയ്ക്ക് വെളിച്ചംവീശാന്‍ എല്ലാ ചരിത്രരേഖകളും ഗ്രന്ഥശേഖരങ്ങളും അത്യപൂര്‍വ്വമായ രഹസ്യപ്രമാണരേഖകളും ലിഖിതങ്ങളും ഗവേഷകര്‍ക്ക് ലഭ്യമാക്കിക്കൊണ്ട് ഒരു പ്രത്യേക ഗവേഷണവിഭാഗം വത്തിക്കാന്റെ ഗ്രന്ഥാലയത്തില്‍ സമയബന്ധിതമായി തുടങ്ങണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടത്.

അടുത്ത വര്‍ഷം മാര്‍ച്ച് രണ്ടാം തീയതി, പന്ത്രണ്ടാം പീയൂസ് പാപ്പായുമായി ബന്ധപ്പെട്ട പ്രത്യേക ഗവേഷണവിഭാഗം തുറക്കുമെന്നും പാപ്പാ അറിയിച്ചു. ഇത് തന്റെയും തന്റെ മുന്‍ഗാമികളുടെയും ആഗ്രഹമാണെന്നും പാപ്പാ വ്യക്തമാക്കി. ചരിത്രം, നിയമം, തത്വശാസ്ത്രം, ശാസ്ത്രം, ദൈവശാസ്ത്രം, പ്രാതിഭാസിക വിജ്ഞാനം എന്നീ വിഷയങ്ങളെ സംബന്ധിച്ച ലോകത്തെ ഏറ്റവും മികച്ച ഗവേഷണ ഗ്രന്ഥാലയമായി വത്തിക്കാന്‍ ലൈബ്രറി കണക്കാക്കപ്പെടുന്നു. വ്യക്തിയുടെ അറിവിന്റെ മേഖല, അര്‍ഹത, ഗവേഷണപരമായ ആവശ്യം എന്നിവ ഉന്നയിച്ചാല്‍ ആര്‍ക്കും വത്തിക്കാന്‍ ലൈബ്രറി ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.