സമൂഹത്തിൽ ഒറ്റപ്പെടുന്നവർക്കിടയിലേയ്ക്ക് ഇറങ്ങിയ സന്യാസിനി

സി. സൗമ്യ DSHJ

സിസ്റ്റര്‍ ജെര്‍മീന, കനോഷ്യന്‍ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി (fdcc) സഭാംഗം ആണ്. സാമൂഹിക സേവനങ്ങള്‍ വഴി ഇന്ന്‌ അനേകര്‍ക്ക് ധൈര്യവും പ്രതീക്ഷയും പകരുകയാണ് ഈ സന്യാസിനി. തമിഴ്നാട്ടിലെ ചെന്നൈയാണ് സിസ്റ്ററിന്റെ പ്രവര്‍ത്തന മണ്ഡലം. ‘ജനോദയ’ എന്ന ഏജന്‍സി വഴിയാണ് ഇപ്പോള്‍ ഒരുവര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ട ആളുകളുടെ ഇടയിൽ പ്രവർത്തിക്കാൻ, അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ തൻ്റെ സമയവും വിദ്യാഭ്യാസവും കഴിവും ഉപയോഗപ്പെടുത്തുന്ന ഈ സമർപ്പിതയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനു മാതൃകയാണ്.

പുറന്തള്ളപ്പെട്ടവരോടൊപ്പം നില്‍ക്കാന്‍ ഇറങ്ങിത്തിരിച്ച സന്യാസിനി  

വഴികളും ഓടകളുമൊക്കെ വൃത്തിയാക്കുന്ന ആളുകളെ പണ്ടുകാലത്ത് ‘തീണ്ടലും തൊടീലും’ ഒക്കെ ആരോപിച്ച് സമൂഹം മാറ്റിനിര്‍ത്തിയിരുന്നു. ഇത്തരം ആളുകളെ വളരെ താഴ്ന്ന രീതിയില്‍ കാണുന്ന ഒരു അവസ്ഥ. ചെന്നൈ പോലെയുള്ള വലിയ സിറ്റികളില്‍ ഇത്തരം ക്ലീനിങ് അത്യാവശ്യ കാര്യമാണ്. ഒരു ദിവസം ഈ തൊഴിലാളികള്‍ ജോലിക്കിറങ്ങാതായാൽ എല്ലാം അവതാളത്തിലാകുന്ന അവസ്ഥയാണുള്ളത്. ആരും ചെയ്യാൻ മടിക്കുന്ന ജോലികള്‍ ഇവര്‍ ചെയ്യുന്നു.

എന്നാല്‍ ഇത്തരം ആളുകളുടെ ജീവിതത്തെപ്പറ്റി അധികം ആരും ചിന്തിക്കാറില്ല. പൊതുവേ, ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ധാരാളം ആനൂകുല്യങ്ങള്‍ ലഭ്യമാണ്. എന്നിട്ടും ഇവര്‍ക്ക് ലഭിക്കേണ്ട പലതും പ്രാബല്യത്തില്‍ എത്തുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുവാന്‍, അവര്‍ക്ക് ലഭിക്കേണ്ട പല അവകാശങ്ങളെയും കുറിച്ചുള്ള ബോധ്യം പകരുവാനാണ് സി. ജെര്‍മീനയുടെ പരിശ്രമം.

ഇവർക്ക് സ്വന്തമായി ക്വാർട്ടേഴ്‌സ് ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് പലതും ഇടിച്ചുനിരത്തി പുതിയ കെട്ടിടങ്ങൾക്കായി നൽകുന്നു. അതിനാല്‍ കുടില്‍കെട്ടിയാണ് ഇപ്പോൾ പലരും താമസിക്കുന്നത്. അതിന് ഒരു പ്രത്യേക സ്ഥലത്ത് അധികൃതരുടെ ഭാഗത്ത് നിന്നും വാക്കാൽ ഇവർക്ക് അനുവാദവും ലഭിച്ചിട്ടുണ്ട്. പതിനെട്ടോളം വർഷമായി ഇവർ ഇവിടെ താമസിക്കുന്നു. എന്നാല്‍ അവിടെനിന്നും ഒഴിഞ്ഞുപോകണം എന്ന ഭീഷണി വളരെ ശക്തമാണ്. ഈ ഒരു സാഹചര്യത്തില്‍ പെട്ടെന്നൊരു ദിവസം അവർക്ക് വീടില്ലാതാവുകയും വാടകയ്ക്ക് പോകേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതി കൂടുതല്‍ ദയനീയമാകും.

