ഈ നിലവിളി നിങ്ങൾ കേൾക്കുന്നില്ലേ…?

ഡിസംബര്‍ 26 ന് ഫെയ്സ്ബുക്കിൽ ആ വീഡിയോ ക്ലിപ് കണ്ടതു മുതൽ മനസ്സിനു വല്ലാത്തൊരു ഭാരം തോന്നുന്നുണ്ടായിരുന്നു. സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ജീസസ് യൂത്തിന്റെ ധ്യാന ഇടവേളയിൽ വൈകിട്ട് കുട്ടികളോടു സംസാരിച്ചപ്പോഴും ബാലരാമപുരത്തെ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ആലോചനായോഗത്തിൽ പങ്കെടുത്തപ്പോഴുമൊക്കെ ആ അസ്വസ്ഥത എന്നെ വിട്ടുപിരിയാതെ നിന്നു. യോഗത്തിൽ പങ്കെടുത്തു എന്നു വരുത്തി തിടുക്കത്തിൽ മടങ്ങിപ്പോരുകയായിരുന്നു. സത്യത്തിൽ മനസ്സ് ഒരിടത്തും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.

സത്യത്തിൽ ടോമച്ചന് എന്തായിരിക്കും സംഭവിച്ചിരിക്കുക?
ആദ്യം കണ്ടപ്പോൾ ആ ദൃശ്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കാൻ തോന്നിയില്ല. അതു കൊണ്ടു തന്നെ നിജസ്ഥിതിയറിയാൻ രാത്രിയിൽ ന്യൂസ് ചാനലുകൾ മാറി മാറി തിരഞ്ഞു. രാത്രി വൈകിയതുകൊണ്ടാവും ഒരു ചാനലിലും അതേപ്പറ്റിയുള്ള ചർച്ചകൾ കണ്ടില്ല. ഒടുവിൽ റിപ്പോർട്ടർ ചാനലിലാണ് ഭാഗികമായെങ്കിലും ഒരു ഫ്ലാഷ്ന്യൂസ് ആദ്യം കണ്ടത്. പിന്നെ അടുത്ത രാവിലെ മിക്ക പത്രങ്ങളിലും ഒന്നാം പേജിൽ തന്നെ ഈ വാർത്ത സ്ഥാനം പിടിച്ചിരിക്കുന്നതായും കണ്ടു.

യെമനിൽ മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റ് ആക്രമിച്ച് നിരവധി സന്യാസിനികളെ വധിച്ച്, തീവ്രവാദികൾ ടോം ഉഴുന്നാലിൽ അച്ചനെ ബന്ദിയാക്കിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു. അദ്ദേഹം എവിടെ, ആരുടെ തടവിലാണെന്നത് ഇപ്പോഴും അവ്യക്തമാണ്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാകട്ടെ എങ്ങുമെത്തിയിട്ടുമില്ല. നീണ്ട നാളുകൾക്കൊടുവിൽ വീണ്ടും സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു സംഭാഷണ ശകലം പുറത്തു വന്നിരിക്കുന്നു.
ആ ദൃശ്യങ്ങൾ സത്യമാണെങ്കിൽ ടോമച്ചൻ എല്ലാ രീതിയിലും വല്ലാതെ മുറിവേൽപ്പിക്കപ്പെട്ടതായി കാണപ്പെടുന്നു. ശാരീരിക ദൗർബല്യം കൊണ്ടും ഭയം കൊണ്ടും മാനസിക സമ്മർദ്ദം കൊണ്ടും ഒക്കെ അവശനായ അദ്ദേഹം വിറയാർന്ന ശബ്ദത്തിൽ തന്റെ ജീവനു വേണ്ടി നിലവിളിക്കുമ്പോൾ, ഉള്ളു പിടയുന്നത് അതേ സഭാവസ്ത്രമിട്ട്, അതേ വഴിയിൽ സഞ്ചരിക്കാൻ ദൈവം വിളിച്ചതുകൊണ്ടാവാം.
‘എന്നാൽ പ്രായമാകുമ്പോൾ മറ്റൊരുവൻ നിന്റെ അരമുറുക്കുകയും നിനക്കിഷ്ടമില്ലാത്തിടത്തേക്ക് നിന്നെ കൊണ്ടു പോവുകയും ചെയ്യു’മെന്ന് യേശു പത്രോസിനും സഭയ്ക്കും നൽകുന്ന മുന്നറിയിപ്പ് ഓർമ്മയുണ്ടെങ്കിലും ‘തന്റെ പൗരോഹിത്യത്തിന് യാതൊരു വിലയുമില്ലേ’ എന്ന ടോമച്ചന്റെ പാതിയിൽ മുറിയുന്ന, പൊള്ളിക്കുന്ന ചോദ്യം കേൾക്കുമ്പോൾ ഹൃദയം കീറിപ്പോകുന്ന വേദനയുണ്ട്.

