ഹേ, കൊലയാളികളേ… നിങ്ങള്‍ക്ക് അറിയാത്ത നന്മകള്‍ ക്രിസ്ത്യാനികള്‍ക്ക് ഉണ്ട് … വൈറല്‍ ആകുന്ന കത്ത് 

(ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരെ ആക്രമിച്ച കൊലയാളിക്ക് ഒരു സിസ്റ്റര്‍ എഴുതിയ ഹൃദയസ്പർശിയായ കത്ത്, എന്ന പേരില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന കത്തിന്റെ മലയാള വിവര്‍ത്തനം- ഫാ. ജയ്സണ്‍ കുന്നേല്‍ mcbs).

ഞങ്ങളുടെ വിശുദ്ധ കുർബാനയുടെ സമയം കൃത്യമായി അറിയാൻ താങ്കൾ കാണിച്ച പരിശ്രമത്തെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. കൂടാതെ, ഞായറാഴ്ച പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കുമായി ഞങ്ങളുടെ മതസ്ഥർ ദൈവലയങ്ങളിൽ പോകുന്നുവെന്നും താങ്കൾ മനസ്സിലാക്കി. പക്ഷേ, നിർഭാഗ്യവശാൽ അറിയേണ്ട പല കാര്യങ്ങളും താങ്കൾ അറിഞ്ഞില്ല എന്ന് ഞാൻ അനുമാനിക്കുന്നു.

താങ്കളുടെ ചെയ്തികള്‍ അവരെ രക്തസാക്ഷികളായി മാറ്റി എന്ന് ഒരുപക്ഷെ, താങ്കൾ അറിഞ്ഞുകാണുകയില്ല. താങ്കൾ ഒറ്റയ്ക്കു ചെയ്ത പ്രവൃത്തി വഴി ഞങ്ങളുടെ പ്രിയപ്പെട്ട യേശുവിന്റെ സന്നിധിയിൽ ഞങ്ങളുടെ സഹോദരി-സഹോദരന്മാരുടെ സ്ഥാനം ഉയർത്തിയതും താങ്കൾ അറിഞ്ഞുകാണുകയില്ല. താങ്കളുടെ പ്രവൃത്തി വഴി അവരെ ഏറ്റവും നീതിമാന്മാരും ഭക്തരുമായ ക്രൈസ്തവരുടെ പദവിയിലേയ്ക്ക് ഉയർത്തി. താങ്കൾ തിരഞ്ഞെടുത്ത സമയവും സ്ഥലവും യഥാർത്ഥത്തിൽ എന്റെ പ്രിയപ്പെട്ടവർക്ക് അനുഗ്രഹമായി എന്നു ഒരുപക്ഷെ താങ്കൾ അറിഞ്ഞുകാണുകയില്ല. പല ക്രൈസ്തവർക്കും സ്വപ്നം കാണാനും കൊതിക്കാനും മാത്രം കഴിയുന്ന അതുല്യമായ അവസരം താങ്ങൾ എന്റെ സഹോദരി-സഹോദരന്മാർക്ക് നൽകി. രക്ഷയിലേക്കു നയിക്കുന്ന ക്രിസ്തു സ്തുതികൾ അവസാനമായി ഉരുവിട്ടുകൊണ്ട് മരണം വരിക്കാൻ അവർക്ക് കഴിഞ്ഞു. എത്രയോ മനോഹരം!

താങ്കളുടെ ചെയ്തി അവർക്ക് പറുദീസായുടെ കവാടം തുറന്നു എന്ന് ഒരുപക്ഷെ താങ്കൾ അറിഞ്ഞട്ടില്ലായിരിക്കും. ഞങ്ങളുടെ രണ്ടാം ഭവനമായ സഭയിൽ താങ്കളെപ്പോലെയുള്ള വ്യക്തികളേപ്പോലും തുറന്ന കരങ്ങളോട സ്വീകരിക്കുന്ന ക്രൈസ്തവരെ ലോകത്തിനു മുമ്പിൽ കാണിച്ചുകൊടുത്തതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ. ഞങ്ങളുടെ ദൈവാലയങ്ങൾക്കു ഗേറ്റുകളോ പൂട്ടുകളോ ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും സുരക്ഷാപരിശോധനയില്ലാതെ ഞങ്ങളുടെ കൂടെ ആയിരിക്കാൻ വരാമെന്ന് താങ്കള്‍ ലോകത്തെ കാണിച്ചതിനും അഭിനന്ദനങ്ങൾ. യേശുവിലുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും പ്രഖ്യാപനമായി മുറിവേറ്റ ഒരു മനുഷ്യൻ, സ്റ്റെച്ചറിൽ കിടക്കുമ്പോൾ അവന്റെ ചൂണ്ടുവിരൽ മുകളിലേയ്ക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന ശക്തമായ ഒരു ചിത്രവും  ലോകത്തിന് കാണാൻ താങ്കൾ അനുവദിച്ചതിനും അഭിനന്ദനങ്ങൾ.

