വെനീസിലെ ഉണ്ണിയേശുവും മാതാവും

ജൊവാന്നി ബെല്ലീനി

ഈ അടുത്ത ഇടയിൽ ഇറ്റലിയിലെ വെനീസ് എന്ന പട്ടണത്തിലേക്ക് ഒരു യാത്ര പോയി. ആരുടേയും ഹ്യദയം മയക്കുന്ന പ്രക്യതി ഭംഗിയുടെ കേദാരമായ വെനീസ്. അവിടെ വിശുദ്ധ സഖറിയായുടെ ഒരു ദേവാലയമുണ്ട്. പതിവുപോലെ ജനകുട്ടം ഒഴുകുകയാണ്. നിരവധി രാജ്യക്കാർ, വിവിധ ഭാഷകൾ. തിരക്കിൽ സുഹൃത്തുമൊത്ത് ഞാനും അകത്ത് കയറിപ്പറ്റി. പക്ഷെ കൂടുതൽ പേരും ഇടത്തുവശത്തായുള്ള ഒരു കപ്പേളയിൽ ഒരു ചിത്രത്തിനു മുൻപിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

എല്ലാവരും തന്നെ വളരെ നിശബ്ദതയിലാണ് ആ ചിത്രം ആസ്വദിക്കുന്നതായി കണ്ടത്. യഥാർത്ഥത്തിൽ അവിടെ നിന്നും തുടങ്ങി ആ ചിത്രത്തെപ്പറ്റിയുള്ള അന്വേഷണവും പഠനവും.

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും, പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇറ്റലിയിലെ വെനീസിൽ നിന്നുളള കലാകാരൻമാരിൽ ഏറ്റവും പ്രമുഖനായിരുന്നു ജൊവാന്നി ബെല്ലീനി. ദേവാലയങ്ങളിൽ വണങ്ങപ്പെടുന്ന രീതിയിൽ നിരവധി ചിത്രങ്ങൾക്ക് ജന്മം കൊടുത്തതുകൊണ്ടാണ് ഇത്രയേറെ പ്രശസ്തി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത്.

giovanni-bellini-2ബെല്ലിനി, മാതാവിനേയും ഉണ്ണിയേശുവിനേയും മുഖ്യകഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതിൽ അറുപതോളം എണ്ണം ഇപ്പോഴും കേടു കൂടാതെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരച്ചിട്ടുള്ള ചിത്രങ്ങളിൽ വച്ച് ഏറ്റവും പ്രശസ്തമായത് ഇറ്റലിയിലെ വെനീസിലെ വി. സഖറിയായുടെ ദേവാലയത്തിലുള്ള ഈ ചിത്രമാണ്.

ഈ ചിത്രത്തെപ്പറ്റി എഴുത്തുകാരനായ കാർലൊ റിഡോൽ ഫി പറയുന്നത് “ജൊവാന്നി ബെല്ലിനി എന്ന കലാകാരന്റെ ഏറ്റവും മനോഹരവും അതിലോലവുമായ ചിത്രങ്ങളിൽ ഒന്നാണിത്” എന്നാണ്.

ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ തന്നെ സുപ്രധാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. കാരണം അതിന്റെ അവലംമ്പനരീതി തന്നെയാണ് ഇതിനെ വേറിട്ടതാക്കുന്നത്. “പുണ്യ സംഭാഷണം” എന്ന് പ്രത്യേകരീതിയിൽ പേരിട്ടു വിളിക്കാവുന്ന ഒരു ചിത്രരചനാരീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നവോത്ഥാന കാലഘട്ടത്തിലെ പല ചിത്രങ്ങളിലും ഈ രീതി പല ചിത്രകാരൻമാരും പിൻതുടർന്നിട്ടുണ്ടെങ്കിലും, അതിൽ നിന്നും കുറച്ചു പുതുമ വരുത്താൻ ബെല്ലിനി ശ്രമിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഉണ്ണിയേശുവിനേയും, മാതാവിനേയും വ്യത്യസ്ത കാലഘട്ട’ത്തിലെ വിവിധ വിശുദ്ധരുടെ ഇടയിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ ചിത്രാഖ്യാനത്തിന്റെ പ്രത്യേകത തന്നെ കഥാപാത്രങ്ങളായ വിശുദ്ധർ പരസ്പരം ആശയവിനിമയം നടത്തുന്ന രീതിയിലാകും ചിത്രീകരിച്ചിരിക്കുക. മറ്റു ചിലപ്പോൾ അതിലെ കഥാപാത്രങ്ങൾ കാഴ്ചക്കാരോട് തന്നെ സംവാദിക്കുക്കുന്നതായി തോന്നാം.

