നൂറ്റിയൊന്നാം വയസില്‍ കോവിഡില്‍ നിന്നും മോചനം; ദൈവപിതാവിന്റെ അനുഗ്രഹം വിസ്മരിക്കാതെ ഒരു മുത്തശി

ബ്രസീലില്‍ നിന്നുള്ള പെട്രോനിലിയ സൂസ അൽമേഡ എന്ന നൂറ്റിയൊന്നുകാരി മുത്തശി വളരെ സന്തോഷത്തിലാണ്. കാരണം ദൈവം അവര്‍ക്ക് കൊറോണ എന്ന മഹാമാരിയില്‍ നിന്നും മോചനം നല്‍കി. പിതാവായ ദൈവത്തോടുള്ള പ്രത്യേക ഭക്തി ജീവിതത്തില്‍ ഇന്നോളം കാത്തുസൂക്ഷിച്ച ഈ അമ്മ, തനിക്ക് ലഭിച്ച ഈ സൗഖ്യത്തെ ഒരു അത്ഭുതമായിട്ടാണ് കാണുന്നത്.

100 വയസ്സിനു മുകളിൽ പ്രായമുള്ളപ്പോഴും ഈ രോഗത്തില്‍ നിന്ന് എങ്ങനെ കരകയറി എന്ന് ചോദിക്കുന്നവരോട് പറയാന്‍ അൽമേഡ മുത്തശ്ശിക്ക് ഒരു ഉത്തരമേ ഉള്ളൂ. “എനിക്ക് വേണ്ടി ദൈവം ചെയ്ത ഏറ്റവും വലിയ അത്ഭുതമാണിത്.”

വടക്കൻ ബ്രസീലിലെ ആക്സിക്സോ ഡോ ടോക്കാന്റിൻസ് പട്ടണത്തിലാണ് അൽമേഡ താമസിക്കുന്നത്. അയൽസംസ്ഥാനമായ ഗോയിസിലാണ് ദൈവപിതാവിന് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏക പള്ളി സ്ഥിതിചെയ്യുന്നത്. ഈ പള്ളി വലിയ ഒരു തീർത്ഥാടനാലയവുമാണ്. “ഞാൻ നിത്യപിതാവിനോട് ചേർന്നുനിൽക്കുന്നു. എനിക്ക് ആരോഗ്യം നൽകാനും ജീവിതത്തിന്റെ ഒരു വർഷം പൂർത്തിയാക്കാനും ദൈവം ആഗ്രഹിക്കുന്നു. അവിടുന്ന് എനിക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു” – മുത്തശി പറയുന്നു.

കൊറോണ ബാധിച്ച് ആറു ദിവസം വരെ ഐസിയു -വില്‍ കിടക്കേണ്ടിവന്നു. വീട്ടുകാരിൽ നിന്നൊക്കെ അകന്നുജീവിക്കേണ്ടി വന്നെങ്കിലും സുഖപ്പെടുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു ഈ അമ്മയ്ക്ക്. കാരണം അത്രയേറെ, ദൈവത്തെ അവർ മുറുകെപ്പിടിച്ചിരുന്നു.

അൽമേഡ മുത്തശ്ശി മരണത്തെ അതിജീവിക്കുന്നത് ഇതാദ്യ സംഭവമല്ല. 2012 – ൽ ഹൃദ്രോഗം മൂർച്ഛിച്ചതു മൂലം ഡോക്ടർ പറഞ്ഞ ആയുസ് വെറും രണ്ടുമാസം മാത്രമായിരുന്നു. ഇപ്പോൾ എട്ടുവർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആരോഗ്യത്തോടെയിരിക്കാൻ ഇവരെ ദൈവം വീണ്ടും അനുവദിച്ചിരിക്കുന്നു.

അൽമേഡയ്ക്ക് 14 മക്കളും 71 പേരക്കുട്ടികളും 98 കൊച്ചുമക്കളും ഉണ്ട്. കുടുംബം മുഴുവനും നിത്യപിതാവായ ദൈവത്തോട് വളരെ ഭക്തിയുള്ളവരാണ്. കാരണം, ദൈവം നിരവധി അന്യഗ്രഹങ്ങൾ ഇവർക്കായി നൽകിയിട്ടുണ്ടെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അൽമേഡയുടെ ഒരു മകളായ അന്റോണിയ ഇപ്രകാരം പറയുന്നു: “എന്റെ ചെറുമകൻ ജനിച്ചപ്പോൾ മുതൽ കാലിനു വൈകല്യത്തോടെയാണ് ജനിച്ചത്. അവന് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാരും പറഞ്ഞു. എന്നാൽ അവൻ നടക്കാൻ തുടങ്ങിയാൽ ഞാൻ ഗൊയ്‌നിയയിൽ നിന്ന് ട്രിൻഡേഡിലേക്ക് തീർത്ഥാടനമായി നടക്കുമെന്ന് ദൈവത്തിന് വാക്കുകൊടുത്തു. എട്ട് ദിവസത്തിനുള്ളിൽ എന്റെ ചെറുമകൻ നടക്കാൻ തുടങ്ങി. ഇപ്പോൾ അവന് പത്ത് വയസ്സായി. ദൈവം ഇങ്ങനെ അനേകം അനുഗ്രഹങ്ങൾ ഞങ്ങളുടെ കുടുംബത്തിന് നൽകിയിട്ടുണ്ട്.”

ഈ കുടുംബം തങ്ങൾക്ക് ദൈവപിതാവിലൂടെ ലഭിച്ച അനുഗ്രഹത്തിന് നന്ദി പറയുന്നു. കാരണം 1840 – മുതൽ ഈ പ്രദേശത്ത് നിത്യപിതാവിനോടുള്ള ഭക്തി ആരംഭിച്ചതാണ്. ഓരോ വർഷവും അനേകർ ഈ സ്ഥലം സന്ദർശിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുന്നു.

വിവര്‍ത്തനം: സി. സൗമ്യ DSHJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.