2017-ല്‍  ഓസ്‌കറിലെത്തിയ ക്രിസ്ത്യന്‍ സിനിമകള്‍

ഇത്തവണത്തെ ഓസ്‌കാര്‍ ആര്‍ക്കൊക്കെയാണെന്ന് ലോകം ഉറ്റുനോക്കുന്ന സമയമാണിപ്പോള്‍. ഏറ്റവും മികച്ച ചലച്ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്ന അവസരത്തില്‍ ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമകളില്‍ അഞ്ചെണ്ണം കത്തോലിക്കാ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ചവയാണ് എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. മികച്ചതെന്ന് ചലച്ചിത്ര നിരൂപകര്‍ സാക്ഷ്യപ്പെടുത്തിയ അഞ്ച് സിനിമകള്‍ ഇവയാണ്:

1. മാഞ്ചസ്റ്റര്‍ ബൈ ദ് സീ

കെന്നത്ത് ലോന്നര്‍ഗ്രെന്‍ എന്ന ഹോളിവുഡ് സംവിധായകന്റെ മൂന്നാമത്തെ സിനിമയാണ് ‘മാഞ്ചസ്റ്റര്‍ ബൈ ദ് സീ.’ ഒരു കുടുംബാംഗത്തിന്റെ മരണം മുഴുവന്‍ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. തന്റെ സഹോദരന്റെ മരണത്തിന് ശേഷം വീട്ടിലേക്ക് തിരികെയെത്തുന്ന ലീയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മരുമകനായ പാട്രികിന്റെ സംരക്ഷണ ചുമതല കൂടി ലീക്ക് ഏറ്റെടുക്കേണ്ടി വരുന്നു. വ്യക്തിപരമായി കുടുംബത്തില്‍ നിന്നും അയാള്‍ക്ക് അനവധി  മുറിവുകള്‍ ഏല്‍ക്കേണ്ടി വരുന്നുണ്ട്. ശോകമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. വിദ്വേഷവും  സ്‌നേഹവും അനുകമ്പയും നര്‍മ്മവുമെല്ലാം ഈ ചലച്ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. മികച്ച പ്രകടനം ഓസ്‌കാറില്‍ കാഴ്ച വയ്ക്കാന്‍ സാധ്യതയുള്ള ചിത്രമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

2. ലാ ലാ ലാന്‍ഡ്

ഹോളിവുഡ് സംഗീത സംവിധായകന്റെ കഥ പറയുന്ന സിനിമയാണ് ലാലാ ലാന്‍ഡ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരത്തിളക്കത്തില്‍ നിന്നുമാണ് ഈ സിനിമ ഓസ്‌കാര്‍ നോമിനേഷനിലേക്കെത്തുന്നത്. ഒരു സംഗീതജ്ഞന്റെയും നടിയുടെയും പ്രണകഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഡാമിയന്‍ ചാസലാണ് സംവിധായകന്‍.

ചരിത്രത്തില്‍ ഏറ്റവുമധികം ഓസ്‌കാര്‍ നോമിനേഷനുകള്‍ നേടുന്ന ചലച്ചിത്രങ്ങള്‍ക്കൊപ്പമാണ് ‘ലാ ലാ ലാന്‍ഡി’ന്റെയും സ്ഥാനം. മികച്ച  നടനും മികച്ച നടിക്കുമുള്‍പ്പെടെ 14 നോമിനേഷനുകളാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമയുടെ സുവര്‍ണകാലത്തേയ്ക്ക്  പ്രേക്ഷകരെ മടക്കി ക്കൊണ്ടു പോകാന്‍ സാധിച്ച ചിത്രം എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. മറ്റ് ഹോളിവുഡ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രണയരംഗങ്ങളും നൃത്തവും ഈ സിനിമയെ കൂടുതല്‍ മികച്ചതാക്കുന്നു. പ്രണയമാണോ കരിയറിലെ വിജയമാണോ പ്രധാനം എന്നൊരു ചോദ്യം പ്രേക്ഷകര്‍ക്ക് നല്‍കുക കൂടി ചെയ്യുന്നുണ്ട് ഈ സിനിമ.

3. ഹാക്‌സോറിഡ്ജ്

മെല്‍ ഗിബ്‌സണ്‍ എന്ന ഹോളിവുഡ് സംവിധായകന്റെ ബിഗ്‌സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് ഹാക്‌സോ റിഡ്ജ് എന്ന ചലച്ചിത്രം. ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഡെസ്മണ്ട് ഡോസ്സ് എന്ന ക്രൈസ്തവ വിശ്വാസിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ.

സൈനികനായിരുന്നിട്ടും തോക്കെടുക്കുകയോ വെടിയുതിര്‍ക്കുകയോ ചെയ്തിട്ടില്ല ഡെസ്മണ്ട് ഡോസ്സ്. യുദ്ധത്തില്‍ പരിക്കേല്‍ക്കുന്നവക്ക്  വൈദ്യസഹായം എത്തിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. അമേരിക്കയിലെ ഏറ്റവും വലിയ സൈനിക പുരസ്‌കാരമായ മെഡല്‍ ഓഫ് ഓണര്‍ നല്‍കി രാജ്യം ഈ പട്ടാളക്കാരനെ ആദരിച്ചിരുന്നു. ഡെസ്മണ്ട് ഡ്യൂസിനെ അവതരിപ്പിച്ച ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ  മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ ഉണ്ട്. പാഷന്‍ ഓഫ് ദ് ക്രൈസ്റ്റ്, അപോകാലിപ്‌റ്റോ എന്ന സിനിമകള്‍ക്ക് ശേഷം മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്യുന്ന സ്പിരിച്വല്‍ മൂവിയാണ് ഹാക്‌സോറിഡ്ജ്.

4. ലവ്വിംഗ്

വെറുപ്പിനെ ജയിക്കാന്‍ സ്‌നേഹത്തിന് സാധിക്കും എന്ന ഉറപ്പുള്ള സന്ദേശം നല്‍കുകയാണ് ലവിംഗ് എന്ന ചലച്ചിത്രം. വ്യത്യസ്ത സംസ്‌കാരത്തില്‍ ജീവിച്ച രണ്ട് പേര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നു. എന്നാല്‍ അവരുടെ വംശീയ വ്യത്യാസത്തിന്റെ പേരില്‍ അവര്‍ വേട്ടയാടപ്പെടുകയും അറസ്റ്റിലാകുകയും ചെയ്യുന്നു. ഇതാണ് ഈ സിനിമയുടെ കഥാ തന്തു. അത്ഭുതപ്പെടുത്തുന്ന കാഴ്ചകളൊന്നും ഈ സിനിമയില്‍ സംഭവിക്കുന്നില്ല, എങ്കിലും ജീവിതത്തില്‍ സ്‌നേഹത്തിന്റെ പ്രാധാന്യം എന്താണെന്ന് വ്യക്തമാക്കുന്ന ചിത്രമാണിത്. ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് ഈ സിനിമയ്ക്ക് ആധാരം.

5. സൈലന്‍സ്

മാര്‍ട്ടിന്‍ സ്‌കോഴ്‌സസെ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ഡ്രാമാ സിനിമയാണ് സൈലന്‍സ്. ജസ്യൂട്ട് മിഷണറിമാരുടെ കഥ പറയുന്ന ചിത്രമാണിത്. ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രതിസന്ധിയിലാകുന്ന സമയത്ത് ഇവര്‍ അവിടെയെത്തുന്നു. വിശ്വാസത്തിന്റെ സൗന്ദര്യം എന്താണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് സൈലന്‍സ് എന്ന സിനിമ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.