ബെല്ലീനിക്ക് മുമ്പും ഇത്തരം ചിത്രങ്ങൾ വരയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും (ഉദാഹരണത്തിന് ഡൊമെനിക്കൊ വെനെസ്സിയാനൊയും ഈ രീതിയിൽ ചിത്രരചന നടത്തിയിട്ടുണ്ട്.) എന്നാൽ ബെല്ലീനി എന്ന കലാകാരൻ അതിന് പുതിയ ഒരു മാനം കൊടുത്തു എന്നു വേണം മനസ്സിലാക്കാൻ. കാരണം ബെല്ലീനി ഈ വിധ ചിത്രങ്ങളെ അതിപ്രതിപാദന രീതികൊണ്ടും, ജീവസ്സുറ്റ നിറങ്ങൾ കൊണ്ടും, റിയലിസ്റ്റിക്ക് ഫോമുകൾ കൊണ്ടും ഒരു ഉയർന്ന തലത്തിൽ എത്തിച്ചു എന്ന് നിസംശയം പറയാം.

ഈ ചിത്രത്തിലേക്ക് നോക്കുന്ന ഒരാൾക്ക് അറിയാതെ മനസ്സിനെ തൊടുന്ന ശാന്തതയുടെ തണുപ്പ് അനുഭവിക്കാൻ കഴിയും. ഒപ്പം ഒരു ധ്യാനമെന്നോണം മനസ്സിനേയും ചിന്തകളേയും ഏകാഗ്രമാക്കാനും ഒരു ഉൾപ്രേരണ അനുഭവപ്പെടും. കാരണം മാതാവിന്റേയും ഉണ്ണിയേശുവിന്റേയും അടുത്ത് നിൽക്കുന്ന കഥാപാത്രങ്ങളൊക്കെ തന്നെ മാലാഖയുടെ വയലിൻ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ധ്യാന നിമഗ്നരാണ്.

ഇത്തരം ചിത്രങ്ങളിലൊക്കെ തന്നെ പലപ്പോഴും അകാലികമായ (കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത) രീതിയിൽ ഒരേ കാലഘട്ടത്തിൽ ജീവിച്ചിട്ടില്ലാത്ത വ്യക്തികള ഒരുമിച്ച് ചിത്രീകരിക്കുക സ്വാഭാവികമായിരുന്നു. ആ രീതി തന്നെയാണ് ഈ ചിത്രത്തിലും കാണുന്നത്. ഉദാഹരണത്തിന് ബെല്ലിനിയുടെ ഈ ചിത്രത്തിൽ ഇടതുവശത്ത് ഇടതു കൈയ്യിൽ താക്കോലും വലതു കൈയ്യിൽ വി. ഗ്രന്ഥവും പിടിച്ചു നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രം ഒന്നാം നൂറ്റാണ്ടിന്റെ പ്രതീകമായ വി. പത്രോസാണ്.

പത്രോസിനോട് തൊട്ടു ചേർന്നു നിൽക്കുന്നത് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാണ്ട്രിയയിലെ കാതെറിൽ എന്ന വിശുദ്ധയാണ്. ഈന്തപ്പനയുടെ ഒരു തണ്ട് പിടിച്ചിട്ടുണ്ട് കൈയ്യിൽ. ഇത് കാതെറിൻ ആണെന്ന് ഉറപ്പിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അവൾ ഇടതുകരംതൊട്ടു നിൽക്കുന്ന ഒടിഞ്ഞു തകർന്ന ഒരു തടിവീലിന്റെ സാന്നിധ്യം തന്നെയാണത്. കാരണം പാരമ്പര്യകഥയുസരിച്ച് വിശുദ്ധയെ വക വരുത്താൻ ഉപയോഗിച്ച ഒരു തടിവീൽ വിശുദ്ധയുടെ സ്പർശനത്താൽ ഒടിഞ്ഞു പോയി എന്നും അന്ന് മരണത്തിൽ നിന്നും രക്ഷപെട്ട കാതെറിനെ പിന്നീട് തലയറുത്ത് കൊല ചെയ്തു എന്നതുമാണ് ചരിത്രം.

