ദൈവത്തോടു പ്രാര്‍ത്ഥിച്ചും രക്ഷാപ്രവര്‍ത്തകരോടു സഹകരിച്ചും മുന്നേറുക: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

അതിരൂക്ഷമായ പ്രളയക്കെടുതി അനുഭവിക്കു കേരളജനതയുടെ രക്ഷക്കായി വിശ്വസികള്‍ കുടുംബങ്ങളിലും ദേവാലയങ്ങളിലും, സന്യാസഭവനങ്ങളിലും നിരന്തരമായ പ്രര്‍ത്ഥനയില്‍ മുഴുകണമെന്ന്  സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് രക്ഷനേടാന്‍ എല്ലാവരും ഏകമനസ്സോടെ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രക്ഷാപ്രവര്‍ത്തകരോട് പരിപൂര്‍ണമായി സഹകരിക്കണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നദികളുടെ പാര്‍ശ്വങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് താല്‍ക്കാലികമായി മാറിതാമസിക്കാന്‍ മടികാണിക്കരുത്.

വിവിധതലങ്ങളില്‍ സാമ്പത്തികമായി കഷ്ടത അനുഭവിക്കുവരെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഉപയുക്തമാണെ് മനസ്സിലാക്കുന്നു. എല്ലാവരുടെയും സഹായസഹകരണങ്ങളുണ്ടെങ്കിലേ ഈ വലിയപ്രതിസന്ധിയെ അഭിമുഖീകരിക്കാനാവൂ. ആയതിനാല്‍ സാധിക്കുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് ഉദാരമായി സംഭാവന നല്‍കണം. കത്തോലിക്ക കോണ്‍ഗ്രസ് പോലുളള സഭയിലെ മുതിര്‍വര്‍ക്കായുളള സംഘടനകളും യുവജനപ്രസ്ഥാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണം.

രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പെട്ടിരിക്കുന്ന എല്ലാവരോടും ഒപ്പം കൈമെയ്യ് മറന്നു സഹായിച്ചുകൊണ്ടും അവരുടെ നിര്‍ദ്ദേശങ്ങളെ സര്‍വ്വാത്മനാ സ്വീകരിച്ചുകൊണ്ടും, സര്‍വ്വോപരി ദൈവകരുണക്കായി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ പ്രത്യാശയോടെ നമുക്കൊരുമിച്ച് തരണം ചെയ്യാനാവുമെന്നു മേജര്‍ ആര്‍ച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.