‘ദൈവം നിന്നോടുകൂടെ’ – പാടി പ്രാർത്ഥിച്ച് എം.എസ്.ടി. വൈദികർ

“ദൈവം നിന്നോടുകൂടെ, നിൻ ഭവനത്തോടുമൊപ്പം…നിൻ രാജ്യത്തോടുമൊപ്പം…” എന്ന പ്രാർത്ഥനാശംസകളോടെ MST വൈദികർ, ഭാരതവും വിദേശരാജ്യങ്ങളും അടങ്ങുന്ന അവരുടെ പ്രവർത്തനമേഖലകളിലെ 20 ഭാഷകളിൽ ഒന്നുചേർന്ന് ആലപിക്കുന്ന ‘Joy of Serving Lord…’ എന്നാരംഭിക്കുന്ന ഈ മനോഹരമായ ഗാനം ശ്രദ്ധേയമാകുന്നു. കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ ലോകവും ഭാരതവും നമ്മുടെ കൊച്ചുകേരളവും ഞെരുങ്ങുമ്പോൾ, ഉത്ഥിതനായ കർത്താവ് നിന്റെ പരീക്ഷകളിലും ദുരിതങ്ങളിലും നിന്നോടൊപ്പമുണ്ട് എന്ന, ഈ ഗാനത്തിലെ സന്ദേശം ഇരുപതു ഭാഷകളിൽ പ്രതിധ്വനിക്കുന്നു.

കേരളത്തിൽ, കോട്ടയം ജില്ലയിൽ ഭരണങ്ങാനത്തിനടുത്തുള്ള മേലമ്പാറ ആസ്ഥാനമാക്കി 1968-ൽ ആരംഭിച്ച സെന്റ് തോമസ് മിഷനറി സൊസൈറ്റിയിൽ 365 വൈദികരാണുള്ളത്. ഭാരതത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും സേവനം ചെയ്യുന്ന ഈ സൊസെറ്റി, തങ്ങളുടെ സ്തുത്യർഹമായ സേവനത്തിൽ 51 വർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ലളിതമായ ജീവിതസാഹചര്യങ്ങളിൽ ഭാരതത്തിലെ ഗ്രാമീണമേഖലകളിൽ പാവപ്പെട്ടവർക്ക് പ്രത്യാശയുടെ കിരണമായി, ക്രിസ്തീയമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന വിദ്യാലയങ്ങൾ സ്ഥാപിച്ചുകൊണ്ട്, ഇരുൾ നീക്കുന്ന പ്രകാശമായി നോൺ ഫോർമൽ എഡ്യൂക്കേഷൻ, വുമൺ വെൽഫെയർ, കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണ സ്ഥാപനങ്ങൾ, എയ്ഡ്സ് ബാധിതരായവരുടെ കുട്ടികൾക്കായുള്ള പരിപാലനം, റാഗ് പിക്കേർസ്ന്റെ ഇടയിലുള്ള സേവനം എന്നീ പ്രവർത്തങ്ങൾ വഴി ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്ന ഈ മിഷനറി സമൂഹം, കൊറോണയുടെ ഈ ദുരിതത്തിൽ ഓരോ മിഷൻ പ്രദേശങ്ങളിലും/ കേന്ദ്രങ്ങളിലും നടത്തിയ അകമഴിഞ്ഞ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്.

സൊസൈറ്റിയുടെ പ്രവർത്തനമേഖലകളിലെ എല്ലാ ഭാഷകളും ഉൾപ്പെടുത്തി ഒരു ഗാനം ചെയ്യുക എന്നത് സൊസൈറ്റിയുടെ ജനറാൾ ആയ പെരിയ ബഹുമാനപ്പെട്ട ആന്റണി പെരുമാനൂർ അച്ചന്റെ മനസ്സിൽ ഉണർന്ന ഒരു ആശയമാണ്. നവി മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, സൊസൈറ്റിയുടെ തന്നെ സ്ഥാപനമായ, മ്യൂസിക് ആൻഡ് ആർട്സ് അക്കാദമി ‘കലാസാധനയുടെ’ ഡയറക്ടർ ആയ ബഹുമാനപ്പെട്ട അശോക് കൊല്ലംകുടി അച്ചനാണ് ഈ ഗാനം രചിച്ച് ഈണം നൽകിയത്. മലയാളത്തിലും ഹിന്ദിയിലും ദൈവാലയ ആരാധനയ്ക്ക് ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച ഈ വൈദികൻ, അനേകം MSTവൈദികരെയും ബ്രദേഴ്‌സിനെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ ഗാനത്തിന് ചുക്കാൻ പിടിച്ചു.

KCBC മിഷൻ സമ്മിറ്റ് ആന്തം, സീറോ മലബാർ അസംബ്ലി ആന്തം എന്നിവയ്ക്കു പുറമെ ദൈവജനം മനസ്സിലേറ്റിയ, ‘എത്ര വളർന്നാലും ദൈവമേ…,’ ‘നാമം ചൊല്ലും നാവുകളിൽ…,’ ‘ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ…,’ ‘കുടമാളൂരിൽ തളിർത്ത വല്ലരിയെ…,’ ‘അമ്മയെന്ന രണ്ടക്ഷരത്തിൽ…,’ ‘ദൈവം ആദിയിൽ തീർത്തൊരാലയം…’ എന്നീ ഗാനങ്ങൾ ഈ വൈദികന്റെ തൂലികയിൽ വിരിഞ്ഞ അനേകം ഗാനങ്ങളിൽ എടുത്തുപറയപ്പെടേണ്ട ചിലതാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിൽ ബിരുദാനന്ത ബിരുദം നേടിയിട്ടുള്ള ഫാ. അശോക് ഇപ്പോൾ കലാസാധന മ്യൂസിക് അക്കാദമിയുടെ ഡയറക്ടറായി സേവനം അനുഷ്‌ഠിക്കുന്നു. “A SONG OF HOPE -THE LORD BE WITH YOU” – “ദൈവം നിന്നോടു കൂടെ…” എന്ന പ്രത്യാശയും ആത്മീയചൈതന്യവും നിറഞ്ഞ ഈ ഗാനം പ്രേക്ഷകർക്ക് / ശ്രോതാക്കൾക്ക് ഒരു പുത്തൻ അനുഭവം പകരുമെന്നു തീർച്ച.

4 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.