കയ്യേറ്റം ചെയ്ത ആളുടെ കാൽ കഴുകി ചുംബിച്ച് ഒരു വൈദികൻ

കയ്യേറ്റം ചെയ്ത ഇടവക വിശ്വാസിയുടെ പാദങ്ങൾ കഴുകി ചുംബിച്ചു കൊണ്ട് മാതൃകയായി തീർന്നിരിക്കുകയാണ് മാള തുമ്പരശേരി സെന്റ് മേരീസ് ഇടവക വികാരി ഫാ. നവീൻ ഊക്കൻ. ഇടവകയിലെ വയോധികരെ വിനോദയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്താന്‍ വൈകിയതില്‍ രോഷം പൂണ്ടാണ് ഒരു ഇടവാകാംഗം വികാരിയായ ഫാ. നവീൻ ഊക്കനെ കയ്യേറ്റം ചെയ്തത്.

വൈദികനെ കയ്യേറ്റം ചെയ്‌തത്‌ ഇടവക ജനത്തിനു ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. കയ്യേറ്റം ചെയ്തയാള്‍ മാപ്പ് ചോദിക്കാത്ത പക്ഷം പോലീസ് കേസ് ഫയല്‍ ചെയ്യുവാന്‍ പള്ളിക്കമ്മിറ്റി തീരുമാനിച്ചു. തുടർന്നുള്ള സംഭവ വികാസങ്ങളാണ് ഇടവക ജനത്തിന്റെ കണ്ണ് നിറച്ചത്. വിശുദ്ധ കുർബാന മധ്യേ ഫാ. നവീൻ ഊക്കൻ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. മാപ്പുപറയാൻ എത്തിയ അദ്ദേഹത്തിൻറെ തീരുമാനത്തെ അഭിനന്ദിച്ച വൈദികൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു.

“ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം” അച്ചന്റെ വാക്കുകൾ ഇടവക ജനത്തിന്റെ കണ്ണ് തുറപ്പിച്ചു. ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല’ എന്നു പറഞ്ഞപ്പോള്‍ ഇടവക ജനം മുഴുവന്‍ കണ്ടത് ക്ഷമയുടെ പുതിയ ദൃശ്യരൂപമായിരുന്നു.