കത്തോലിക്കനായി ജനിച്ചു, മരിക്കുന്നതും കത്തോലിക്കനായി തന്നെ: പ്രശസ്ത സംഗീതജ്ഞന്റെ സാക്ഷ്യം

    സംഗീതത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയില്‍ ദൈവത്തെ കൂട്ടുപിടിച്ചവന്‍. ബ്രൂസ് ഫ്രഡറിക് ജോസഫ് സ്പ്രിങ്ങ്സ്റ്റീനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ആഴമായ വിശ്വാസത്തിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത് യഥാര്‍ത്ഥ പിതാവിനെ തേടിയുള്ള ഒരു തീര്‍ത്ഥയാത്രയാണ് – കുടിയനായ പിതാവില്‍ നിന്ന് ദൈവത്തിലേയ്ക്ക്.

    ന്യൂ ജേഴ്‌സിയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിലാണ് ബ്രൂസ് ജനിച്ചത്. ചെറുപ്പം മുതല്‍ ദൈവവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആ ബാലന്‍ ഒരിക്കല്‍പ്പോലും തന്റെ വിശ്വാസത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ചെറുപ്പത്തില്‍ മറ്റു കുട്ടികളെപ്പോലെ തന്റെ അപ്പനൊപ്പം ആയിരിക്കുവാന്‍ കുഞ്ഞുബ്രൂസ് ആഗ്രഹിച്ചിരുന്നുവെങ്കിലും കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. കുടിയനായ അപ്പന്‍. എപ്പോഴും മദ്യത്തിന്റെ ലഹരിയിലായിരുന്ന അപ്പനില്‍ നിന്ന് ഒരു മകനു ലഭിക്കേണ്ട സ്‌നേഹം അവന് കിട്ടിയിരുന്നില്ല. മറ്റു കുട്ടികളെ അവരുടെ പിതാക്കന്മാര്‍ ലാളിക്കുന്നത് കാണുമ്പോള്‍ തനിക്കും അതുപോലെ ഒരു പിതാവായിരുന്നെങ്കില്‍ എന്ന് അവന്‍ ആഗ്രഹിച്ചിരുന്നു.

    തന്റെ കുഞ്ഞുസങ്കടങ്ങളും വേദനകളും അവന്‍ കര്‍ത്താവില്‍ ഏല്‍പ്പിച്ചു തുടങ്ങി. ദൈവത്തോടുള്ള ആ പരിഭവം പറച്ചില്‍, തന്നെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു പിതാവായി ദൈവത്തെ കാണുന്നതിലേയ്ക്ക് അവനെ നയിച്ചു. ബ്രൂസും ദൈവവും തമ്മില്‍ ഒരു പിതൃ-പുത്രബന്ധം ഉടലെടുക്കുകയായിരുന്നു. ദൈവത്തെ നെഞ്ചേറ്റി സംഗീതത്തിലേയ്ക്ക് ആഴമായ ക്രൈസ്തവ വിശ്വാസവും, ക്രിസ്തീയ മൂല്യങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളില്‍ നിഴലിച്ചിരുന്നു. സംഗീതജ്ഞനും സംഗീതരചയിതാവും അവതാരകനുമായി പ്രശസ്തിയുടെ നെറുകയിലേയ്ക്ക് വളരെ വേഗം തന്നെ അദ്ദേഹം നടന്നുകയറി.

    അസാമാന്യ ചുറുചുറുക്കോടെ കേള്‍വിക്കാരെ ആവേശം കൊള്ളിച്ചപ്പോഴും അദ്ദേഹം പറഞ്ഞു ‘എല്ലാം ദൈവത്തിന്റെ ദാനം, ഞാന്‍ ഒരിക്കല്‍ കത്തോലിക്കനായി ജനിച്ചു. കത്തോലിക്കാനായി ജീവിക്കുന്നു. മരിക്കുന്നതും അങ്ങനെ തന്നെ’ എന്ന്. താന്‍ കടന്നുപോയ വേദികളിലെല്ലാം ജീവിതംകൊണ്ടും സംഗീതംകൊണ്ടും അദ്ദേഹം അത് പറഞ്ഞുവച്ചു – ‘സ്വര്‍ഗ്ഗസ്ഥനായ പിതാവിനു നന്ദി.’ അതിനിടയില്‍ അവതാരകനായി തിളങ്ങിയ അദ്ദേഹം തന്റെ ചാനല്‍ ഷോകളെയെല്ലാം യുവജനങ്ങള്‍ക്ക് തന്റെ വിശ്വാസജീവിതത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനായി തിരഞ്ഞെടുത്തു. എല്ലാം ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിച്ചുകൊണ്ട് പിതാവിനായി ജീവിതം സമര്‍പ്പിക്കുവാനുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പരിപാടികളെല്ലാം. തന്റെ പരിപാടികള്‍ എല്ലാംതന്നെ അദ്ദേഹം അവസാനിപ്പിച്ചിരുന്നത് സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരുന്നു. ആ പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിരുന്നു അതിനു പിന്നില്‍.