വലതു വശത്തായി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതും വി. ഗ്രന്ഥത്തിന് ലത്തീൻ പതിപ്പ് രൂപപ്പെടുത്തിയതുമായ വി. ജെറോമിനെ ഒരു വിശുദ്ധ ഗ്രന്ഥം വായിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനു പിന്നിലായി നാലാം നൂറ്റാണ്ടിൽ തന്നെ ജീവിച്ചു മരിച്ച വി. ലൂസി പുണ്യവതിയാണ് ചിത്രത്തിൽ. തന്റെ വിശ്വാസത്തിനു വേണ്ടി കണ്ണുകൾ ചൂഴ്ന്ന് എടുക്കപ്പെട്ടതിലൂടെ രക്തസാക്ഷിത്വം വരിച്ച വിശുദ്ധയാണ്.

പിരമിഡൽ രീതിയിലെ ചിത്രീകരണം

giovanni-bellini-1ഇതിന്റെ കൊമ്പോസിഷൻ ശ്രദ്ധിച്ചാൽ മനസ്സിലാകും നവോദ്ധാനകാലഘട്ടത്തിന്റെ ഏറ്റവും പ്രത്യേകതകൾ നിറഞ്ഞ പിരമിഡൽ രീതിയിൽ തന്നെയുള്ള വ്യക്തി വിന്യാസങ്ങൾ ആണ് ഈ ചിത്രത്തിലും നടത്തിയിരിക്കുന്നത്. ഇവിടെ ഏറ്റവും പ്രാധാനപ്പെട്ട കഥാപാത്രങ്ങൾ മാതാവും ഉണ്ണിയേശുവുമാണ്. അതുകൊണ്ടാണ് അവരെ മുകളിലും ഉയർന്നതുമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതായത് അവരാണ് ഇവിടെ പിരമിഡിന്റെ മകുടസ്ഥാനം അലങ്കരിക്കുന്നത്.

ഇവിടെ ഓരോ കഥാപാത്രത്തേയും പ്രതിഷ്ഠിച്ചിരിക്കുന്നത് വിവിധങ്ങളായ ലെവലിൻ ആണെന്നത് ഏറെ ശ്രദ്ധേയമാണ്. ഇത് വളരെ ബോധപൂർവ്വം തന്നെ ഉപയോഗിച്ചിരിക്കുന്ന ‘ചിത്ര ഇടം’ ആണ് എന്നു വേണം മനസ്സിലാക്കാൻ.

ഇത് കൂടുതലായി മനസ്സിലാക്കാൻ തറയോടിന്റെ വരകൾ നീണ്ടുപോകുന്നത് എവിടേക്കാണെന്നു നിരീക്ഷിച്ചാൽ മതി. അത് എത്തിച്ചേരുന്ന ഒരു “അപ്രത്യക്ഷമാകുന്ന പോയിന്റ്”  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മറിയത്തിന്റെ കാൽപാദങ്ങളിലാണ്.

ഈ ചിത്ര രീതിയുടെ പ്രത്യേകതയാണത്. ഈ ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളിൽ നിന്നും, ഘടകങ്ങളിൽ നിന്നും കാഴ്ചക്കാരന്റെ ശ്രദ്ധ കൂടുതൽ പതിയുന്നത് മുഖ്യ കഥാപാത്രത്തിൽ തന്നെയാകുന്നതിനാണിത്. ഒപ്പം രക്ഷാകര ചരിത്രത്തിൽ മറിയത്തിനുള്ള സ്ഥാനത്തിന്റെ ആഴത്തേയും, പ്രാധാന്യത്തേയും കൂടുതൽ വ്യക്തമാക്കുന്നതിനാണ്. മാതാവിന്റെ ശിരസ്സിനു മുകളിലായിക്കാണുന്ന മുട്ടയുടെ ചിത്രം സൃഷ്ടിയുടെ പ്രതീകമാണ്.

ചിത്ര ശിൽപം?

