മൂവായിരത്തിലധികം ക്രിസ്തീയഗാനങ്ങൾക്കു പിന്നിലെ സൗണ്ട് എഞ്ചിനീയർ

മരിയ ജോസ്

ഒരു മനുഷ്യനെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും നല്ല ഉപാധിയാണ് സംഗീതം. അനേകം ഹൃദയങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ഒരു പാട്ടിനു കഴിയും. എന്നാൽ ഒരു പാട്ട്, അത് ഗായകന്റെ മാത്രമാണോ? ഒരിക്കലുമല്ല. അതിനു പിന്നിൽ പാട്ട് എഴുതിയവരും അതിനു സംഗീതം നൽകിയവരും എഡിറ്റ് ചെയ്തു മിക്സ് ചെയ്തവരും ഒക്കെ ഉണ്ടാകും. ഇവരെല്ലാം ചേരുമ്പോഴാണ് സംഗീതം കാതിന് ഇമ്പമുള്ള രീതിയിൽ പിറവിയെടുക്കുന്നത്. പലപ്പോഴും അവരെ നാം തിരിച്ചറിയുന്നില്ല എന്നുമാത്രം.

മൂവായിരത്തിലധികം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ റിക്കോഡിങ്, മിക്സിങ് തുടങ്ങിയവ നിർവ്വഹിച്ച ഒരു വ്യക്തിയെയാണ് ഇന്ന് ലൈഫ് ഡേ ഇവിടെ പരിചയപ്പെടുത്തുന്നത്. തൊടുപുഴയിൽ നിന്നുള്ള  ജിന്റോ ജോൺ. തൊടുപുഴയിലെ ഗീതം സൗണ്ട് റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്ന് അനേകം ഗാനങ്ങൾക്കു ഊർജ്ജവും ഇമ്പവും പകർന്ന ജിന്റോയുടെ ജീവിതം വായിച്ചറിയാം.

സംഗീതത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ ബാല്യം

സംഗീതത്തെ ഏറെ ഇഷ്ടമായിരുന്നു ചെറുപ്പത്തിൽ. അതിനാൽ തന്നെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ തൊടുപുഴയിലെ എം.കെ. ജോർജ് സാറിന്റെ കീഴിൽ ശാസ്ത്രീയസംഗീതം പഠിച്ചു. അങ്ങനെയാണ് സംഗീതലോകത്തേയ്ക്ക് ജിന്റോ കടന്നുവരുന്നത്. കൂടാതെ, മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ ഗായകസംഘത്തിലും ഉണ്ടായിരുന്നു. ഒപ്പം കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിന് അച്ചന്മാർ നിയോഗിച്ചിരുന്നതും ജിന്റോയെ തന്നെ ആയിരുന്നു. അങ്ങനെ പാട്ടിന്റെ ലോകത്തിൽ നിൽക്കുമ്പോഴാണ് അതിനൊപ്പം ചേർന്നുനിൽക്കുന്ന അല്ലെങ്കിൽ ഒരു പാട്ടിനെ പൂർണ്ണമാക്കുന്ന അതിന്റെ സാങ്കേതികവശങ്ങളിലേയ്ക്ക് ശ്രദ്ധയാകർഷിക്കപ്പെടുന്നത്.

ഇലക്ട്രോണിക്സിനോടുള്ള താൽപ്പര്യം ഐടിഐ -യിലേയ്ക്കും കമ്പ്യൂട്ടർ പഠനത്തിലേയ്ക്കും നയിച്ചു. എങ്കിലും കറങ്ങിത്തിരിഞ്ഞു സൗണ്ട് എഞ്ചിനീയറിങ്ങിലേയ്ക്കു തന്നെ എത്തിപ്പെടുകയായിരുന്നു. അന്ന് റെക്കോഡിങ്ങിനെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ സഹായിച്ചത് സുഹൃത്ത് രഞ്ജിത്ത് വിശ്വനാഥനാണ്. സൗണ്ട് എഞ്ചിനീയർ കൂടിയായ അദ്ദേഹത്തിനൊപ്പം നിന്നാണ് മിക്സിങ്ങും മാസ്റ്ററിങ്ങും എല്ലാം പഠിക്കുന്നത്. ശേഷം ചെന്നൈയിൽ പോയി പഠിച്ചു.