ഒരു പട്ടിയേയോ പന്നിയേയോ പശുവിനേയോ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്താൽ കുറ്റവാളിക്കെതിരേ ജനങ്ങൾ നിയമം കയ്യിലെടുക്കുകയും ശിക്ഷ നടപ്പാക്കുകയും പിന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അവനെ കാരാഗൃഹത്തിൽ ബന്ധിക്കുകയും ചെയ്യുന്ന തരത്തിൽ ‘നിയമവാഴ്ചയുള്ള’ ഒരു നാട്ടിൽ, ഒരു പുരോഹിതൻ, വേണ്ട, ഒരു പച്ചമനുഷ്യൻ, ആരും സഹായിക്കാനില്ലാതെ തന്റെ ജീവനു വേണ്ടി നിലവിളിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിരിക്കുന്നു.
ഭരണവർഗ്ഗത്തിന്റെ പറഞ്ഞു പറഞ്ഞു തേഞ്ഞുപോയ കുറെ ക്ലീഷേ മറുപടികളല്ലാതെ ഒന്നും കേട്ടില്ല നാളിതുവരെ. നിയമവ്യവസ്ഥയുടെ സമയോചിതമായ ഒരു ശാസനയുമുണ്ടായിട്ടില്ല. ഒരു മനുഷ്യാവകാശ പ്രവർത്തകനും ശബ്ദിച്ചില്ല. കാര്യക്ഷമമായി, അടിയന്തിരമായി എന്തെങ്കിലും ചെയ്യാൻ ആരും മുന്നോട്ടു വന്നില്ല; ആരും! ‘ഒരു പട്ടിയുടെ ജീവന്റെ വില പോലുമില്ലേ ഒരു പട്ടക്കാരന്റെ ജീവന്’ എന്നു ചോദിക്കുന്നത് ഒരധികപ്രസംഗമാവുമെങ്കിൽ ക്ഷമിക്കുക!

ഒരുപക്ഷേ മോചനദ്രവ്യം ലഭിക്കാനായി റാഞ്ചികൾ തന്നെ അദ്ദേഹത്തെക്കൊണ്ടു ബലമായി പറയിച്ചതാകാം ഈ വാക്കുകൾ. അങ്ങനെയെങ്കിൽ അവരാവശ്യപ്പെട്ടത് ഇനിയും കിട്ടാതെ വന്നാൽ ടോമച്ചനെ കാത്തിരിക്കുന്നത് ഒരു ക്രൂരമരണമാണ്. ആ മരണത്തെ ‘ധീരമായ രക്തസാക്ഷിത്വ’മെന്ന് ആരൊക്കെ വാഴ്ത്തിയാലും ‘ദയവായി സഹായിക്കൂ… എന്റെ ജീവൻ അപകടത്തിലാണ്’ എന്ന് ചങ്കുപൊട്ടി നിലവിളിക്കുന്ന ആ മനുഷ്യന്റെ രക്തത്തിന്, നിസംഗരായിരിക്കുന്ന നാമെല്ലാം ഒരുനാൾ ഉത്തരം പറയേണ്ടി വരും; അതു മാറ്റമില്ലാത്ത കാവ്യനീതിയാണ്.

ഫാ. ഷീൻ പാലക്കുഴി

ഫാ. ടോമിന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.