ഞങ്ങളോടൊപ്പം നിൽക്കാൻ സഭകളെയും ഭരണകൂടങ്ങളെയും സമൂഹങ്ങളെയും ഒന്നുചേർത്തതിനും അഭിനന്ദനങ്ങൾ. എണ്ണമറ്റ ശ്രീലങ്കൻ ജനതയ്ക്ക് അവരുടെ വീടുകളിൽ നിന്നു പുറത്തുവരാനും അവരുടെ സമീപത്തുള്ള ദൈവാലയങ്ങളിൽ  സമാധനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങളുമായി മനോഹരപുഷ്പങ്ങൾ സമർപ്പിക്കാനും താങ്കളുടെ പ്രവൃത്തി കാരണമാക്കി. അതിനും അഭിനന്ദനങ്ങൾ. നിരവധി ഹൃദയങ്ങളെ താങ്കൾ തകർത്തെങ്കിലും ലോകത്തെ താങ്കൾ കരയിപ്പിച്ചെങ്കിലും ഒരു ഒരു വലിയ ശൂന്യത താങ്കൾ ഞങ്ങൾക്കു തന്നുവെങ്കിലും  താങ്കൾ, ഞങ്ങളെ കൂടുതൽ കൂടുതൽ ഒരുമിപ്പിച്ചു. അത് ഞങ്ങളുടെ വിശ്വാസത്തെയും തീരുമാനങ്ങളെയും ശക്തിപ്പെടുത്തി.

വരുന്ന ആഴ്ചകളിൽ, താങ്കൾ അങ്ങേയറ്റം വെറുത്തതും മൃതിയടഞ്ഞ ഞങ്ങളുടെ സഹോദരി-സഹോദരന്മാരുടെ രക്തം ചിന്തിയ വിശ്വാസത്താൽ സുരക്ഷിതവും കെട്ടി ഉറപ്പിക്കപ്പെട്ടതുമായ സഭയിലേയ്ക്കും ധാരാളം വ്യക്തികൾ കടന്നുവരും. വരുന്ന ആഴ്ചകളിൽ മറ്റ് മതവിശ്വസികൾ കൈപ്പടയിലെഴുതിയ സമാധാനസന്ദേശങ്ങളും പുഷ്പങ്ങളുമായി ദൈവാലയങ്ങളിൽ വരും. ഒരുപക്ഷെ, അവരുടെ സമീപത്തുള്ള കത്തോലിക്കാ ദൈവാലയം എവിടെ ആണന്ന് ഇതുവരെ അവർക്ക് അറിയാൻ കഴിയുമായിരുന്നില്ല. പക്ഷേ, ഇപ്പോൾ അവർ ദൈവാലയങ്ങൾ എന്താണെന്നും എവിടെയാണന്നും അറിഞ്ഞു. അത് താങ്കൾ മൂലമാണ്. നശിപ്പിക്കുക എന്ന താങ്കളുടെ ലക്ഷ്യം താങ്കൾ പൂർത്തിയാക്കി. പക്ഷേ, ഞങ്ങളിൽ നിരാശയും ഭയവും വെറുപ്പും കുത്തിവയ്ക്കുന്നതിൽ താങ്കൾ ദയനീയമായി പരാജയപ്പെട്ടു എന്നു ഞാൻ കരുതുന്നു.

ഇത് താങ്കളുടെ രീതിയാണന്ന് ഞാന്‍ മനസ്സിലാക്കുന്നു. വഴിപിഴച്ചതും ദുഷ്ടത  നിറഞ്ഞതുമായ പരിശ്രമങ്ങളിലൂടെ ലോകത്തിലുള്ള ക്രിസ്ത്യാനികളെയും ഇതര മതസ്ഥരെയും ഭിന്നിപ്പിക്കാനുള്ള താങ്കളുടെ ശ്രമം വിശാലമായ പദ്ധതികൾക്ക് ശേഷവും പരാജയപ്പെട്ടു എന്ന് ഞാൻ പറയുന്നു. അതിന് സോറി എന്നു പറയാൻ എനിക്ക് സാധിക്കുകയില്ല.

വിവര്‍ത്തനം: ഫാ. ജയ്സണ്‍ കുന്നേല്‍ mcbs