ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിവുണ്ടായിരുന്ന 5 വിശുദ്ധര്‍ 

    മനുഷ്യന്‍ സൃഷ്ടിയാല്‍ തന്നെ പ്രകൃതി നിയമങ്ങളാല്‍ ബന്ധിതരാണ്. മനുഷ്യന് പറക്കുവാനോ ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനോ കഴിയില്ല. എന്നാല്‍ വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു, ദൈവത്തിനു അസാധ്യമായത് ഒന്നും ഇല്ല എന്ന്. വിശുദ്ധ ഗ്രന്ഥത്തില്‍ ഈശോ പറയുന്നുണ്ട് ഒരു കടുക് മണിയോളം വിശ്വാസം നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍ ഈ മലയോടു ഇവിടെ നിന്നും മാറിപോവുക എന്ന് പറഞ്ഞാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

    ഇതുപോലെ തന്നെ ദൈവാനുഗ്രഹത്താല്‍ രണ്ടു സ്ഥലങ്ങളില്‍ കാണപ്പെടുവാനുള്ള പ്രത്യേക അനുഗ്രഹം ലഭിച്ച വിശുദ്ധര്‍ ഉണ്ടായിരുന്നു. ഇതിനു പിന്നിലെ രഹസ്യാത്മകത എന്താണെന്നു മനസിലാക്കുവാന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല എങ്കിലും ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിന്റെ വെളിച്ചത്തിൽ മാത്രമേ ഇത് വിശദീകരിക്കാൻ കഴിയൂ. ഇത്തരത്തില്‍ ഒരേ സമയം രണ്ടു സ്ഥലങ്ങളില്‍ ആയിരിക്കുവാന്‍ സിദ്ധി ഉണ്ടായിരുന്ന അഞ്ച് വിശുദ്ധരെ പരിചയപ്പെടുത്തുകയാണ് ചുവടെ:

    1 . വിശുദ്ധ പാദ്രെ പിയോ 

    1887 -1968 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് പാദ്രെ പിയോ. അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നവര്‍ ഒരേ സമയം പല ഇടങ്ങളില്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ഇറ്റലിയില്‍ ആയിരുന്ന വേളയില്‍ അമേരിക്കയിലെ ഒരു സ്ത്രീ അദ്ദേഹത്തെ കാണുകയുണ്ടായി എന്ന് വെളിപ്പെടുത്തിയിരുന്നു.

    2 . വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്

    1579 – 1639 കാലയളവില്‍ പെറുവില്‍ ജീവിച്ചിരുന്ന ബ്രദര്‍ ആയിരുന്നു മാര്‍ട്ടിന്‍ ഡി പോറസ്. ആഴമായ പ്രാര്‍ത്ഥനാ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ ധാരാളം ആളുകള്‍ ഒരേ സമയം പല സ്ഥലങ്ങളില്‍ കണ്ടിരുന്നു. ഫ്രാന്‍സ്‌, മനില, ചൈന തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ ആളുകള്‍ കണ്ടിരുന്നു. കൂടാതെ അടച്ചിട്ട വാതിലുകളില്‍ കൂടെയും മറ്റും അദ്ദേഹം സഞ്ചരിച്ചിരുന്നതായി അദ്ദേഹത്തിന് ഒപ്പം താമസിച്ചിരുന്നവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

    3 . വിശുദ്ധ ജോണ്‍ ബോസ്കോ

    വിശുദ്ധ ജോണ്‍ ബോസ്കോ ആഴമായ വിശ്വാസജീവിതത്തിനു ഉടമയായിരുന്നു. അദ്ദേഹം സംഭവിക്കുവാന്‍ പോകുന്ന അപകടത്തെ കുറിച്ചു മുന്നറിയിപ്പ് നല്‍കുവാനായി ഇറ്റലിയിലെ ടൂറിനില്‍ ആയിരുന്നപ്പോള്‍ സ്പെയിനില്‍ എത്തുകയും ഒരു വൈദികനെ കണ്ടു നിര്‍ദ്ദേശങ്ങള്‍ നല്‍കി അപ്രത്യക്ഷനാവുകയും ചെയ്തു.

    4 . പാദുവായിലെ വിശുദ്ധ അന്തോനീസ് 

    ജീവിച്ചിരിക്കുമ്പോഴേ അത്ഭുത പ്രവര്‍ത്തകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയാണ് വിശുദ്ധ അന്തോനീസ്. അദ്ദേഹം ഒരേ സമയം മൈലുകള്‍ അകലെയുള്ള രണ്ടു പള്ളികളില്‍ ആയിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പള്ളിയില്‍ സന്ദേശം നല്‍കികൊണ്ട് ഇരിക്കുകയായിരുന്ന അദ്ദേഹം അതിനിടയിലാണ് അടുത്തുള്ള കോണ്‍വെന്റില്‍ പാട്ടുപാടാന്‍ എത്തും എന്ന് ഉറപ്പു പറഞ്ഞിരുന്ന കാര്യം ഓര്‍ത്തത്. പെട്ടന്ന് അദ്ദേഹം മൗനം അവലംബിച്ചു. അദ്ദേഹം ആ സമയം തന്നെ മഠത്തിലെ ഗായക സംഘത്തിനു ഒപ്പം എത്തുകയും അതിനു നേതൃത്വം നല്‍കുകയും ചെയ്തു. ഈ സമയം അത്രയും അദ്ദേഹത്തെ ദേവാലയത്തില്‍ ഉള്ളവര്‍ക്ക് കാണാമായിരുന്നു എങ്കിലും അദ്ദേഹം മൗനത്തില്‍ ആയിരുന്നു. ഗായക സംഘത്തിലെ പരിപാടി അവസാനിപ്പിച്ച ഉടനെ തന്നെ അദ്ദേഹം ആദ്യം താന്‍ ആയിരുന്ന ദേവാലയത്തിലെ മൗനം വെടിയുകയും സന്ദേശം തുടരുകയും ചെയ്തു.

    5 . വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 

    സമ്പന്ന കുടുംബത്തില്‍ നിന്ന് എല്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനായി ഇറങ്ങി തിരിച്ച വിശുദ്ധനാണ് ഫ്രാന്‍സിസ് സേവ്യര്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം പകരാനായി എത്തിയ അദ്ദേഹം പല സ്ഥലങ്ങളിലും സുവിശേഷം പ്രസംഗിക്കുന്നതിനായി ഒരേ സമയം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.