ന്യൂസ് അവറിനെ ഹിറ്റാക്കി റിപ്പോർട്ടർ ജോണും ന്യൂസ് റീഡറും

മരിയ ജോസ്

“ലോക് ഡൗൺ അല്ലെ, എല്ലാവരും വീട്ടിൽ ഇരിക്കുകയല്ലേ അതിനാൽ തന്നെ അവർക്കു പ്രയോജനകരമായ എന്തെങ്കിലും ഒക്കെ നൽകണം.” കൊറോണ മൂലം ആളുകൾ വീട്ടിലിരിപ്പ് ആരംഭിച്ചപ്പോൾ മുതൽ ഒട്ടുമിക്ക വൈദികരുടെയും ചിന്ത ഇതായിരുന്നു. ഓരോ വിഭാഗക്കാർക്കായി പ്രത്യേക പരിപാടികളും വ്യത്യസ്തമായ ആശയങ്ങളുമായി വൈദികർ ഓടി നടന്നു. അതിൽ പലതും ശ്രദ്ധേയമായി. അത്തരത്തിൽ ശ്രദ്ധേയമായ  ഒന്നാണ് താമരശേരി രൂപതയിലെ കുട്ടികളുടെ വാർത്താവതരണം.

താമരശ്ശേരി രൂപതയുടെ മതബോധന കേന്ദ്രവും ചെറുപുഷ്പ മിഷൻ ലീഗും, മീഡിയ കമ്മീഷനും സംയുക്തമായി ലോക് ഡൗണിൽ കുട്ടികൾക്കായി നടത്തിയത് വാർത്താവതരണ മത്സരമാണ്. കമ്യൂണിക്കേഷൻ ഡയറക്ടർ ആയ ഫാ. മനോജ് കൊല്ലംപറമ്പിലും ക്യാറ്റക്കിസം ഡയറക്ടർ ആയ ഫാ. അരുൺ വടക്കേലും മിഷൻലീഗ് ഡയറക്ടർ ആയ ഫാ. ജിബിൻ വാമറ്റത്തിലും ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. ഇതിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളുടെ വാർത്താവതരണമാണ് ഇപ്പോൾ അനേകരിൽ കൗതുകം സൃഷ്ടിക്കുന്നത്. ബൈബിൾ സംഭവങ്ങളെ ലോക് ഡൗൺ നാളുകളിലെ സംഭവമായി കണ്ടുകൊണ്ട് വാർത്ത അവതരിപ്പിക്കുക. ഇതായിരുന്നു കുട്ടികൾക്ക് നൽകിയ നിർദ്ദേശം. വളരെ നിസാരം എന്ന് തോന്നാമെങ്കിലും കുട്ടികൾ ഗൗരവത്തിൽ എടുത്തതോടെ സംഭവം സൂപ്പർ ആയി മാറി.

പ്രഫഷണൽ വാർത്താ അവതാരകരെയും റിപ്പോർട്ടർമാരെയും വെല്ലുന്ന പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചിരിക്കുന്നത്. ബെത്‌സയിദാ കുളക്കടവിലെ രോഗശാന്തിയും ജറുസലേം ദൈവാലയത്തിലെ തിരുനാളും ആണ് കുട്ടികൾ ബൈബിൾ കാലത്തു നിന്ന് ലോക് ഡൗൺ കാലത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. സംഭവങ്ങളെ ആധുനിക വാർത്താ അവതരണ ശൈലിയിൽ ഏറ്റവും കൃത്യമായും വ്യക്തമായും ചേർത്തുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.

വാർത്താ അവതാരകനും റിപ്പോർട്ടറും നൽകുന്ന വിവരങ്ങൾ നർമ്മത്തിൽ ചാലിച്ചവയെങ്കിലും മികവോടെയും ഗൗരവത്തോടെയും അവതരിപ്പിച്ചിരിക്കുന്നത് നമ്മിൽ അത്ഭുതം ഉളവാക്കും. ഫേസ് ബുക്കിലൂടെ പുറത്തുവിട്ട ഈ വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാവരും അഭിനന്ദിക്കുന്നത് കുട്ടികളുടെ അവതരണ മികവിനെ തന്നെ. എന്ത് തന്നെയായാലും ഭാവിയിൽ നല്ല മാധ്യമ പ്രവർത്തകരെ വാർത്തെടുക്കുന്നതിൽ മുതൽക്കൂട്ടാകും ഈ പരിപാടി.

ലോക് ഡൗൺ കാലത്ത് താമരശ്ശേരി രൂപത ആറു പരിപാടികൾ ആണ് നടത്തിയത്. അതിൽ ഏറ്റവും ഹിറ്റ് ആയ പരിപാടി ആയിരുന്നു കുട്ടികൾക്ക് വേണ്ടി നടത്തിയ ന്യൂസ് റീഡിങ്. അതിൽ 262 ഓളം എൻട്രികളാണ് ഈ മത്സരത്തിന് വന്നത്.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.