“ഉണ്ണീശോയേ, ഈ വർഷം എനിക്ക് കളിപ്പാട്ടം നൽകരുത്”: വൈറലായി 82 വർഷങ്ങൾക്കു മുമ്പ് ഈശോയ്ക്ക് ഒരു ബാലൻ എഴുതിയ കത്ത്

രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ, അതായത് 82 വർഷം മുമ്പ് ഒരു ബാലൻ ഈശോയ്ക്ക് ഒരു കത്തെഴുതി. ഫ്രാൻസിലെ ഒരു ഫർണിച്ചറിന്റെ ഡ്രോയറിന്റെ അടിയിൽ നിന്ന് അടുത്തിടെയാണ് ഈ കത്ത് കണ്ടെത്തിയത്. 1939 ഡിസംബർ 17 -ന് ഫ്രാൻസിലെ മസാമെറ്റ് പട്ടണത്തിൽ നിന്നുള്ള ലിറ്റിൽ പിയറി ഈശോയ്ക്ക് എഴുതിയ കത്തിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു: “പ്രിയപ്പെട്ട ഉണ്ണീശോയേ, എന്റെ ആദ്യ കുർബാനയ്ക്ക് ഒരുങ്ങുന്ന ഈ വർഷം എനിക്ക് കളിപ്പാട്ടങ്ങൾ നൽകരുത്. ഈശോ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അറിയിക്കാനും ഡാഡിയെ സംരക്ഷിക്കണമെന്ന് അങ്ങയോട് ആവശ്യപ്പെടാനും ഇവിടെ നിന്നും കൂടുതൽ ദൂരം ഞങ്ങൾ പോകാതിരിക്കേണ്ടതിനും യുദ്ധം ഉടൻ അവസാനിപ്പിക്കാനും ഞാൻ ഈ ത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നു.”

82 വർഷത്തിനു ശേഷം, ഒരു പഴയ ടേബിളിനുള്ളിൽ മറന്നുവച്ചു പോയ കത്ത് ഈ പ്രദേശത്തെ മറ്റൊരു കുടുംബമാണ് കണ്ടെത്തിയത്. കുട്ടിയുടെ ആ കത്ത് ഹൃദയത്തെ വല്ലാതെ സ്പർശിച്ചതിനാൽ കത്തെഴുതിയ ആളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ അവർ തീരുമാനിച്ചു. വീടിന്റെ പുതിയ ഉടമയുടെ മകളായ ലോറ, പിയറിയെ കണ്ടെത്താനും ഈശോയ്ക്ക് എഴുതിയ കത്ത് തിരികെ നൽകാനും സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞു.

“വീട്ടിൽ ഒരു പഴയ ഫർണിച്ചറിൽ ഒളിഞ്ഞിരിക്കുന്ന ഈ കത്ത് ഞങ്ങൾ കണ്ടെത്തി. ഹൃദയസ്പർശിയായ ഈ കുറിപ്പ് നൽകാൻ ഉടമയോ അയാളുടെ കുടുംബത്തിലെ ഒരാളെയോ കണ്ടെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു” – ലോറ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ലോറയ്ക്ക് അറിയാവുന്നത് കത്തിന്റെ തീയതിയും സ്ഥലവും അത് എഴുതിയ ആൺകുട്ടിയുടെ പിയറി എന്ന പേരും സഹോദരന്റെ പേര് ജോസഫ് എന്നതും മാത്രമാണ്. കാരണം, കത്തിൽ ജോസഫിനെക്കുറിച്ചുള്ള പരാമർശമുണ്ട്.

സോഷ്യൽ മീഡിയയിൽ അപേക്ഷിക്കുന്നതിനു മുമ്പ്, ആ ഫർണിച്ചർ ആരുടേതാണെന്ന് കണ്ടെത്താൻ കുടുംബം വീടിന്റെ മുൻ ഉടമയെ അന്വേഷിച്ചു. അവർ രൂപതയിൽ നിന്നും ടൗൺ സ്കൂളിൽ നിന്നും വിവരങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം അവൾക്ക് പിയറിയുടെ കുടുബവുമായി ബന്ധപ്പെടുവാൻ സാധിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.