മക്കൾക്ക് കൊടുക്കാൻ ബൈബിള്‍ വചനങ്ങള്‍ എഴുതിയ ബുക്ക് സമ്പാദ്യമായി കരുതിവച്ചിരിക്കുന്ന ഒരമ്മ  

സി. സൗമ്യ DSHJ

കൊറോണയും ലോക്ക് ഡൗണും എത്തിയതോടെ തിരക്കുകളുടെ ലോകത്തായിരുന്ന പലരും ഒന്ന് ഫ്രീ ആയി. വീട്ടുകാർക്കൊപ്പമായി. അതുവരെ സമയമില്ലാതിരുന്ന പലരും എങ്ങനെ സമയം കളയും എന്ന ചിന്തയിലായി. പാചകപരീക്ഷണവും ക്രാഫ്റ്റ് വർക്കുകളും വീഡിയോ ഗെയിമും ഒക്കെയായി പലരും സമയം തള്ളിനീക്കി. എന്നാല്‍ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി തനിക്കു ലഭിച്ച ഈ സമയത്തെ ഒരു അനുഗ്രഹമായി മാറ്റുന്ന ഒരു അമ്മയുണ്ട്. കോതമംഗലത്തുള്ള ആനി പോള്‍ ചിറ്റൂപറമ്പില്‍. ലോക്ക് ഡൗൺ സമയം നല്ല രീതിയില്‍ ചിലവിടാന്‍ സങ്കീര്‍ത്തനങ്ങള്‍ എഴുതിത്തുടങ്ങി. ഒരു വചനം ഒരു പ്രാവശ്യമല്ല ഈ അമ്മ എഴുതുന്നത്. മുപ്പത്തിമൂന്നു പ്രാവശ്യം. വചനങ്ങൾ എഴുതിയ ബുക്ക് തന്റെ മക്കള്‍ക്ക് കൊടുക്കുവാനുള്ള അമൂല്യസമ്മാനമായി, സമ്പാദ്യമായി സൂക്ഷിക്കുവാനാണ് ഈ അമ്മയുടെ തീരുമാനം.

ലോക്ക് ഡൗണ്‍ കാലത്തെ തീരുമാനം  

വീട്ടില്‍ തന്നെ ആയിരിക്കുന്ന സമയം. ലോക്ക് ഡൗണ്‍ ആയതിനാല്‍ അയല്‍ക്കാരുപോലും വീട്ടില്‍ കയറിവരാത്ത ഒരു കാലഘട്ടം. “പൈസ ഉണ്ടാക്കാൻ വേണ്ടി ജീവിതത്തിൽ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് 59 വയസിൽ എത്തിനിൽക്കുമ്പോൾ എല്ലാം ദൈവം തന്നു. എന്നാൽ എന്താണ് ഞാൻ എൻ്റെ കർത്താവിനുവേണ്ടി ചെയ്യുന്നത്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് എന്നെ ഇത്തരം കാര്യങ്ങളിലേയ്ക്ക് നയിച്ചത്” – ആനി പറയുന്നു. അങ്ങനെ ഈ സമയം എങ്ങനെ കൂടുതല്‍ വ്യത്യസ്തമാക്കാം എന്ന് ചിന്തിച്ചപ്പോൾ ഈ അമ്മ കണ്ടെത്തിയ മാർഗ്ഗമാണ് ബൈബിൾ എഴുതിത്തുടങ്ങാം എന്നുള്ളത്. സങ്കീർത്തനങ്ങൾ എഴുതിയാണ് തുടക്കം.

മുമ്പും പലതവണ ബൈബിൾ മുഴുവൻ വായിച്ചിട്ടുള്ള ആനി പോൾ ഓരോ വചനവും എഴുതുന്നതിലൂടെ ഒരു പുതിയ മാറ്റം സ്വന്തം ജീവിതത്തിൽ തന്നെ സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. “33 പ്രാവശ്യം ഓരോ വചനം എഴുതുമ്പോഴും അത് എൻ്റെ ജീവിതത്തിൽ തന്നെ പരിവർത്തനം വരുത്തുന്നത് ഞാൻ തിരിച്ചറിയുന്നു. ഒരു ദിവസം നാലെണ്ണം വീതം എഴുതിയാണ് തുടക്കം. മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കാനുള്ള അവസരം ലഭിക്കുന്നു. ദേഷ്യം, വാശി ഇവയൊക്കെ എന്റെ മനസ്സില്‍ നിന്നുതന്നെ നീങ്ങിപ്പോകുന്ന അവസ്ഥ ഞാൻ തന്നെ മനസിലാക്കിത്തുടങ്ങി” – ആനി പറയുന്നു.

ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല പ്രാർത്ഥന  

ആനിയമ്മ വെറുതെയിരുന്ന് സമയം കളയുവാനല്ല ഈ ബൈബിൾ വചനങ്ങൾ എഴുതുന്നത്. ഇടവേളകളിൽ ഒരു കുടുംബത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിർവഹിച്ച ശേഷമാണ് ബൈബിൾ എഴുതുന്നത്. വീട്ടിലെ ജോലികൾ, ക്ലീനിംഗ് എന്നിവയെല്ലാം ഈ അമ്മ ചെയ്യുന്നുണ്ട്. സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടിയുള്ള ഒരു ജീവിതമല്ല, മറിച്ച് ദൈവത്തിന് കൊടുക്കേണ്ട സമയത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തിൽ നിന്നുള്ള ഒരു സമർപ്പണമാണ് ബൈബിൾ വചനങ്ങൾ എഴുതുന്നതിലൂടെ ഈ വീട്ടമ്മ നിർവഹിക്കുന്നത്. ഇപ്പോള്‍ പതിനഞ്ചു ദിവസം കൊണ്ട് 176 വചനങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

