ഔദ്യോഗികമായ മോചനം മതി എന്ന് പറഞ്ഞിരുന്നു; ഫാ. ടോം ഉഴുന്നാലിൽ

കാവൽക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ സഹായിക്കാമെന്ന് ഭീകരർ തന്നെ  പറഞ്ഞു എന്ന് ഫാ. ടോം ഉഴുന്നാലില്‍. കാവൽ നിന്നവരിൽ രണ്ടുപേരാണു രക്ഷപ്പെടാൻ സഹായിക്കാമെന്നു ഫാ. ടോമിനോടു പറഞ്ഞത്.

ഔദ്യോഗികമായി മോചിപ്പിക്കുകയാണെങ്കിൽ മാത്രം മോചനം മതിയെന്ന് അദ്ദേഹം അവരോടു പറഞ്ഞു. എന്നാൽ അവസരം കിട്ടിയാൽ ഓടിപ്പോകുമോ എന്നറിയാൻ ഭീകരർ തന്നെ ഒരുക്കിയ പരീക്ഷണമായിരുന്നു അത് എന്ന് പിന്നീട് വ്യക്തമായി. ഇതിനു ശേഷം തന്റെ കൈകാലുകൾ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഭീകരരുടെ തടവറയിൽ 556 രാപകലുകൾ ആണ് ഫാ. ടോം കഴിഞ്ഞത്. മോചനത്തിനുള്ള ആദ്യശ്രമം ഈ മാസം 10ന് പരാജയപ്പെട്ടതായി ഫാ. ടോം വെളിപ്പെടുത്തി. “അന്ന്, അതിരാവിലെ കുളിച്ചു തയ്യാറാവാൻ ഭീകരർ ആവശ്യപ്പെട്ടു.  ഒരു ജോടി വസ്ത്രവും നൽകി. കണ്ണുകെട്ടി വാഹനത്തിൽ കയറ്റി ഏതാനും മണിക്കൂറുകൾ യാത്ര ചെയ്തു. എവിടെയോ ഒരു സ്ഥലത്ത് ഏറെ നേരം കാത്തിരുന്നു. നിശ്ചയിച്ചുറപ്പിച്ച ഏതോ ഒരു കടമ്പ പൂർത്തിയാകാത്തതിനാൽ എന്നെ കൊണ്ടുപോകാൻ ആരും എത്തിയില്ല. കുറേ നേരം കാത്തിരുന്ന ശേഷം പഴയ താവളത്തിലേക്കു തിരികെ പോയി”. അദ്ദേഹം പറഞ്ഞു.

“പിറ്റേന്ന് ഉച്ചതിരിഞ്ഞ് മൂന്നര മണിയോടെ മറ്റാർക്കോ എന്നെ കൈമാറി. പിന്നീട് അവർക്കൊപ്പമായിരുന്നു യാത്ര. നാം ഒമാനിലേക്കു കടന്നിരിക്കുന്നു എന്ന്  അർധരാത്രി പിന്നിട്ടപ്പോൾ കൂടെയുള്ളവർ പറഞ്ഞു. പിന്നെ വിമാനത്തിൽ മസ്കറ്റിലേക്ക്. മൂടിക്കെട്ടിയ കണ്ണുകൾ മസ്കറ്റിലെത്തിയ ശേഷം അഴിച്ചു വിടുകയായിരുന്നു”. ഫാ. ടോം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.