മിക്സിങ് ആൻഡ് മാസ്റ്ററിങ്

പണ്ടുകാലങ്ങളിൽ പാട്ടുകാരും വാദ്യോപകരണങ്ങൾ വായിക്കുന്നവരും എല്ലാവരും ഒരുമിച്ചിരുന്നാണ് റെക്കോർഡിങ് നടത്തിക്കൊണ്ടിരുന്നത്. അതിൽ ആരെങ്കിലും ഒരാൾ തെറ്റിച്ചാൽ അത് വീണ്ടും റെക്കോഡിങ് നടത്തേണ്ടിവരും. ഒരുപാട് ആളുകളുടെ സമയം അതിലൂടെ നഷ്ടമായിരുന്നു. എന്നാൽ കാലം മാറിയതോടെ സാങ്കേതികവിദ്യയിലും ഒരുപാട് വളർച്ചകൾ ഉണ്ടായി. പിന്നീട് ഇത് പല ട്രാക്കിലേയ്ക്ക് റിക്കോർഡ് ചെയ്യാൻ തുടങ്ങി. ഒരു ട്രാക്കിൽ കീബോർഡ് മാത്രം എടുക്കും. പിന്നീട് തബല, വയലിൻ അങ്ങനെ വ്യത്യസ്ത വാദ്യോപകരണങ്ങൾ പല ട്രാക്കുകളിലായി റൊക്കോഡ് ചെയ്തിടും. പലരും പാടുന്നതും സംഗീതോപകരണങ്ങളും പല ട്രാക്കുകളിലാക്കി എങ്ങനെ വേണമെങ്കിലും മാറ്റം വരുത്തുന്ന വിധത്തിൽ തയ്യാറാക്കി വയ്ക്കും. ശേഷം പ്രധാന പാട്ടുകാരന്റെ പാട്ടും റെക്കോഡ് ചെയ്യും. അതിനുശേഷം സംഗീതോപകരണങ്ങളുടെ സൗണ്ട് പിന്നണിയിലും വോക്കൽ അതിനുവേണ്ട എഫക്ടുകളും മറ്റും നൽകി മുന്നിലും നിർത്തി നമുക്ക് ആസ്വദിക്കാൻ പാകത്തിലാക്കി എടുക്കുന്ന ഒരു പ്രോസസ് ആണ് മിക്സിങ്.

മിക്സിങ് ചെയ്തെടുക്കുന്നതിനെ ഒന്നുകൂടെ കേൾക്കാൻ സുഖമാക്കുകയും ഏറ്റക്കുറച്ചിലുകൾ ബാലൻസ് ചെയ്യുകയും അവയെ ഒരേ വോളിയത്തിലും ഒരേ ക്വാളിറ്റിയിലും ആക്കുന്ന ഒരു പ്രോസസ് ആണ് മാസ്റ്ററിങ്.