പല രീതിയില്‍ ഇവരെ ഒഴിപ്പിച്ചു വിടാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കുടിലുകെട്ടി താമസിക്കുന്ന ഈ ആളുകളെ ഇവിടെനിന്നും മാറ്റുവാൻ ഗവൺമെന്റ് പരിശ്രമിച്ചു വരുകയാണ്. അങ്ങനെ ആ സ്ഥലം ഒഴിപ്പിക്കുവാനുള്ള തീരുമാനത്തിനെതിരെ ഈ ആളുകളെ സംഘടിപ്പിക്കാനും നിവേദനം എഴുതി അധികാരികളുടെ ശ്രദ്ധ ഈ വിഷയത്തില്‍ എത്തിക്കുവാനും സി. ജെര്‍മീനയ്ക്കും കൂടെയുള്ളവര്‍ക്കും സാധിച്ചു. അങ്ങനെ ആ നടപടികള്‍ക്ക് സ്റ്റേ വന്നു.

വൈദ്യുതിപോലും ഇല്ലാത്ത അവസ്ഥ

ഈ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ പല നടപടികളും ഉണ്ടായി. അതിലൊന്നാണ് വൈദ്യുതി ഇല്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കുക എന്നത്. 72 ദിവസത്തോളം തുടര്‍ച്ചയായി ഈ പ്രദേശത്ത് ഇലക്ട്രിസിറ്റി ഇല്ലാത്ത സാഹചര്യം പോലും ഉണ്ടായി. ആളുകൾ ഇവിടം വിട്ടുപോകുമെന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതി. എന്നാല്‍ അങ്ങനെയൊന്നും ഇവരുടെ സ്വപ്നങ്ങളുടെമേല്‍ ഇരുട്ട് വീഴ്ത്താന്‍ ഈ സമര്‍പ്പിത സമ്മതിച്ചില്ല. സി. ജെർമീനയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളുടെ ഫലമായി  അവർക്ക് ഇലക്ട്രിസിറ്റി കണക്ഷന്‍ തിരിച്ചുകിട്ടി. ഇപ്പോൾ രണ്ട് വർഷമായിട്ടും ഇന്നുവരെയും ആ ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിട്ടില്ല. അങ്ങനെ വഴിയാധാരമാകാവുന്ന പതിനെട്ടോളം കുടുംബങ്ങൾക്കാണ് ഇവര്‍ അത്താണിയായത്. അവർ ഇപ്പോഴും അവിടെ കഴിയുന്നു.

ഇത്തരം ആളുകൾ താമസിക്കുന്ന നാലോളം സ്ഥലങ്ങൾ ഇടയ്ക്കിടയ്ക്ക് ഈ സന്യാസിനി സന്ദർശിക്കുന്നു. അവർക്ക് ആരോഗ്യ പരിപാലനത്തെക്കുറിച്ച് അവബോധം നൽകുകയും കൗൺസിലിങ് കൊടുക്കുകയും ചെയ്യുന്നു. സാധാരണയായി വിദ്യാഭ്യാസം ഇവർക്ക് വളരെ കുറവാണ്. പരമ്പരാഗതമായി ഈ തൊഴിൽ മേഖലയിൽ വ്യാപാരിക്കുന്നവരാണ് ഇവരിൽ അധികവും. അതിനാല്‍ തന്നെ ഇവര്‍ക്കായി ഈ സന്യാസിനി പകരുന്ന അറിവ് ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ തന്നെ ഉപകരിക്കും. തമിഴ് നന്നായി സംസാരിക്കുന്നതുകൊണ്ട് സാധാരണക്കാരായ ആളുകളോട് ഇടപെടുവാനും അവരെ ശ്രവിക്കാനും കൂടുതല്‍ എളുപ്പമായി.

എയ്ഡ്സ് രോഗികൾക്ക് ആശ്വാസം പകർന്ന്

എയ്ഡ്‌സ് രോഗികൾക്ക് ബോധവത്ക്കരണം കൊടുക്കുവാനും അവരെ കേൾക്കുവാനും മാനസികമായ സപ്പോർട്ട് കൊടുക്കുവാനും ഈ സന്യാസിനി ശ്രമിക്കുന്നു. ചെറിയ കുട്ടികൾ വരെ ഇവരുടെ ഇടയിലുണ്ട്. മരുന്ന് മേടിക്കുവാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ഈ ചെറിയ കുഞ്ഞുങ്ങളുടെ എണ്ണം 120 -ഓളം വരും. “നിരാശയിൽ വരുന്ന ഇവരെ ശ്രവിക്കുമ്പോൾ അവർ പിന്നെ ആന്റീ, അമ്മേ എന്നൊക്കെ വിളിച്ച് സംസാരിക്കുവാൻ തുടങ്ങും. അത്രയും അടുപ്പവും സ്നേഹവും അവർക്കുണ്ടാകും ” – സി. ജെർമീന പറയുന്നു.

