കേംബ്രിഡ്ജിൽ നിന്നൊരു മലയാളി വാനമ്പാടി – ടെസ സൂസൻ ജോൺ

മരിയ ജോസ്

വശ്യമായ ആലാപനഭംഗിയോടെ പാടിത്തകർക്കുന്ന ഒരു കുഞ്ഞുവാനമ്പാടി. മലയാളമണ്ണിന്റെ നന്മകളും വശ്യതയും സ്വാംശീകരിച്ച് കേംബ്രിഡ്ജിൽ നിന്നും സംഗീതലോകത്തേയ്ക്ക് വളർന്നുവരുന്ന ആ വാനമ്പാടിയാണ് ടെസ സൂസൻ ജോൺ. കേവലം പതിനാലു വയസ് പ്രായത്തിനിടെ തന്റെ സ്വതസിദ്ധമായ സ്വരശൈലിയുമായി ഈ കൗമാരക്കാരി സംഗീതലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ആറാം വയസിൽ തുടങ്ങിയ സംഗീതപഠനത്തിന്റെ പിൻബലത്തിൽ നിരവധി ഭക്തിഗാനങ്ങളും ആൽബം സോങ്ങുകളും ഒക്കെയായി അനേകരിലേയ്ക്ക് എത്തുകയാണ് ടെസ. ഈ കോവിഡ് കാലത്തും സംഗീതലോകത്ത് മായാവർണ്ണങ്ങൾ വിരിക്കുന്ന ടെസ സൂസൻ ജോൺ ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുന്നു.

കുഞ്ഞുങ്ങളുടെ ഉള്ളിൽ ഓരോ കഴിവുകൾ നിക്ഷേപിച്ചാണ് ദൈവം അവരെ ലോകത്തിലേയ്ക്ക് അയയ്ക്കുന്നത്. മറ്റുള്ളവരിൽ നിന്ന് അവരെ വേർതിരിച്ചു നിർത്തുന്ന അമൂല്യമുത്തുകളായി അവ അങ്ങനെ അവശേഷിക്കും. ആ അമൂല്യമായ കഴിവുകളെ കണ്ടെത്തി വളർത്തുക എന്ന വലിയ ദൗത്യം ദൈവം നൽകിയിരിക്കുന്നതോ മാതാപിതാക്കൾക്കും. ടെസ എന്ന കൊച്ചുഗായികയുടെ വളർച്ചയ്ക്കു പിന്നിലും മാതാപിതാക്കളുടെ ഈ ദൗത്യനിർവ്വഹണം പൂർണ്ണമായും നടപ്പിലായി എന്നു പറയാം.

കോട്ടയം സ്വദേശിയും ഇപ്പോൾ കേംബ്രിഡ്ജിൽ ക്ലിനിക്കൽ ട്രയൽസ്‌ ഡേറ്റ കോർഡിനേറ്ററും ആയ സ്റ്റാൻലി തോമസും ഭാര്യ സൂസൻ ഫ്രാൻസിസും തങ്ങളുടെ മക്കൾക്ക് ദൈവം ദാനമായി നൽകിയ കഴിവുകളെ അതിന്റെ പൂർണ്ണതയിലേയ്ക്ക് വളർത്തുവാൻ തല്പരരായിരുന്നു. അതിനാൽ തന്നെ മക്കളുടെ വളർച്ചയിൽ പൂര്‍ണ്ണ പിന്തുണയും ബലവുമായി അവർ കൂടെ നിന്നു. ചെറുപ്പത്തിൽ മകളുടെ നൃത്തത്തോടുള്ള താല്പര്യം മനസിലാക്കിയ അവർ ടെസയെ നൃത്തം പഠിക്കുന്നതിനായി അയച്ചുതുടങ്ങി.

സാധാരണഗതിയിൽ പാട്ട് ആസ്വദിക്കും എന്നതിൽ കൂടുതൽ സംഗീതപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തതിനാൽ തന്നെ മകളുടെ സംഗീതവാസനയെക്കുറിച്ച് മാതാപിതാക്കളും ബോധവാന്മാരായിരുന്നില്ല. എന്നിരുന്നാൽ തന്നെയും ദൈവം അവർക്കായി ഒരു വഴി ഒരുക്കിയിരുന്നു. ആ വഴി തുറന്നത് നൃത്താധ്യാപികയായ ചിത്രാലക്ഷ്മി ടീച്ചറിലൂടെയായിരുന്നു.

