സാരമിെല്ലെടോ, ഞാനുണ്ടെടോ; ഒക്കെ ശരിയാകും… എന്നൊക്കെ പറഞ്ഞ് താങ്ങിനിർത്തുന്ന എന്റെ ക്രിസ്തുവിന് ഒരു കത്ത്

A letter to my dear Christ. ഗൂഗിളിന് എത്താൻ കഴിയാത്ത ഒന്നുണ്ടെങ്കിൽ അത് എന്താണ്? “ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം” എന്നുപറഞ്ഞ ക്രിസ്തുവിനെയും അവൻ തിരഞ്ഞെടുത്തവരുടെയും ഹൃദയത്തിന്റെ ആഴം, സ്നേഹത്തിന്റെ ഉയരം, തിരഞ്ഞെടുത്തവന്റെ സാമീപ്യം, തിരഞ്ഞെടുക്കപ്പെട്ടവരുടെ ബലക്ഷയം എന്നിങ്ങനെ ഞാനും ക്രിസ്തു എന്ന എന്റെ പ്രിയ ചങ്ങാതിമായുള്ള കൂകൂട്ടുകെട്ടിന്റെ ആഴങ്ങളിലെത്താൻ ഗൂഗിളിനു കഴിയില്ല.

ഇന്ന് സന്യാസത്തിൽ പിറന്നുവീണതിൻ്റെ 14 വർഷം കഴിഞ്ഞ് പതിനഞ്ചാമത്തെ പുതുവത്സരത്തിൽ യാത്ര ആരംഭിക്കുന്നു. ക്രിസ്തുവിനോട് അടുത്തിരുന്ന എന്നെ അവന്റെ അകത്തേയ്ക്ക് വിളിച്ച ദിനം. ചിലതൊക്കെ വിട്ടുകളഞ്ഞും, ചിലതൊക്കെ വിടാതെ പിടിച്ചും ജീവിക്കുവാൻ കർമ്മലവസ്ത്രം ധരിച്ചും നെഞ്ചിലെപ്പോഴും ചാഞ്ചാടുന്ന ക്രൂശിതരൂപവും വഹിച്ച് “ദൈവമേ, നീ എന്നെ നിനക്കായി സൃഷ്ടിച്ചു. ഞാൻ നിന്റേതു മാത്രമായിരിക്കാൻ ആഗ്രഹിക്കുന്നു” എന്ന് ദൈവത്തോടും ലോകത്തോടും എന്നോടും ഞാൻ പരസ്യമായി വിളിച്ചുപറഞ്ഞ ദിനം. അന്ന് ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വൃത-ത്രയങ്ങളുടെ നനവിൽ സന്യാസത്തെ ഹരിതാഭമാക്കാൻ കൃപ നൽകിയ ക്രിസ്തു ഇന്നും എന്റെ കൂടെയുണ്ട്. ആ ക്രിസ്തുവിന് ഒരു കത്ത്…

എന്റെ ഏറ്റവും പ്രിയപ്പെട്ട നിനക്ക്… നിന്റെ ഹൃദയത്തിൽ എനിക്ക് സുഖമാണ്, ഞാന്‍ സുരക്ഷിതയാണ്. എന്റെ ഹൃദയത്തിൽ നിനക്ക് സുഖമാണോ? നീ സ്വസ്ഥനാണോ? സുരക്ഷിതരാണോ? നീ നിന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്നതുപോലെ ഞാൻ നിന്റെ കാര്യങ്ങളിൽ വ്യാപൃതയും ജാഗ്രതയും പുലർത്തുന്നു എന്ന് വിശ്വസിച്ചോട്ടെ. അത്ര ആഴമുള്ള ജാഗ്രതയില്ലെങ്കിലും അതിൽ എത്തിപ്പെടാനുള്ള എന്റെ ആഗ്രഹത്തെ പരിഗണിച്ചെങ്കിലും, നിന്റെ നടന്നു മുറിഞ്ഞ പാദങ്ങൾ എന്റെ പാദുകങ്ങളെ ഓർമ്മിപ്പിച്ചു, ഇത് അഴിച്ചുമാറ്റണം എന്ന്. ഞാൻ അങ്ങനെ ചെയ്തു. അപ്പോഴാണ് ഞാനറിഞ്ഞത് വേഗതയോടെ നടന്ന് വഴിയരികിലുള്ളവരെ വഴിയിലേയ്ക്ക് എത്തിക്കാൻ പാദങ്ങളെ കെട്ടിമുറുക്കി വച്ചിരിക്കുന്ന ഭാരമായിരുന്നു ആ പാദുകങ്ങളെന്ന്.