ഈ ചിത്രത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന തൂണുകളും അവയ്ക്കിടയിൽ ഇടത്തും വലത്തും ഭാഗികമായി കാണുന്ന പ്രകൃതി ദൃശ്യങ്ങളുമാണ്. ഒപ്പം കഥാപാത്രങ്ങൾക്ക് പിന്നിൽ കാണപ്പെടുന്ന ഭിത്തി ഏകദേശം വൃത്താകൃതിയിലാണെന്നു തോന്നിപ്പിക്കുന്ന വിധത്തിലായതിനാൽ ഒരു ദേവാലയത്തിന്റെ അൾത്താരയ്ക്ക് സമാനമായി തോന്നുന്നത് സ്വാഭാവികമാണ്. അതിനു മദ്ധ്യഭാഗത്തായി മാതാവിനേയും ഉണ്ണിയേശുവിനേയും പ്രതിഷ്ഠിക്കുക വഴി കൂടുതൽ ദിവ്യത കൈവരിക്കാൻ സാധിച്ചു ബെല്ലീനി ചിത്രത്തിന്. അതോടൊപ്പം ചിത്രത്തിനുള്ളിലെ തൂണുകൾ അത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദേവാലയത്തിലെ തൂണുകളുടെ തന്നെ തുടർച്ചയെന്ന രീതിയിൽ കാഴ്ചക്കാരന് തോന്നുന്നത് ഈ ചിത്രത്തിന്റെ മഹത്വം കട്ടുന്നു, കൂടെ ബെല്ലീനി എന്ന ചിത്രകാരന്റേയും.

മോഷ്ടിക്കപ്പെട്ട ചിത്രം

ഈ ചിത്രത്തിന്റെ ഏറ്റവും മുകൾഭാഗം നഷ്ടപ്പെട്ട രീതിയിലാണ് ഇന്ന് കാണപ്പെടുന്നത്. അതിനു പിന്നിൽ ഒരു കഥയുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ ഈ ചിത്രം മോഷ്ടിച്ചു കൊണ്ടുപോയി എന്നും അത് പാരീസിൽ സൂക്ഷിച്ചു എന്നുമാണ് പറയപ്പെടുന്നത്. പക്ഷെ ചിത്രത്തിന്റെ ഈ കളവ് ഒരു സന്തുഷ്ട ഫലം ഉണ്ടാക്കി എന്നതാണ് ചരിത്രം. 20 വർഷത്തിനു ശേഷം നെപ്പോളിയൻ ആണ് ഈ ചിത്രം തിരികെ കൊണ്ടുവന്നത്. പാരീസിൽ വച്ചാണ് തടി പാനലിൽ ആയിരുന്ന ചിത്രം ക്യാൻവാസിലേക്ക് മാറ്റുന്നത്. പാരീസിൽ അല്ലാതെ മറ്റൊരിടത്തും ആ കാലഘട്ടത്തിൽ ഇങ്ങനെ ചെയ്യുവാൻ കഴിയുമായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ യഥാർത്ഥത്തിൽ ഈ സംഭവം ചിത്രത്തിന്റെ രക്ഷക്ക് തന്നെ ഒരു തരത്തിൽ കാരണമായി എന്നു വേണം കരുതാൻ.

ബെല്ലീനിയുടെ ഈ ചിത്രത്തിലേക്കു നോക്കുമ്പോൾ കാഴ്ചക്കാരന് അനുഭവപ്പെടുന്ന ഒരു ദിവ്യാനുഭവമുണ്ട്. അറിയാതെ തന്നെ ചിത്രം കൈമാറുന്ന ഒരു ശാന്തത. മാതാവിനും ഉണ്ണിയേശുവിനും ചുറ്റുമുള്ള വിശുദ്ധർ എല്ലാവരും തന്നെ ദിവ്യമായ ഓരോ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് ഓരോ കാഴ്ചക്കാരിലേക്കും പകരുന്ന ഒരു ഉൾവിളിയുണ്ട്  ആത്മീയതയിലൂടെ പ്രവർത്തനനിരതരാകാൻ. ജീവിതാവസ്ഥകൾ ഏതുമാകട്ടെ നിത്യതയിലേക്കുള്ള പ്രയാണത്തിൽ നന്മ കൈവിടാതിരിക്കാനും, കർമ്മനിരതരാകാനും മറിയം എന്നും മാതൃകയാണ് നമുക്ക്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.