ഒരിക്കൽ, കാറിൽ യാത്ര ചെയ്യവേ ടെസയുടെ പാട്ടു കേൾക്കാനിടയായ ടീച്ചറാണ്, ടെസ പാട്ട് പാടുമെന്നും ആവശ്യമായ പരിശീലനം നൽകിയാൽ ഭാവിയിൽ അത് അവള്‍ക്കൊരു മുതൽക്കൂട്ടാകുമെന്നും പറഞ്ഞത്. ആ വാക്കുകൾ മാതാപിതാക്കൾക്ക് ഒരു തിരിച്ചറിവായിരുന്നു. അങ്ങനെ മകളെ പാട്ടു പഠിക്കുന്നതിനായി ചേർത്തു. ആദ്യം പ്രതിമ മാധുരി ടീച്ചറിന്റെ കീഴിൽ ഏഴാം വയസിൽ സംഗീതപഠനം ആരംഭിച്ചു. ഇപ്പോൾ എംജി സാർ നടത്തുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് സ്‌കൂളിൽ സച്ചിദാനന്ദൻ വലപ്പാടിന്റെ കീഴിൽ സംഗീതപരിശീലനം തുടരുന്നു.

സ്വന്തം ഇടവക ദൈവാലയമായ ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമിൽ നിന്നു തുടങ്ങിയ സംഗീതജീവിതം ഇംഗ്ലീഷ്, മലയാളം കുർബാനകള്‍ക്ക് പാട്ടുകൾ പാടി അൾത്താരയ്ക്കൊപ്പം നിന്നിരുന്ന ആ കുഞ്ഞുപാട്ടുകാരിയെ ദൈവംതമ്പുരാൻ കൈപിടിച്ചുയർത്തി. സ്‌കൂൾ ജീവിതത്തിൽ സംഗീതത്തില്‍ നിരവധി സമ്മാനങ്ങൾ വാങ്ങിക്കൂട്ടി. അതോടൊപ്പം യുക്മ സ്റ്റാർ സിംഗര്‍ നാലാം സീസണിലും ടെസ പങ്കെടുക്കുന്നു.

അവിടം കൊണ്ടും തീർന്നില്ല ടെസയുടെ ഉയർച്ചകൾ. 2017-ൽ ജിനോ കുന്നുംപുറത്തിന്റെ ആൽബത്തിലൂടെ റെക്കോഡിങ്ങിലേയ്ക്ക് എത്തിയ ഈ ഗായികയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി ആൽബം സോങ്ങുകൾ ടെസയെ തേടിയെത്തി. ഫാ. ഷാജി തുമ്പേച്ചിറ, ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി.ബി.എസ്., ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി തുടങ്ങിയ വൈദികരിലൂടെ ക്രിസ്ത്യൻ ഭക്തിഗാനരംഗത്തും ധാരാളം അവസരങ്ങൾ ടെസയെ തേടിയെത്തി. കൂടാതെ സംഗീതരംഗത്തെ പ്രമുഖരായ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, ശരത് സാർ, ജി. വേണുഗോപാൽ എന്നിവർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ഈ പതിനാലു വയസുകാരി ഇതിനോടകം ചെയ്തുകഴിഞ്ഞു. സ്റ്റേജ് പ്രോഗ്രാമുകൾക്കായി ആവശ്യമായ തിരുത്തലുകളും മറ്റും നൽകി ടെസയെ പരിശീലിപ്പിക്കുന്നത്, രാക്ഷസരാജാവ് എന്ന ചിത്രത്തിൽ ‘സ്വപ്നം ത്യജിച്ചാൽ…’ എന്ന പാട്ടു പാടി ശ്രദ്ധേയയായ ഗായിക അശ്വതി വിജയൻ ആണ്. ബിജു നാരായണൻ സാറിനൊപ്പം രണ്ടു പാട്ടുകളും ടെസ്സ പാടിയിട്ടുണ്ട്.

