മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചു ചേർന്നു, ആ പ്രിയ വൈദികന്റെ പൗരോഹിത്യ ജൂബിലിയിൽ

സാധാരണ ഗതിയിൽ ഒരു പുരോഹിതന്റെ പൗരോഹിത്യ ജൂബിലിയിൽ വൈദികന്റെ ബന്ധുക്കളും ഇടവക ജനങ്ങളും സുഹൃത്തുക്കളും ഒക്കെയാണ് പങ്കെടുക്കുക. എന്നാൽ ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ ഫാ. ചാൾസ് പാട്രിക് എന്ന വൈദികന്റെ പൗരോഹിത്യ ജൂബിലിയിൽ പങ്കെടുക്കാൻ ക്രിസ്ത്യാനികൾക്കൊപ്പം നിരവധി മുസ്ലിം സഹോദരങ്ങളും എത്തിയിരുന്നു. അപ്പോൾ തന്നെ അദ്ദേഹത്തിൻറെ ജീവിതവും ജനസ്വീകാര്യതയും നമുക്ക് മനസിലാകുമല്ലോ. ആ വിശുദ്ധ വൈദികന്റെ ജീവിതത്തിലൂടെ നമുക്കും കടന്നു പോകാം.

76 കാരനായ ഈ ഐറിഷ് മിഷനറി വൈദികൻ ഒബ്‌ലെറ്റ് ഓഫ് മാർ ഇമ്മാക്കുലേറ്റ് എന്ന സന്യാസ സമൂഹത്തിലെ അംഗമാണ്. പൗരോഹിത്യ ജീവിതത്തിന്റെ ഏറിയ ഭാഗവും സെൻട്രൽ ജാവ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന സിലകാപ്പിൽ അദ്ദേഹം  സേവനം ചെയ്തു. അതായത് 46 വർഷം. 1973 മുതൽ, കംപുങ് ലൗട്ടിൽ എത്തിയ ഈ വൈദികൻ പാവങ്ങളുടെ ഇടയിൽ ആത്മാർത്ഥമായി സേവനം ചെയ്തു തുടങ്ങി. പാവങ്ങളുടെ ഉന്നമനം. അതിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുക. അതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.

പാവപ്പെട്ടവരും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ ആളുകളിലേക്ക്‌ അദ്ദേഹം ഇറങ്ങി ചെന്നു. അവർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. തങ്ങളെ സ്നേഹിക്കുന്ന ആ വൈദികനെ അവർ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ സ്നേഹിച്ചു. 1983- ൽ അദ്ദേഹം ഇൻഡോനേഷ്യൻ പൗരത്വം സ്വീകരിച്ചു. അവിടെ ഉള്ളവ മുക്കുവരായ ആളുകളുടെ ഇടയിലേക്ക് അച്ചൻ കടന്നു ചെന്നു. മീൻപിടിത്തം മാത്രം ഉപജീവനമായി കണ്ടിരുന്ന അവരെ കൃഷിയിലേയ്ക്കും മറ്റും തിരിക്കുവാനും ഒരു സ്ഥായിയായ വരുമാനം കിട്ടുന്ന തരത്തിലേക്ക് അവരെ ഉയർത്തുവാനും അച്ചന് കഴിഞ്ഞു.

ഒപ്പം തന്നെ അവരുടെ കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നൽകുവാൻ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളേജുകളും ചെറുകിട- വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള പരിശീലനങ്ങളും അതിനുള്ള സഹായവും നൽകി. അതുവരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ജനത്തെ പതിയെ വികസനത്തിലേക്ക് കൂട്ടികൊണ്ടു വരുവാൻ, സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരുവാൻ അച്ചന് കഴിഞ്ഞു. അത് ക്രിസ്ത്യാനികളുടെ ഇടയിൽ മാത്രമല്ല എല്ലാ മതസ്ഥരെയും ഒരുപോലെ കാണുവാനും അവരെ ദൈവമക്കളായി കണ്ടു സ്നേഹിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ ഒരു പ്രത്യേകത തന്നെ അദ്ദേഹത്തെ ആളുകളുടെ പ്രിയങ്കരനാക്കി.

സിലകാപ്പ് ജില്ലയിലെ 46 വർഷത്തെ മിഷൻ പ്രവർത്തനത്തിൽ അധികാരികളും കച്ചവടക്കാരും കർഷകരും തെരുവിൽ അലയുന്നവരും മീൻപിടുത്തക്കാരും തുടങ്ങി സമൂഹത്തിലെ വിവിധ തരത്തിലുള്ള ആളുകളുമായും സഹവർത്തിത്വത്തോടെ പ്രവർത്തിക്കുവാൻ അച്ചന് കഴിഞ്ഞു. അതിനാൽ തന്നെ കത്തോലിക്കാരുടെയും മുസ്ലിം സമുദായക്കാരുടെയും വിവിധ പ്ലാനിങ് കമ്മിറ്റികളിൽ അച്ചനും പങ്കാളിയായി. അച്ചൻ കൂടെ ഉള്ളത് അവർക്കു ഒരു ധൈര്യമായിരുന്നു. ആ ധൈര്യം ആത്മവിശ്വാസവും വിശ്വാസ്യതയും നിലനിർത്തുവാൻ അദ്ദേഹത്തിന് തന്റെ മിഷൻ ജീവിതത്തിൽ ഇന്നുവരെ കഴിഞ്ഞു. അതിനു തെളിവായിരുന്നു നവംബർ എട്ട്, ഒൻപത് തീയതികളിൽ നടന്ന പൗരോഹിത്യ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത നാനാമതസ്ഥരായ ആളുകൾ.

തന്റെ ജൂബിലി ആഘോഷത്തിന്റെ അവസരത്തിൽ അവിടെ കൂടിയിരുന്ന നാനാ ജാതി മതസ്ഥരെ സാക്ഷി നിർത്തി അദ്ദേഹം പറഞ്ഞു. “സ്വർഗ്ഗത്തിൽ എത്തുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. ക്രിസ്ത്യാനികളെ, കൂദാശകൾ മാത്രമല്ല ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം. യേശു ക്രിസ്തു കാണിച്ചു തന്ന ജീവിത മാതൃക നമ്മുടെ ജീവിതത്തിലും പകർത്തുക അങ്ങനെ അനേകർക്ക്‌ സാക്ഷ്യമായി ജീവിക്കുക. ഇവ എന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നു.” അതെ അത് തന്നെയാണ് ഈ വൈദികന്റെ ജീവിതവും.