കുട്ടികളെ പ്രാർത്ഥനയിലേക്ക് കൊണ്ടുവരാൻ ഒരു കുറുക്കു വഴി ഇതാ

ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് പ്രാർത്ഥിക്കുന്നത് ആ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആത്മീയ വളർച്ചയ്ക്ക് കാരണമായി മാറുന്നു. അതുകൊണ്ടാണ് ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനിൽക്കും എന്ന് പറയുന്നത്. പറയാൻ എളുപ്പമുണ്ട് എന്നിരുന്നാലും ഒന്നിച്ചു പ്രാർത്ഥിക്കുക എന്നത് അത്ര എളുപ്പത്തിൽ പ്രായോഗികമാകാവുന്ന ഒന്നല്ല. കാരണം പല സ്ഥലങ്ങളിൽ ജോലിയിൽ ആയിരിക്കുന്നവർ ഒരു കുടുംബത്തിൽ ഉണ്ട്. പല പ്രായത്തിൽ ഉള്ളവരും ഉണ്ട്. അതിനാൽ തന്നെ ഒന്നിച്ചു പ്രാർത്ഥിക്കുന്ന ശീലം എങ്ങനെ പ്രവർത്തിപഥത്തിൽ എത്തിക്കാം എന്നതിനെ കുറിച്ച് ഓരോ കുടുംബാംഗങ്ങളും ആലോചിക്കുക തന്നെ വേണം.

ദമ്പതികളെന്ന നിലയിൽ പ്രാർത്ഥിക്കുന്നതിനേക്കാൾ കുട്ടികളുമായി ഒരുമിച്ച് പ്രാർത്ഥിക്കുന്നത് വളരെ എളുപ്പമാണ്. സാധാരണയായി, കുട്ടികൾ മമ്മിയോടും ഡാഡിയോടും ഒപ്പം പ്രാർത്ഥിക്കാൻ തികച്ചും സന്നദ്ധരാണ്. അവർ പ്രാർത്ഥിക്കും എന്നാൽ ആ പ്രാർത്ഥന പതിവായി നടത്തുവാൻ തക്കവിധത്തിൽ അവരെയും ആ അനുഭവത്തിലേക്ക് കൊണ്ട് വരുന്നതിനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. അതിനു മാതാപിതാക്കളെ സഹായിക്കുന്ന ഒരു മാർഗ്ഗം ഇതാ…

കുട്ടികൾ തന്നെ മുൻകൈ എടുക്കട്ടേ

കുട്ടികളെ പ്രാർത്ഥനയിൽ ഉൽസുകരാക്കുന്നതിനു വേണ്ടി പ്രാർത്ഥനകൾ നയിക്കുന്നത് അവരെ തന്നെ ഏൽപ്പിക്കാം. ഒരു വീട്ടിൽ മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ അവർ ഓരോരുത്തരും മാറി മാറി ഓരോ ദിവസവും പ്രാർത്ഥനകൾ നയിക്കട്ടെ. അങ്ങനെ ചെയ്യുമ്പോൾ ഒരു പക്ഷെ അവർക്കു തെറ്റുകൾ സംഭവിക്കാം. അവിടെ തിരുത്തലുകളും പ്രോത്സാഹനവും നൽകി അവരുടെ ഉള്ളിലെ പരിശുദ്ധാരൂപിയെ ജ്വലിപ്പിക്കുക എന്ന കടമയാണ് ഇവിടെ മാതാപിതാക്കൾക്ക് ഉള്ളത്.

അതിനു മുൻപ് പ്രാർത്ഥിക്കുന്ന സമയത്ത് എങ്ങനെ ഇരിക്കണം എന്നും അവരുടെ കണ്ണുകൾ അടയ്‌ക്കാനും, അവരുടെ ഹൃദയത്തിലുള്ള യേശുവിനെക്കുറിച്ച് ചിന്തിക്കാനും ഒക്കെ അവർക്കു പറഞ്ഞു കൊടുക്കണം. പറഞ്ഞു കൊടുക്കുക മാത്രമല്ല ജീവിതത്തിലൂടെ മാതാപിതാക്കൾ കാണിച്ചു കൊടുക്കുക കൂടെ ചെയ്യണം. ഒപ്പം തന്നെ ഓരോ ദിവസവും ദൈവം അനുഗ്രഹിക്കുന്ന വിധങ്ങൾ അവർക്കു മനസിലാക്കി കൊടുക്കുകയും അതിനു നന്ദി പറയുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. കൂടാതെ ചെയ്തു പോയ തെറ്റുകൾക്ക് ദൈവത്തോട് മാപ്പ് ചോദിക്കുവാനും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലോകത്തിലെ വേദനിക്കുന്നവർക്കും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കുവാനും അവരെ പരിശീലിപ്പിക്കണം.

ഈ പരിശീലനം കുട്ടികളെ എപ്പോഴും നന്ദിയുളവാക്കുകയും മറ്റുള്ളവരുടെ കാര്യത്തിലും ശ്രദ്ധ ചെല്ലത്തുവാൻ പര്യാപ്തരാക്കുകയും ചെയ്യും. ജപമാല പ്രാർത്ഥന ചൊല്ലുമ്പോഴും ഈ മധ്യസ്ഥ പ്രാർത്ഥനയും നന്ദി പ്രാർത്ഥനയും രഹസ്യങ്ങൾ തുടങ്ങുന്നതിനു മുൻപായി കുട്ടികളെ കൊണ്ട് ചൊല്ലിക്കാം. അത് പതിവായി മാറുകയും പ്രാർത്ഥനയിൽ ആഴമുള്ള മക്കളായി കുട്ടികൾ മാറ്റുകയും ചെയ്യും.