കോറോണക്കാലത്ത് കൗൺസിലിംഗിലൂടെ അനേകർക്ക് സാന്ത്വനം

ഇന്നിപ്പോൾ കേട്ട് തഴമ്പിച്ച ഒരു വാക്കായി കൊറോണ മാറുന്നുണ്ടെങ്കിലും അനേകം ആളുകൾ ഈ രോഗം വരുന്നതിന്റെ ദുരിതം പേറുന്നുണ്ട്. ശാരീരിക അസ്വസ്ഥത മാത്രമല്ല, മാനസികമായ ഒറ്റപ്പെടലും ആകുലതയും രോഗികളെയും കൂടെപ്പിറപ്പുകളെയും ഒരുപോലെ കഷ്ടത്തിലാക്കുന്നു. രോഗവ്യാപനം കൂടുതലുള്ള ചെന്നൈയിൽ ഇന്നത്തെ സ്ഥിതി അത്യന്തം രൂക്ഷമാണ്. അവരുടെ ഇടയിൽ  സൈക്കോ – സോഷ്യൽ സപ്പോർട്ട് കൊടുത്തുകൊണ്ട് സി. ജെർമീന സജീവമായിത്തന്നെയുണ്ട്. ഫോണിൽക്കൂടി ആളുകളെ ശ്രവിക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാനും ഈ സിസ്റ്ററിന് സാധിക്കുന്നു.

ടെലി കൗൺസിലിംഗിന് വേണ്ടിയുള്ള ഗ്രൂപ്പിൽ അംഗമാവുകയും അങ്ങനെ ആളുകളെ ഫോണിൽ വിളിച്ച് അവരെ കേൾക്കുകയും ചെയ്യുന്നു. രോഗികൾക്ക് മാത്രമല്ല, അവരുടെ സ്വന്തമായവർക്കും ഈ രോഗം ഏല്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല. “പെട്ടെന്നൊരു ദിവസം രോഗമാണെന്നറിയുമ്പോൾ മാറി താമസിക്കേണ്ടി വരുന്ന അവസ്ഥ, മാതാപിതാക്കളിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന കുട്ടികളുടെ സ്ഥിതി ഇവയെല്ലാം കോവിഡ് എന്ന രോഗത്തിന്റെ ചില ദുരവസ്ഥകളാണ്. ഇവയെല്ലാം ചിലർ കണ്ണീരോടെയാണ് പങ്കുവെയ്ക്കുന്നത്,” – സിസ്റ്റർ പറയുന്നു. പലരോടും സംസാരിക്കാനും അവർക്ക് സാന്ത്വനം നൽകുവാനും സാധിച്ചു എന്നത് വളരെ സന്തോഷം നൽകുന്ന അനുഭവമായി, പ്രാര്‍ത്ഥനയായി സിസ്റ്ററിന്റെ ഉള്ളിലുണ്ട്.

ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിലാണ് സി. ജെര്‍മീനയുടെ വീട്. ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിൽ MSW പഠനത്തിന്റെ ഭാഗമായിത്തന്നെ സിസ്റ്ററിന് പല പ്രവർത്തനങ്ങളിലേക്കും ഇറങ്ങുവാനുള്ള അവസരം ലഭിക്കുന്നുണ്ട്. കോളേജിൽ നിന്നുതന്നെ ‘ബെസ്റ്റ് ഫീൽഡ് വർക്ക് അവാർഡ്’ പഠനത്തിന്റെ രണ്ടുവർഷവും ലഭിച്ചത് സി. ജെർമീനയ്ക്ക് തന്നെ. പ്രതിസന്ധികൾ എന്തുമാകട്ടെ, അവിടെ കാലത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരം നൽകുവാൻ ഈ സമർപ്പിത മുൻപന്തിയിൽ തന്നെയുണ്ട്. അവിടെ രോഗമെന്നോ, മതമെന്നോ, ജാതിയെന്നോ ഉള്ള വേർതിരിവുകൾ ഇല്ല. മനസ്സിൽ എല്ലാവർക്കും ദൈവസ്നേഹത്തിന്റെ വഴികൾ തുറന്നുകൊടുക്കുക എന്ന ലക്ഷ്യം മാത്രം.

സി. സൗമ്യ DSHJ 

 

5 COMMENTS

  1. Proud of you sister Great work you have taken up.Showers of blessings from God.with love & support. CelinMathai

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.