ദൈവമേ, എന്നോട് അഴിക്കാൻ ആവശ്യപ്പെട്ട ആ പാദുകം എപ്പോഴും എന്നെ നോക്കി ചിരിക്കും. ആ ചിരിയിൽ ഞാൻ അതിനെ പലവട്ടം എടുത്തു ധരിച്ചിട്ടുണ്ട്. അങ്ങനെ ധരിച്ചപ്പോഴൊക്കെ നഷ്ടമായത് കരുണയുടെ ബസ് ആയിരുന്നു. അപ്പത്തിനുവേണ്ടി കാത്തിരിക്കുന്ന, മരുന്നിനായി കരയുന്ന, അനാഥരായ ഉപേക്ഷിക്കപ്പെട്ടവർ ആഗ്രഹിക്കുന്ന സ്നേഹഹം എന്ന സ്റ്റോപ്പിൽ എത്തിപ്പെടാൻ കഴിഞ്ഞിരുന്നില്ല. അത് നിനക്ക് നന്നായിട്ട് അറിയാം. അതൊന്നും ഞാൻ മറച്ചുപിടിക്കുന്നില്ല. എന്നിട്ടും നീ എനിക്ക് കൃപ തന്നു. എന്റെ പാദങ്ങളെ ബലക്ഷയം ആക്കുന്ന പാദുകത്തെ അഴിച്ചുമാറ്റാൻ. അങ്ങനെ അഴിച്ചുമാറ്റി.

നിന്നോടൊപ്പമുള്ള യാത്ര ആരംഭിച്ച് 14 വർഷം പിന്നിടുമ്പോൾ നിന്നോടു പറയാൻ ഒന്നുമാത്രം, നന്ദി… ഒരുപാടൊരുപാട് നന്ദി. ജീവിതത്തിന്റെ ഋതുകാലങ്ങളിൽ കൂട്ടുനിൽക്കുന്നതിന്, ഒറ്റയ്ക്കാകുമ്പോൾ ഒപ്പം ഉണ്ടാകുന്നതിന്, കുതറി മാറിയാലും കുടഞ്ഞെറിഞ്ഞാലും കൂടെത്തന്നെ നിൽക്കുന്നതിന്, സാരമില്ലെടോ.. ഞാനുണ്ടെടോ.. ഒക്കെ ശരിയാകും എന്നൊക്കെ പറഞ്ഞ് താങ്ങിനിർത്തുന്നതിന്…

കൂടുതൽ കുറവുള്ള എന്നെ കൂടുതൽ നന്മയുള്ളവൾ ആണെന്നു പറഞ്ഞ് എന്റെ ജീവിതത്തിലെ കുറവുകളെയും കറകളെയും നിന്റെ കരുണയിൽ മറച്ചുപിടിച്ച് സന്യാസത്തിന്റെ വരപ്രസാദം നൽകി സമൃദ്ധി നൽകി അനുഗ്രഹിക്കുന്നതിന്, ഞാനും പറയട്ടെ റൂമി, എന്ന സാധകനെ പോലെ ദൈവമേ, നീ പറഞ്ഞതും ചെയ്തതോ ഒന്നുമല്ല അത്ഭുതം; നീ തന്നെയാണ് അത്ഭുതം. നീയാകുന്ന അത്ഭുതത്തെ അർപ്പണവഴിയിൽ അനുഭവിക്കാൻ, ആസ്വദിക്കാൻ, ആഘോഷിക്കാൻ പങ്കുവയ്ക്കാന്‍ കൃപ തരണേ…

with lots of love
സി. റൂബിനി CTC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.