സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ മകളെ പിന്നീട് കണ്ടത് പോലീസ് സ്റ്റേഷനിൽ വച്ച് – ഒരു അപ്പന്റെ കണ്ണീരനുഭവം

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഒരു ഇടവകയിൽ ധ്യാനിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാള്‍ എന്നെ കാണാൻ വന്നത്. രണ്ടു മക്കളുണ്ടയാൾക്ക്. മൂത്തവളുടെ നഴ്സിങ്ങ് പഠനം കഴിഞ്ഞു. ഇളയവൾ ഡിഗ്രിയ്ക്കു പഠിക്കുന്നു. സന്തോഷത്തോടെ ജീവിതം മുന്നോട്ടുനീങ്ങുമ്പോഴാണ് ഭാര്യയ്ക്ക് സ്തനാർബുധമാണെന്ന് അറിയുന്നത്. പെട്ടന്നു തന്നെ സർജറി ചെയ്യേണ്ടതായും വന്നു. അങ്ങനെ ആശുപത്രിയും വീടുമായി കഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്.

നഴ്സിങ്ങ് പഠനം പൂർത്തിയാക്കിയ മകൾ അന്ന് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ കോളേജിലേയ്ക്കു പോകുമ്പോൾ അയാളോട് ഇങ്ങനെ പറഞ്ഞു: “പപ്പാ, ഞാൻ സർട്ടിഫിക്കറ്റ് വാങ്ങിച്ച് നേരെ ആശുപത്രിയിലോട്ട് വന്നേക്കാം. ഇന്നുമുതൽ മമ്മിയുടെ കൂടെ ഞാൻ നിൽക്കാം. പപ്പ കുറേയായില്ലേ നിൽക്കുന്നത്. അതുകൊണ്ട് ഞാൻ വന്നുകഴിഞ്ഞ് വീട്ടിൽ പോകാം.”

അയാൾക്ക് ഏറെ സന്തോഷമായി. അതിലേറെ തന്റെ മകളെക്കുറിച്ച് അഭിമാനവും. എന്നാൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ മകൾ സന്ധ്യയായിട്ടും ആശുപത്രിയിലെത്തിയില്ല. ഫോൺ വിളിച്ചുനോക്കി, സ്വിച്ച്ട് ഓഫ്. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ വന്നത്. മകളുടെ കാര്യം പറയാനാണ്, അത്യാവശ്യമായി സ്റ്റേഷൻ വരെ ചെല്ലണമെന്ന്.

മനസിൽ അയാൾ എന്തൊക്കെയോ ആലോചിച്ചുകൂട്ടി. ഭാര്യയോട് കാര്യമൊന്നും പറയാതെ, അവളെ ശ്രദ്ധിക്കണമെന്ന് നഴ്സിനോടു പറഞ്ഞ് അതിവേഗം പോലീസ് സ്റ്റേഷനിലെത്തി. ചെന്നപ്പോൾ കണ്ട കാഴ്ചയും കേട്ട കാര്യവും ഒരു പിതാവും ആഗ്രഹിക്കാത്തതായിരുന്നു. തന്റെ മകൾ ഒരു കസേരയിൽ ഇരിപ്പുണ്ട്. തൊട്ടടുത്ത കസേരയിൽ ഒരു യുവാവും.

ഇൻസ്പെക്ടർ ഇങ്ങനെ പറഞ്ഞു തുടങ്ങി: “രണ്ടു കാര്യങ്ങൾ പറയാനാണ് നിങ്ങളെ വിളിപ്പിച്ചത്. ഒന്നാമത്തെ കാര്യം നിങ്ങളുടെ മകളും ആ യുവാവുമായി റജിസ്റ്റർ വിവാഹം ചെയ്തു. രണ്ടാമത്തെ കാര്യമെന്നത്, അവളുടെ പിതൃസ്വത്തിന്റെ ഓഹരി എത്രയും വേഗം പിതാവിൽ നിന്നും ലഭിക്കണമെന്നു പറഞ്ഞ് അവളൊരു പരാതിയും തന്നിട്ടുണ്ട്.”

അതു കേട്ടതേ അയാള്‍ ആകെ തകർന്നുപോയി. ആ മകൾ അയാളുടെ മുഖത്തേയ്ക്കൊന്നു നോക്കുകപോലും ചെയ്തില്ല.

കാര്യങ്ങൾക്ക് നടപടിയാക്കാം, ഭാര്യ ആശുപത്രിയിലാണെന്നും പറഞ്ഞ് അയാൾ സ്റ്റേഷൻ വിട്ടിറങ്ങി. ആശുപത്രിയിൽ ചെന്ന് വിഷമത്തോടെ കാര്യങ്ങളെല്ലാം
ഭാര്യയോടു പറഞ്ഞു. തുടർന്നുള്ള കാര്യങ്ങൾ അയാളുടെ വാക്കുകളിൽ തന്നെ എഴുതാം.