എല്ലാ ജോലിയും ചെയ്തശേഷം വന്നിരുന്ന് എഴുതുന്ന ഒരു രീതിയല്ല, മറിച്ച് കുറച്ചു ജോലി ചെയ്തശേഷം വന്ന് വചനങ്ങൾ എഴുതും. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ വരുമ്പോൾ മാത്രം ആശ്രയിക്കേണ്ട ഇടമല്ല ദൈവസന്നിധി. എല്ലായ്‌പ്പോഴും ദൈവത്തിന്റെ സാമിപ്യം ജീവിതത്തിൽ അനുഭവിക്കേണ്ടതുണ്ടെന്നും ആനി പറയുന്നു.

മകള്‍ക്ക് കൊടുക്കാന്‍ അമ്മ കരുതിവച്ചിരിക്കുന്ന വിവാഹ സമ്മാനം

വചനങ്ങൾ എഴുതിവയ്ക്കുന്ന ബുക്കിൽ നിന്നും വീണ്ടും പകർത്തിയെഴുതുന്നുണ്ട്. കാരണം, മക്കൾക്ക് സമ്മാനമായി കൊടുക്കുവാൻ ഈ അമ്മയുടെ സമ്പാദ്യം ഇതാണ്. ദൈവം തന്ന മൂന്ന് മക്കളെയും നല്ല രീതിയിൽ ആത്മീയകാര്യങ്ങളിൽ താത്പര്യമുള്ളവരായി തന്നെ വളർത്തി. മകളുടെ വിവാഹത്തിന് സമ്മാനമായി കൊടുക്കുവാൻ വചനമെഴുതിയ ഒരു ബുക്ക് ഈ അമ്മ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ലോകത്തിൽ എന്തൊക്കെ നേടിയാലും അവസാനം വരെ നിലനിൽക്കുന്നത് ആത്മീയസമ്പത്ത് മാത്രമാണെന്ന ബോധ്യം ഈ നല്ല അമ്മയ്ക്കുണ്ട്. ആയിരം വചനങ്ങള്‍ മുപ്പത്തിമൂന്നു പ്രാവശ്യം എഴുതി മകള്‍ക്ക് കൊടുക്കണമെന്നാണ് ആനിയുടെ ആഗ്രഹം.

“എന്നും എൻ്റെ പ്രാർത്ഥന, മക്കളും കൊച്ചുമക്കളും വഴി ഒരിക്കലും ഈശോയെ വേദനിപ്പിക്കാൻ ഇടവരുത്തരുതേ എന്നതാണ്. ഇന്നുവരെ അവർ നല്ല രീതിയിൽ ജീവിക്കുന്നത് കാണുവാൻ ദൈവം ഇട തന്നു. ഈ വചനങ്ങൾ എഴുതുമ്പോൾ എൻ്റെ ആഗ്രഹവും പ്രാർത്ഥനയും അതാണ്” – ആനി പറയുന്നു.  

കുര്‍ബാന മുടക്കാത്ത 16 വര്‍ഷം  

2004 മുതൽ എല്ലാ ദിവസവും പള്ളിയിൽ പോയിട്ടുണ്ട്. ഇതുവരെ മുടങ്ങിയിട്ടില്ല. “ഊട്ടിക്ക് ടൂര്‍ പോയപ്പോൾ പാലക്കാട് ഒരു പള്ളി കണ്ടുപിടിച്ച് കുർബാനയ്ക്കു പോയി. ഗൂഗിളിലൂടെ അന്വേഷിച്ച് കണ്ടുപിടിച്ചാണ് കുര്‍ബാനയുടെ സമയത്ത് എത്തിയത്. കാരണം, ടെക്‌നോളജി അത്രയ്ക് വലുതാണ്, അത് ഇത്തരം കാര്യങ്ങൾക്കും ഉപയോഗിക്കാമല്ലോ” – ഈ അമ്മ പറയുന്നു. മക്കളും ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഹായമാകാറുണ്ട്. മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയം നല്ല ജോലിക്കും മക്കളെ വളര്‍ത്താനുമുള്ള നെട്ടോട്ടത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവത്തിന് കൊടുക്കേണ്ട സമയമാണ്. അത് നല്ല രീതിയില്‍ വിനിയോഗിക്കുവാന്‍ ഈ അമ്മ ശ്രമിക്കുന്നു. 33 പ്രാവശ്യം വചനം എഴുതുന്നത് ഈശോയുടെ ഈ ലോകജീവിതത്തിലെ പ്രായത്തെ സൂചിപ്പിക്കുവാനാണ്.

ഈ ലോക്ക് ഡൗണിൽ ആരും വീട്ടിലിരുന്ന് ബോറടിക്കേണ്ട കാര്യമില്ല. ഇത്തരം നല്ല കാര്യങ്ങൾ ചെയ്യുവാൻ ഈ അമ്മ ഒരു പ്രചോദനമാണ്. 25 വർഷമായി ഗൾഫിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുകയായിരുന്നു ആനി പോൾ. ഇപ്പോൾ വിശ്രമജീവിതം നയിക്കുമ്പോൾ ഈ അമ്മ ദൈവത്തിന് കൊടുക്കേണ്ട സമയം നഷ്ട്ടപ്പെടുത്താതെ കൊടുത്തുതീര്‍ക്കുവാനുള്ള തിരക്കിലാണ്.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.