ചേര്‍ത്തു നിര്‍ത്തിയ കരങ്ങള്‍ക്ക് മുന്നിൽ നിന്ന് നിറകണ്ണുകളോടെ മടക്കം

എം.സി.ബി.എസ്. എമ്മാവൂസ് പ്രോവിന്‍സിന്റെ കീഴിലുള്ള എമ്മാവൂസ് പബ്ലിക്‌ സ്കൂളില്‍ കഴിഞ്ഞിരുന്നവരാണ് ഇന്ന് തിരികെ വീടുകളിലേയ്ക്ക് യാത്രയായത്. 28 കുടുംബങ്ങളിൽ നിന്നായി 93 ആളുകളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്.

കരം പിടിച്ച സുമനസുകൾക്കു മുന്നിൽ നിറ കണ്ണുകളോടെ അവർ നിന്നു. എങ്ങനെ നന്ദി പറയണം എന്ന് അവരിൽ പലർക്കും അറിയില്ലായിരുന്നു. കടുവക്കുളം എമ്മാവൂസ് പബ്ലിക് സ്കൂളിലെ ക്യാമ്പ് ഇന്ന് സാക്ഷ്യം വഹിച്ചത് വികാര നിർഭരമായ മുഹൂർത്തത്തിനായിരുന്നു. ഒരാഴ്ചയായി നടത്തി വന്നിരുന്ന ക്യാമ്പിന് ഇന്ന് പരിസമാപ്തി കുറിച്ചപ്പോഴാണ് അഭയം തേടി എത്തിയ ആളുകളുടെ കണ്ണുകളിൽ നന്ദിയുടെയും സ്നേഹത്തിന്റെയും ഒക്കെ കണ്ണുനീർ ഒഴുകിയത്. ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു ക്യാമ്പ് അവസാനിച്ചത്.

കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വരുന്ന ക്യാമ്പിൽ 28 കുടുംബങ്ങളിൽ നിന്നായി  തൊണ്ണൂറ്റി മൂന്നു  ആളുകളാണ് ഉണ്ടായിരുന്നത്. എടത്വ, പാണ്ടനാട് തുടങ്ങി കുട്ടനാടിന്റെ വിവിധ ഭാഗത്തു നിന്നുള്ള ആളുകളായിരുന്നു ഈ ക്യാമ്പിൽ ഉണ്ടായിരുന്നത്.

ഫാ. ജോണി മഠത്തിപ്പറമ്പിൽ എം.സി.ബി.എസ്., ഫാ. അൻജോ കാരിപ്പിള്ളി എം.സി.ബി.എസ്., വികാരി ഫാ. വിവേക് കളരിത്തറ എം.സി.ബി.എസ്. എന്നിവരുടെ നേതൃത്വത്തിൽ വിജയകരമായി നടത്തിയ ക്യാമ്പിന്റെ അവസാനം ആ വികാര നിർഭരമായ പിരിയലിനു സാക്ഷിയാകുവാൻ മുന്‍ മന്ത്രിയും സ്ഥലം എം.എല്‍.എ. യുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും എത്തിച്ചേർന്നു.  പഞ്ചായത്തു മെമ്പർ ആനി മാമന്റെ എല്ലാവിധ പിന്തുണയും ക്യാമ്പ് നടന്ന ദിവസങ്ങളിൽ ലഭിച്ചിരുന്നു.

ക്യാമ്പിൽ ഓണത്തോടനുബന്ധിച്ചു വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കിയിരുന്നു. മടങ്ങി പോകുന്നവരെ വെറുംകൈയോടെ മടക്കി അയക്കുവാൻ എം സി ബി എസ് വൈദികർക്ക് കഴിഞ്ഞില്ല. അരിയും മറ്റു അവശ്യ സാധനങ്ങളും അടങ്ങുന്ന കിറ്റും, ഒപ്പം മടങ്ങി ചെല്ലുന്ന വീട് വൃത്തിയാകുന്നതിനുള്ള സാധനങ്ങളും നൽകി. കൂടാതെ വഴിച്ചിലവിനുള്ള കാശും നൽകിയാണ് അവരെ മടക്കി അയച്ചത്. ക്യാമ്പിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു.

