പതിനെട്ടാം കല്ല് – ദുരന്തത്തെ അടയാളപ്പെടുത്തല്‍

മുരളി തുമ്മാരുകുടി

ഒരു കണക്കിന് നമ്മൾ ഭാഗ്യം ചെയ്ത തലമുറയാണ്. നമ്മുടെ അപ്പൂപ്പന്മാർ ഒക്കെ തൊണ്ണൂറ്റി ഒൻപതിലെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞു നമ്മളെ ബോറടിപ്പിച്ച പോലെ നമുക്ക് നമ്മുടെ കൊച്ചു മക്കളോട് പറഞ്ഞു ആളാവാൻ പറ്റിയ ഒരു ദുരന്തം നമുക്കും കിട്ടി. നമുക്കതിനെ “പതിനെട്ടിന്റെ പണി” എന്ന് വിളിക്കാം. പക്ഷെ നമ്മുടെ അപ്പൂപ്പന്മാർ അത് ഓർമ്മകളിൽ മാത്രമേ കുറിച്ച് വച്ചുള്ളൂ (തകഴി വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയിലും മാമ്പറ കുഞ്ഞഹമ്മദ് മാപ്പിള പാട്ടുകളിലും അത് കുറിച്ചിട്ടു). പക്ഷെ സ്വന്തം പറമ്പിന്റെ അറ്റത്ത് ഒരു കുറ്റി നാട്ടിയോ വീടിന്റെ ഭിത്തിയിൽ ഒരു വര വരച്ചോ അതൊന്നു രേഖപ്പെടുത്തി വക്കണം എന്ന് കരണവർമാർക്ക് തോന്നിയില്ല. ഫലമെന്തായി, ഒരു തലമുറ കഴിഞ്ഞപ്പോൾ അതൊക്കെ അപ്പൂപ്പന്റെ പുളു ആണെന്ന് അച്ഛൻ വിചാരിച്ചു. പണ്ട് വെള്ളം പൊങ്ങിയിടത്തു പോയി വീട് വച്ചു, മഴ വന്നപ്പോൾ വീട് വിട്ട് ഓടേണ്ടി വന്നു. ഓടാൻ പറ്റാത്തവർ മരിച്ചു പോയി. ശരിക്കും അച്ഛന്റെയും അപ്പൂപ്പന്റെയും സ്മരണ വരുന്നുണ്ട്.

ഈ പണി നമ്മൾ നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കരുത്. പതിനെട്ടിന് പണി എവിടം വരെ എത്തി എന്ന് നാം നമ്മുടെ ചുറ്റും അടയാളപ്പെടുത്തി വക്കണം. വീടിന്റെ ചുമരിൽ, അമ്പലത്തിന്റെ മേൽക്കൂരയിൽ, സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം നിലയിൽ തുടങ്ങി എവിടെ ഒക്കെ വെള്ളം എത്തിയോ അവിടെ ഒക്കെ നമുക്ക് പ്രളയത്തിന്റെ അടയാളം കോറിയിടണം. ജപ്പാനിൽ ഓരോ സുനാമി കഴിയുമ്പോഴും ആ നാട്ടുകാർ അങ്ങനെയാണ് അടുത്ത തലമുറക്ക് മുന്നറിയിപ്പ് നൽകുന്നത്. ഇതൊക്കെ നമുക്കും എളുപ്പത്തിൽ ചെയ്യാമല്ലോ. നമ്മുടെ അടയാളത്തെ നമുക്ക് പതിനെട്ടാം കല്ല് എന്ന് വിളിക്കാം. ഓരോ ആഗസ്റ്റിലും നമുക്ക് ഈ കല്ലിന്റെ മുന്നിൽ പോയി നിന്ന് മരിച്ചവരുടെ ഓർമ്മ പുതുക്കാം, വേണമെങ്കിൽ ഒരു ഭണ്ഡാരം വച്ച് ദുരന്ത ലഘൂകരണത്തിന് ഫണ്ട് പിരിക്കാം.

ഇതുകൊണ്ട് ഒരു ഗുണം കൂടി ഉണ്ട്. ഈ ദുരന്തം, സുരക്ഷ, കാലാവസ്ഥ വ്യതിയാനം എന്നൊക്കെ പറയുന്നത് ആളുകൾ കൂടുതൽ സീരിയസ് എടുക്കും. പുഴ കയറി വന്നതിന്റെ തെളിവ് പതിനെട്ടിന്റെ പണിയായി മുന്നിൽ നിൽക്കുമ്പോൾ “ഓ ചുമ്മാ, അതൊക്കെ പഴയ ആളുകൾ പുളു പറയുന്നതല്ലേ” എന്ന് ഒരു തലമുറയും പറയില്ല. ഇനി അഥവാ അവർ നമ്മുടെ മുന്നറിയിപ്പ് അവഗണിച്ചു പുഴയിറമ്പിൽ വീട് വച്ചാൽ ഓടുന്ന സമയത്ത് സ്വന്തം കയ്യിലിരിപ്പിനെ പഴിച്ചാൽ മതി. അമ്മൂമ്മയെ സ്മരിക്കേണ്ട !!

മുരളി തുമ്മാരുകുടി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.