സച്ചിദാനന്ദൻ വലപ്പാട് സാറിന്റെ വരികൾക്കുവേണ്ടി കെ.കെ. നിഷാദിനൊപ്പം ചെയ്ത ആൽബം, മധുരസ്നേഹം എന്നിവ റിലീസിന് ഒരുങ്ങുകയാണ്. അവസരങ്ങൾ ഏറെ എത്തുമ്പോൾ കൂടുതൽ ദൃഢനിശ്ചയത്തോടെയും ഗൗരവത്തോടെയും സംഗീതത്തെ സമീപിക്കുകയാണ് ടെസ. കര്‍ണ്ണാടക സംഗീതത്തിനൊപ്പം പാശ്ചാത്യസംഗീതവും വയലിൻ, വീണ തുടങ്ങിയ സംഗീതോപകരണങ്ങളിലും പരിശീലനം നേടുന്നുണ്ട് ഈ പെൺകുട്ടി.

ഇനി പാട്ടിൽ മാത്രമല്ല യുക്മയുടെ കീഴിൽ നടത്തുന്ന പ്രസംഗം, പദ്യപാരായണം തുടങ്ങിയ മത്സരങ്ങളിലും ബൈബിൾ ക്വിസിലും സമ്മാനാർഹയായിട്ടുണ്ട് ഈ പതിനാലുകാരി. കൂടാതെ, യുകെയിൽ ഉടനീളം നടക്കുന്ന നിരവധി സംഗീതപരിപാടികളിലും ടെസ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇനി ഈ ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ വെറുതെയിരിക്കുകയാണ് ഈ പെൺകുട്ടി എന്ന് കരുതരുത്. ഓൺലൈനിൽ കൂടെയുള്ള മത്സരങ്ങളിലും മറ്റു പരിപാടികളിലുമൊക്കെ പങ്കെടുത്തുകൊണ്ട് ടെസ തിരക്കിലാണ്. കൂടാതെ, തന്റെ ഇടവക ദൈവാലയവുമായി ചേർന്നുനിൽക്കുവാനും ഈ പത്താം ക്ലാസുകാരി ശ്രമിക്കുന്നു. ടെസ്സയ്ക്ക് ഒരു അനിയത്തി കൂടെയുണ്ട് – മിലിസ റോസ് ജോൺ. ചേച്ചിയുടെ പാത പിന്തുടർന്നുകൊണ്ട് സംഗീതലോകത്തേയ്ക്ക് സഞ്ചരിക്കുകയാണ് അനിയത്തിയും.

വളരെ ചുരുങ്ങിയ കാലത്തിനിടെ ടെസ എന്ന പതിനാലുകാരി തന്റെ സ്വരമാധുര്യവുമായി അനേകം മനസുകളെ കീഴടക്കിയെങ്കിൽ അതിനു പിന്നിൽ കഠിനപ്രയത്നത്തിന്റെ നാളുകളുണ്ട്. സംഗീതമാകുന്ന സാഗരത്തിന്റെ അടിത്തട്ടിലെ രഹസ്യങ്ങളുടെ നിലവറ തേടിയിറങ്ങുവാനെടുത്ത സാഹസികമായ തീരുമാനവും ദൃഢനിശ്ചയവും. ആ തീരുമാനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിക്കൊണ്ട് ടെസയുടെ മാതാപിതാക്കളും ഒപ്പം തന്നെയുണ്ട്. എന്തിന്, ഫോണില്‍ക്കൂടെയുള്ള സംഭാഷണത്തിൽ ടെസയുടെ പിഴവുകൾ തിരുത്തിയും പ്രോത്സാഹനം നല്‍കിയും പിതാവ് സ്‌റ്റാൻലിയും അമ്മ സൂസനും ടെസ്സയ്ക്കു സമീപം തന്നെയുണ്ടായിരുന്നു. മകളുടെ ശോഭനമായ ഒരു ഭാവിയ്ക്കായി ഒപ്പം നിൽക്കുന്ന നിലയ്ക്കാത്ത കരുത്തും കരുതലുമായി…

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.