ലൈഫ് ഡേ വഴി ബന്ധുക്കളെ കണ്ടെത്തിയ ലീന വര്‍ഗീസ്‌(15) കഴിഞ്ഞിരുന്നത് ഈ ക്യാമ്പിലായിരുന്നു.  പ്രളയത്തെ തുടര്‍ന്ന് വിവിധ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന്റെ ഇടയ്ക്ക് മാതാപിതാക്കളും ലീനയും വ്യത്യസ്തമായ സ്ഥലങ്ങളില്‍ എത്തപ്പെട്ടു.   ലീന വര്‍ഗീസ്‌ എത്തിയത് ഈ ക്യാമ്പിലും.

മാതാപിതാക്കളെ കാണാതായ ലീനയുടെ കഥ ക്യാമ്പിന്റെ ചാർജുള്ള ഫാ. ആൻജോയാണ് 20- ആം തിയതി, ലൈഫ് ഡേ – യെ അറിയിക്കുന്നത്. അന്ന് വൈകിട്ട് 4.25 – ഓടുകൂടി ലൈഫ് ഡേ ലീനയുടെ സങ്കട കഥ പ്രസിദ്ധീകരിക്കുകയും ചെയ്തു. രണ്ടു മണിക്കൂറിനു ശേഷം 6.35 – ന് അയർലഡിൽ ഉള്ള ലീനയുടെബന്ധു സോജി ആലപ്പാട്ട്‌ ലൈഫ് ഡേയിൽ കൊടുത്തിരുന്ന ഫോൺ നമ്പറിൽ ഫാ. ആൻജോയെ വിളിക്കുകയും കാര്യങ്ങൾ അറിയുകയും ചെയ്തു. തുടർന്ന് മറ്റു ബന്ധുക്കളും വിളിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മറ്റു ബന്ധുക്കളിലേയ്ക്കും മാധ്യമങ്ങളിലേയ്ക്കും വാർത്തകൾ എത്തുന്നത്.

പിറ്റേന്ന്, ബന്ധുക്കൾ എത്തുകയും ആവശ്യമായ നടപടി ക്രമങ്ങൾക്കു ശേഷം  കോട്ടയം ഈസ്റ്റ്‌ എസ്. ഐ. ബിനോയിയുടെ നേതൃത്വത്തിൽ പെണ്‍കുട്ടിയെ  ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്തു. ലീനയുടെ അമ്മയുടെ വീടായ നിരണത്തെ പുതുക്കേരി വീട്ടിലേയ്ക്കാണ് ബന്ധുക്കൾ ലീനയെ എത്തിച്ചത്.

ഇപ്പോള്‍ ബാക്കിയുള്ളവരും തങ്ങളുടെ വീടുകളിലേയ്ക്ക് യാത്രയായി. എം.സി.ബി.എസ് -ന്റെയും കടുവാക്കുളം ഇടവകക്കാരുടെയും നാട്ടുകാരുടെയും ഐക്യം പ്രകടമായ അവസരമായിരുന്നു ഈ ക്യാമ്പ്.

വീടുകളിലേയ്ക്ക് തിരികെ ചെന്നിട്ട് ഇനി എന്ത് ചെയ്യും, കുട്ടികളുടെ ഭാവി എന്താകും എന്നീ ആകുലതകള്‍ പോകും മുന്‍പ് അവര്‍ പങ്കുവച്ചു. പെരുവെള്ളത്തെ അതിജീവിച്ച ഇവര്‍ക്ക് ഇനി വരുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനാകട്ടെ എന്നതാണ് ക്യാമ്പ് നടത്തിയവരുടെ പ്രാര്‍ത്ഥന.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.