ക്രിസ്തീയ ഭക്തിഗാന രംഗത്തേയ്ക്ക്

റെക്കോഡിങ് ഒക്കെ പഠിച്ചതിനുശേഷം ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു അവിടുത്തെ കമ്പ്യൂട്ടറിലാണ് ആദ്യമായി പഠിച്ച കാര്യങ്ങൾ ഒക്കെ പരീക്ഷിച്ചത്. അങ്ങനെയിരിക്കുമ്പോഴാണ് വികാരിയച്ചൻ ജോർജ്ജ് കുന്നംകോട്ട് അച്ചൻ നൊവേന പാട്ടുകൾ പരിഷ്കരിക്കണം എന്ന ആവശ്യം ക്വയർ മാസ്റ്ററിനോട് ആവശ്യപ്പെടുന്നത്. അതിന്റെ ടെക്നിക്കൽ കാര്യങ്ങൾ ഒക്കെ ജിന്റോ ഏറ്റെടുത്തു. അങ്ങനെ റെക്കോഡിങ്ങിൽ ആദ്യപരീക്ഷണം നടത്തി. സംഭവം ക്ലിക് ആയതോടെ അടുത്തുള്ള നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിലെ നൊവേന റെക്കോഡ് ചെയ്യുവാനുള്ള അവസരം ലഭിച്ചു. അന്ന് കണ്ടത്തിങ്കര അച്ചനാണ് റെക്കോഡ് ചെയ്യാനുള്ള പ്രാർത്ഥനകൾ ഒക്കെ ചൊല്ലിത്തന്നത്. അദ്ദേഹം പറഞ്ഞ സമയത്ത് എത്തുകയും റെക്കോഡിങ് പൂർത്തിയാക്കി മടങ്ങുകയും ചെയ്‌തു. നിർഭാഗ്യവശാൽ റൊക്കോഡ് ചെയ്ത പകുതി ഭാഗങ്ങൾ എങ്ങനെയോ പോയി. എല്ലാവര്‍ക്കും പേടിയായി. വേറെ വഴിയില്ലാത്തതിനാൽ അച്ചനെ ഒന്നുകൂടെ വിളിച്ചു കാര്യം പറഞ്ഞു. “ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ ദേഷ്യമോ ഒച്ചപ്പാടുകളോ ഒന്നുംതന്നെ അച്ചന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അദ്ദേഹം, സാരമില്ല ഞാൻ വരാം എന്ന് പറഞ്ഞു വീണ്ടും എത്തുകയും ഇത് കുറച്ചുകൂടെ നന്നായി വരും എന്ന് പറഞ്ഞു ഞങ്ങളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്‌തു. ഈ ഒരു സംഭവം വലിയ പ്രചോദനമാണ് ഞങ്ങൾക്ക് നൽകിയത്. എന്റെ റെക്കോഡിങ് ജീവിതത്തിൽ ആ സംഭവം ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്” – ജിന്റോ പറയുന്നു.

ഏതായാലും ഈ സംഭവം ജിന്റോയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി. ഇനി ചെയ്യുമ്പോൾ കൂടുതൽ പ്രഫഷണൽ ആയി ചെയ്യണം എന്ന്  തോന്നിത്തുടങ്ങി. ആ തോന്നൽ 2004-ൽ തൊടുപുഴയിൽ ഒരു പ്രഫഷണൽ സ്റ്റുഡിയോ തുടങ്ങുന്നതിനു കാരണമായി. ഗീതം സൗണ്ട് റെക്കോഡിങ് സ്റ്റുഡിയോ എന്ന പേരിലാണ് ഇത് ആരംഭിച്ചത്. അവിടെ റിക്കോഡ്‌ ചെയ്തത് ആദ്യം ക്രിസ്തീയ ഭക്തിഗാനങ്ങൾ ആയതിനാൽ തന്നെ പിന്നീടു ചെയ്ത റെക്കോഡിങ്ങുകളിൽ ഭൂരിഭാഗവും ക്രിസ്തീയ ഭക്തിഗാനങ്ങൾ തന്നെ ആയിരുന്നു. നാലായിരത്തിൽ അധികം പാട്ടുകൾ റിക്കോഡ്‌ ചെയ്തു മിക്സ് ചെയ്യുവാൻ ഈ കാലയളവിൽ അദ്ദേഹത്തിന് കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും ക്രിസ്തീയഗാനങ്ങൾ തന്നെയാണ്.

2015-ൽ എറണാകുളത്ത് ഗീതം സ്റ്റുഡിയോയുടെ മറ്റൊരു ബ്രാഞ്ച് കൂടി തുടങ്ങി. ഇവിടെ റിക്കോഡിങ് മാത്രമല്ല അതിന്റെ വിഷ്വൽ എഡിറ്റിംഗും മറ്റും ചെയ്യാൻ തുടങ്ങി. ഒരു പ്രൊഡക്ഷൻ ഹൗസ് ആയിട്ടാണ് എറണാകുളത്ത് ആരംഭിച്ചിരിക്കുന്നത്. ഗീതം മീഡിയ സ്റ്റുഡിയോസ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.  ഇതുവരെ പതിനാറു ഭാഷയിൽ പാട്ടുകൾ റെക്കോർഡ് ചെയ്തു. ഒപ്പം വിവിധ രാജ്യങ്ങളിലേയ്ക്ക് ഗീതം സ്റ്റുഡിയോയും ജിന്റോ ജോണിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ്ങും ചേക്കേറിക്കഴിഞ്ഞു.

