പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കം: നൊവേന ആറാം ദിനം

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന: ആറാം ദിനം (സെപ്റ്റംബർ 5)

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ

മറിയം സംതൃപ്തി നിറഞ്ഞവൾ. ജീവിതത്തിൽ മറിയം കൂടെയുള്ളപ്പോൾ അവിടെ  സംതൃപ്തി ഉണ്ട്, സന്തോഷമുണ്ട്. മറിയം ശക്തനായവനെ കൊണ്ടു വലിയ കാര്യങ്ങൾ നമ്മുടെ കൊച്ചു ജീവിതത്തിൽ ചെയ്യിക്കുമ്പോൾ അവിടെ തിരുകുടുംബത്തിന്റെ ഉള്ളം നിറയുന്ന സംതൃപ്തി ലഭിക്കും.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന:

ഭാഗ്യവതിയായ ഞങ്ങളുടെ അമ്മേ, നിന്റെ ശരണം തേടി നിന്റെ മക്കൾ തിരുസന്നിധിയിൽ അണഞ്ഞിരിക്കുന്നു. ശക്തനായവന്റെ സാന്നിധ്യം നിരന്തരം തിരിച്ചറിഞ്ഞ മാതാവേ, അമ്മയെപ്പോലെ ഞങ്ങളുടെ ജീവിതത്തിലും ശക്തനായ  ഈശോയുടെ സാന്നിധ്യം തിരിച്ചറിയാൻ ഞങ്ങളുടെ മിഴികളും ഹൃദയങ്ങളും തുറക്കണമേ. ജീവിത പ്രശ്നങ്ങളിൽ ആടി ഉലയുമ്പോൾ ഈശോയുടെ സന്നിധേ ഓടി അണയുവാനും, ഈശോ പറയുന്നതു പോലെ ചെയ്യുവാനും ഞങ്ങളെ പഠിപ്പിക്കണമേ. അതു വഴി അമ്മയേപ്പോലെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.

മറുപടി: സർവ്വേശ്വരന്റെ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

കാരുണ്യവാനും അനുഗ്രഹദാതാവുമായ ദൈവമേ, നിന്റെ നാമത്തിനു അനവരതം  സ്തുതി ഉണ്ടായിരിക്കട്ടെ. നിന്റെ പ്രിയ പുത്രിയും ഞങ്ങളുടെ അമ്മയുമായ മറിയത്തിന്റെ ജനനത്തിരുനാളിനൊരുങ്ങുമ്പോൾ ആ അമ്മയെപ്പോലെ അങ്ങയുടെ സന്നിധിയിൽ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും അഭയം ഗമിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ദു:ഖങ്ങൾക്കും വേദനകൾക്കും  സാമ്പത്തിക പരാധീനതകൾക്കുമുള്ള ഏക ഉത്തരം നീ ആണന്നുള്ള വലിയ തിരിച്ചറിവു ഞങ്ങൾക്കു നൽകണമേ. അതു വഴി ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും നീ നൽകുന്ന സംതൃപ്തിയിൽ നിറയട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

ഫാ. ജെയ്സൺ കുന്നേൽ MCBS