“അച്ചാ, ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവള്‍ ഈ പയ്യനുമായി പ്രേമത്തിലാണെന്ന് ഞങ്ങൾ അറിയുന്നത്. അന്ന് ഞാനവളെ തല്ലി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൾ അത്താഴപട്ടിണി കിടക്കുന്നതു കണ്ടപ്പോൾ എനിക്കും വിഷമമായി. കട്ടിലിൽ കിടക്കുകയായിരുന്ന അവളുടെ അരികിൽ ചെന്നിരുന്ന് അവളെ തല്ലിയതിന് ഞാൻ മാപ്പു പറഞ്ഞു. മാത്രമല്ല, അവളുടെ കാലുപിടിച്ചു
ഞാൻ പറഞ്ഞു: ‘മോളേ കുടുംബത്തിന് മാനക്കേടുണ്ടാക്കരുത്.’ അന്നവൾ എന്റെ ശിരസിൽ കൈവച്ച് സത്യം ചെയ്തതാ… ഇനിയൊന്നും ഉണ്ടാകില്ലെന്ന്. ഞങ്ങൾ അവളെ കണ്ണടച്ച് വിശ്വസിച്ചു.

ഇന്നിപ്പോൾ അവൾ ഒളിച്ചോടിപ്പോയതിലും കേസ് കൊടുത്തതിലുമൊക്കെ
എനിക്ക് വിഷമമുണ്ട്. എന്നാൽ, ഏറ്റവും വലിയ വിഷമാം അതൊന്നുമല്ല. അവൾ അന്യമതസ്ഥനായ ആ യുവാവിന്റെ കൂടെയാണ് പോയത്.”

അല്പനേരത്തെ മൗനത്തിനുശേഷം അയാളിങ്ങനെ പറഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചു: “അച്ചാ, എന്റെ മോൾക്കിനി കുർബാന സ്വീകരിക്കാൻ പറ്റില്ലല്ലോ? എത്ര പെട്ടന്നാണച്ചാ അവൾ ഈശോയെ മറന്നത്?”

തുടർന്നു നടന്ന കാര്യങ്ങളൊന്നും ഞാൻ വിവരിക്കുന്നില്ല. മക്കൾ ഒളിച്ചോടി പോയതിൽ ദു:ഖിക്കുന്ന പല മാതാപിതാക്കളെയും ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പിതാവിനെ കണ്ടത് ആദ്യമായിട്ടായിരുന്നു. ഇന്ന് ഇത് കുറിക്കുമ്പോഴും അയാളുടെ വാക്കുകൾ എന്റെ കാതുകളിൽ അലയടിക്കുന്നുണ്ട്… ”അച്ചാ, അവൾക്കിനി കുർബാന സ്വീകരിക്കാൻ പറ്റില്ലല്ലോ…?”

താൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവനുള്ള അപ്പമാണെന്നും അത് ഭക്ഷിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുമെന്നും (Ref: യോഹ. 6:50-51) എത്ര സ്പഷ്ടമായാണ് ക്രിസ്തു പറഞ്ഞുവച്ചിട്ടുള്ളത്. ആ വിശ്വാസമുള്ളതുകൊണ്ടാണ് ആ പിതാവ് അങ്ങനെ വിലപിച്ചത്. അയാളുടെ ദു:ഖം അവൾ ഈശോയെ മറന്നതിലും അവൾക്ക് കുർബാന സ്വീകരിക്കാൻ കഴിയാത്തതിലുമാണ്.

ഇത് വായിക്കുന്ന ചിലർക്കെങ്കിലും അതത്ര വലിയ കാര്യമായി തോന്നണമെന്നില്ല;
അതാണ് ലോകം. പലപ്പോഴും പല മാതാപിതാക്കളുടെയും ആധി മുഴുവനും മക്കളുടെ ഭൗതികമായ ഉന്നമനത്തെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചുമാണ്. അത് നല്ലതു തന്നെ. എന്നാൽ, എത്ര മാതാപിതാക്കളുണ്ട് മക്കളുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്നവർ? എത്ര മാതാപിതാക്കൾക്കറിയാം നിങ്ങളുടെ മക്കൾ അവസാനമായി കുമ്പസാരിച്ചതെന്നാണെന്ന്? വീട്ടിൽ നിന്ന് പഠനത്തിനും ജോലിയ്ക്കുമായി അകന്നുകഴിയുന്ന മക്കൾ എന്നും ഫോൺ വിളിക്കുന്നില്ലേ? അവരോട് പല കാര്യങ്ങളും ചോദിക്കാറുമില്ലേ? എന്നാൽ, നിങ്ങൾ പ്രാർത്ഥിക്കാറുണ്ടോ? പള്ളിയിൽ പോകാറുണ്ടോ? എന്നെല്ലാം അന്വേഷിക്കുന്ന മാതാപിതാൾ ഇന്ന് കുറഞ്ഞുവരികയല്ലേ?

പലപ്പോഴും കുറേയധികം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനിടയിൽ അവശ്യം വേണ്ട പല കാര്യങ്ങളും നമ്മൾ മറന്നുപോകുന്നു. ദൈവത്തെപ്പോലും. അതല്ലേ സത്യം?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.