സംതൃപ്തി നൽകിയ തൊഴിൽ

പാട്ടുകാരെ പലപ്പോഴും ആളുകൾ അറിയും. സംഗീതം നൽകിയവരെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും ഒക്കെ അറിയാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ആദ്യകാലങ്ങളിൽ ഒക്കെ നമ്മളെ ഒന്നും തിരിച്ചറിയുന്നില്ലല്ലോ എന്ന തോന്നൽ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ആ രീതികൾ മാറിവരുന്നുണ്ട് എന്ന് ജിന്റോ പറയുന്നു. കാരണം, ഒരു പാട്ട് കേൾക്കുന്ന രീതിയിൽ ആയിത്തീരുന്നത് പാട്ടുകാരന്റെ മികവുകൊണ്ടു മാത്രമല്ല. അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആളുകളുടെ അദ്ധ്വാനത്തിന്റെ ഫലവും കൊണ്ടാണ് എന്ന് ആളുകൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. നാളിതുവരെ ഓരോ പാട്ട് ചെയ്യുമ്പോഴും വല്ലാത്ത ഒരു സംതൃപ്തി തോന്നാറുണ്ട്. ആ സംതൃപ്തി നൽകുന്ന ഊർജ്ജം ചെറുതല്ല. കൂടാതെ നല്ല പാട്ടുകാർക്കൊപ്പവും സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്നത് വളരെ സന്തോഷം നൽകുന്നു. കൂടാതെ നിരവധി വൈദികരും നല്ല പിന്തുണ നൽകുന്നുണ്ട് എന്നും ജിന്റോ പറയുന്നു.

മിഴി നിറഞ്ഞു, അത്യുന്നതന്റെ മറവിൽ, ഉരുകി ഉരുകി തീർന്നിടാം തുടങ്ങിയ പാട്ടുകൾ ജനകോടികൾ കണ്ടു പ്രാർത്ഥനയാകുമ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിക്കാൻ അവസരം നൽകിയതിനെയോർത്ത് ഈ തൊടുപുഴക്കാരൻ നന്ദി പറയുകയാണ്. ഇനി പാട്ടുകളുടെ റിക്കോഡിങ്, മിക്സിങ് മാത്രമല്ല നിരവധി പാട്ടുകൾക്ക് സംഗീതം നൽകുകയും പാടുകയും ചെയ്തിട്ടുണ്ട് ജിന്റോ. മൈക്കിൾ പനച്ചിക്കലച്ചന്റെ രചനയിൽ ചെയ്‌ത എഫ്സിസി സന്യാസ സമൂഹത്തിന്റെ ഇപ്പോഴത്തെ ആന്തം, വിൻസെൻഷ്യൻ സഭയുടെ സ്ഥാപകനായ കാട്ടാറത്ത് വർക്കിയച്ചനെക്കുറിച്ചുള്ള ഗാനം, ഹൃദയാധി നാഥൻ, ബേബി ജോൺ കാലയന്താനിയുടെ കൂടെ ‘അണയുന്നു ഞങ്ങൾ ബലിവേദിയിങ്കൽ’, ‘ഓമന കുഞ്ഞിനെ പോൽ’, ലിസി ഫെർണാണ്ടസിന്റെ രചനയിൽ വിശുദ്ധനായ അന്തോനീസേ, തിരികൾ തെളിഞ്ഞു അൾത്താരയിൽ എന്ന് തുടങ്ങുന്ന പാട്ട് തുടങ്ങി നിരവധി പാട്ടുകൾക്ക് സംഗീതം നൽകിയതും ജിന്റോ തന്നെയാണ്.

തൊടുപുഴ പ്ലാക്കൽ പുത്തൻപുരയിൽ ജോൺ – ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ് ജിന്റോ. ഭാര്യ റിൻസി. ഡിയോൺ, റയാൻ എന്നിവരാണ് കുട്ടികൾ.

മരിയ ജോസ് 

3 COMMENTS

  1. ജീവിതത്തിൽ വരുന്ന പ്രശ്നങ്ങൾ നീ പോലും അറിയാതെ മാറി പോകുമ്പോൾ ചിന്തിക്കുക ദൈവം നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് . മഞ്ജു ശർമ്മ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.