ത്യാഗത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ‘നെത്തൂണോയിലെ സൈനിക സെമിത്തേരി’യിലൂടെ ഒരു യാത്ര

ഇറ്റലിയിലെ അമേരിക്കൻ സെമിത്തേരി സമീപകാല ലോകചരിത്രത്തിലെ രക്തരൂക്ഷിത സംഭവങ്ങളുടെ ഒരു തികഞ്ഞ രേഖയാണ്. പച്ചപ്പുൽത്തകിടിയിൽ ഉയര്‍ന്നു നില്‍ക്കുന്ന വെളുത്ത കുരിശുകൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ, ഇറ്റലിയെ ജർമ്മനിയിൽ നിന്നും രക്ഷിക്കാൻ വന്ന അമേരിക്കൻ സൈനികരാൽ കൊല്ലപ്പെട്ടവരുടെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. ‘നെത്തൂണോയിലെ സൈനിക സെമിത്തേരി’ എന്നും ഇത് അറിയപ്പെടുന്നു. സമാധാനത്തിന്റെയും സ്മരണയുടെയും ഒരിടമാണ് ഇത്.

മധ്യ ഇറ്റലിയുടെ ഹൃദയഭാഗത്തുള്ള ഈ അമേരിക്കൻ സ്മാരക ശ്മശാനത്തിലെ ആയിരക്കണക്കിന് വെളുത്ത കുരിശുകൾക്കിടയിലൂടെ നടക്കുകയും അവയ്ക്ക് പിന്നിലെ കഥകൾ കണ്ടെത്തുകയും ചെയ്യുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാനും വിസ്മരിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്.

ചരിത്രം

നിലവിലെ സെമിത്തേരി 1956 -ൽ അമേരിക്കൻ ബാറ്റിൽ സ്മാരക കമ്മീഷൻ നെത്തൂണോ നഗരത്തിൽ (ഇന്ന് പിയാസ്സാലെ കേന്നഡി) സ്ഥാപിച്ചു. ഏകദേശം 31 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ സ്ഥലത്ത് ഏകദേശം 7861 വെളുത്ത മാർബിളിൽ തീർത്ത ശവകുടീരങ്ങളുണ്ട്. 1944 ജനുവരി 24 മുതൽ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചു. നെത്തൂണോയിലെ ഈ സെമിത്തേരി മനോഹരമായ പൈൻ മരങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്.

മാർബിൾ കൊണ്ട് പണികഴിപ്പിച്ച ശവകുടീരങ്ങൾ രണ്ട് രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്രിസ്ത്യാനികളുടെ ശവകുടീരങ്ങൾ മാർബിളിൽ തീർത്ത കുരിശുകളുടെ രൂപത്തിലും യഹൂദന്മാരുടെ ശവകുടീരങ്ങൾ ദാവീദിന്റെ നക്ഷത്രരൂപത്തിലുമാണ് നിർമ്മിച്ചിരിക്കുന്നത്.

7861 മൃതദേഹങ്ങളിൽ അമേരിക്കൻ സൈനികർ മാത്രമല്ല, 17 സ്ത്രീകളുമുണ്ട്. യുദ്ധഭൂമിയിലെ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നഴ്സുമാർ, സൈനിക സഹായികൾ എന്നിവരാണവർ. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈനികർക്കു വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയവരാണിവർ. തിരിച്ചറിയാൻ കഴിയാത്തവരുടെ അവശിഷ്ടങ്ങൾ 490 ശവകുടീരങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു.

സെമിത്തേരിയുടെ ഉള്ളിലെ സ്മാരകം

ഈ സെമിത്തേരിയുടെ ഉള്ളിൽ ഒരു വലിയ സ്മാരകമുണ്ട്. അതിൽ ഒരു ചാപ്പൽ, ഒരു തുറന്ന മുറി, ലാൻഡിങ് പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന മാപ്പുകളുള്ള ഒരു മുറി എന്നിവ ഉൾപ്പെടുന്നു.

ചാപ്പലിന്റെ വെളുത്ത മാർബിളിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് കാണാതായ 3095 പേരുടെ പേരുകൾ കൊത്തിവച്ചിട്ടുണ്ട്. തുറന്ന മുറിയിലെ പ്രധാന സ്ഥാനത്ത് ‘ബ്രദേഴ്സ് ഇൻ ആമ്സ്’ (Brothers in arms) എന്ന സ്മാരകം നിലകൊള്ളുന്നു. ഈ സ്മാരകത്തിൽ സൈനികന്റെയും നാവികന്റെയും ശിൽപങ്ങൾ നിർമ്മിച്ചിരിക്കുന്നു. ഈ ശിൽപങ്ങളുടെ കൈകൾ പരസ്പരം തോളിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. സ്മാരകത്തിന് ഓരോ അറ്റത്തും അലങ്കാര പൂന്തോട്ടങ്ങളുണ്ട്.

സന്ദർശക കേന്ദ്രം

രണ്ടാം ലോകമഹായുദ്ധ കാലത്ത് മരിച്ച സൈനികരുടെ ബന്ധുക്കൾക്കു വേണ്ടി സന്ദർശക കേന്ദ്രത്തിനു സമീപം ഒരു മുറി മാറ്റിവച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് അവിടെ വിശ്രമിക്കാനും വിചിന്തനം ചെയ്യാനും സാധിക്കും. വളരെ ശാന്തത നിറഞ്ഞ ഒരു സ്ഥലമാണിത്. സന്ദർശക കേന്ദ്രത്തിലുള്ള മ്യൂസിയം ആ വർഷങ്ങളിലെ സംഭവങ്ങൾ വിശദീകരിക്കുന്നു. അതോടൊപ്പം അവിടെയുള്ള ജോലിക്കാർ, കഥകളും വിവരങ്ങളും പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നു. യുദ്ധങ്ങളുടെ ഭയാനകമായ ക്രൂരതയെക്കുറിച്ചും അവയുടെ അനീതിയെക്കുറിച്ചും ധ്യാനിക്കാൻ മനുഷ്യനെ സഹായിക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണിത്.

ഇന്ന് സമാധാനത്തോടെ ജീവിക്കുന്ന നാമെല്ലാവരും മരണമടഞ്ഞ ഈ മനുഷ്യരോട് കടപ്പെട്ടിരിക്കുന്നു. നമ്മൾ ഇന്ന് സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് അവർ ജീവൻ വെടിഞ്ഞത്.

സി. ലിബി ജോര്‍ജ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.