വയലിന്‍ ലോകത്തെ പുത്തൻ താരോദയം: പത്തു വയസുകാരി മാർട്ടീന ചാൾസ്

സി. സൗമ്യ DSHJ

പത്തു വയസുകാരി മാര്‍ട്ടീനാ ചാള്‍സ്. വയലിന്റെ മാസ്മരികലോകത്ത് ഈ കൊച്ചുമിടുക്കി അത്ഭുതമാണ്‌. സംഗീതലോകത്തിലെ ഈ പുത്തന്‍ പാട്ടുകാരി ഇന്നിന്റെ പുതിയ താരോദയമാണ്. പിതാവ് ചാള്‍സിന്റെയും അമ്മ ഷൈനിയുടെയും പ്രോത്സാഹനത്തില്‍ ഇവള്‍ ഇന്ന് എത്തിനില്‍ക്കുന്നത് പ്രായത്തേക്കാള്‍ വലിയ ഉയരത്തിലാണ്. ആഴ്ചയില്‍ ഒരു ദിവസം സ്കൂളില്‍ പോലും പോകാതെ വയലിന്‍ പഠിക്കുവാനായി മാറ്റിവച്ചാണ് ഈ കൊച്ചുമിടുക്കിയുടെ പ്രയത്നം.

എടത്തൊട്ടി നവജ്യോതി സീനിയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മാര്‍ട്ടീന. കണ്ണൂരിലെ ‘രാഗം’ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നാലു വര്‍ഷമായി മാര്‍ട്ടീന വയലിന്‍ പഠിക്കുന്നത്. പ്രശസ്ത ഗായിക സയനോര ഫിലിപ്പിന്റെ പിതാവ് ഫിലിപ്പ് ഫെര്‍ണാണ്ടസിന്റെ ശിക്ഷണത്തില്‍ വയലിന്‍ പരിശീലനം. ഇരിട്ടി പേരാവൂര്‍ മണത്തണയിലാണ് വീട്. അവിടെ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരിലാണ് പഠിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പിതാവ് ചാള്‍സ് വയലിന്‍ പഠിപ്പിക്കാന്‍ കൊണ്ടുപോകും, പഠിപ്പിച്ചശേഷം തിരികെ കൊണ്ടുപോരും. ശരിക്കും ഇവരുടെ കുടുംബം മുഴുവനും മകളുടെ വളര്‍ച്ചയ്ക്കായി ഇവളോടൊപ്പം നില്‍ക്കുന്നു.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും എട്ട് ഗ്രേഡില്‍ ഏഴ് ഗ്രേഡും മാര്‍ട്ടീന പൂര്‍ത്തിയാക്കി. എട്ട് ഗ്രേഡിനുശേഷം മൂന്നു ഡിപ്ലോമയും കൂടി പൂര്‍ത്തിയാക്കിയാല്‍ വയലിനില്‍ ഡോക്ട്രേറ്റും മാര്‍ട്ടീനയ്ക്ക് സ്വന്തം. ഇത്രയും ചെറുപ്പത്തിലേ ഈ ഗ്രേഡുകള്‍ കരസ്ഥമാക്കുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ഈ കൊച്ചുമിടുക്കി. സംഗീതത്തോടൊപ്പം പഠനത്തിലും ഒന്നാമതു തന്നെയാണ് മാര്‍ട്ടീനാ. ഈ കൊച്ചുകലാകാരി വയലിനില്‍ തീര്‍ക്കുന്ന സംഗീതവിരുന്ന് ആരെയും അമ്പരപ്പിക്കുക തന്നെ ചെയ്യും.

പിതാവ് ചാള്‍സും സംഗീതവഴിയില്‍ തന്നെയുള്ള ആളാണ്‌. കീബോര്‍ഡും തബലയും വായിക്കാന്‍ പ്രാവീണ്യമുള്ള അദ്ദേഹം, മകളുടെ കഴിവിനെ തിരിച്ചറിഞ്ഞ് ആറുവയസു മുതല്‍ വയലിന്‍ അഭ്യസിപ്പിക്കുകയായിരുന്നു. ഇരിട്ടി പേരാവൂര്‍ മണത്തണ മടപ്പുരച്ചാലിലെ കല്ലംപ്ലാക്കല്‍ ചാള്‍സ് – ഷൈനി ദമ്പതികളുടെ മകളായ ഈ പത്തു വയസുകാരി നാളെയുടെ പുത്തന്‍ പ്രതീക്ഷയാണ്. ഇനിയും കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ കൊച്ചുമിടുക്കിക്കു സാധിക്കട്ടെ.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.