സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം,  കെ എല്‍ സി എ ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കും

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്‍റ ദുരന്തനിവാരണവകുപ്പ് 16-8-18 തീയതി പ്രഖ്യാപിച്ച ദുരിതാശ്വാസനടപടികള്‍ക്കുപുറമേ നിലവിലെ കേരള ദുരന്തനിവാരണ നയത്തിനനുസൃതമായി  സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ എല്‍ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പ്രളയകാലയളവില്‍ തന്നെ സര്‍ക്കാര്‍ ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. വീട് നഷ്ടമായവര്‍ക്ക് നല്‍കുന്ന 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് 6 ലക്ഷം രൂപയും നല്‍കാനുള്ള തീരുമാനവും ആശ്വാസകരമാണ്. പക്ഷെ ഇതുവരെയും ആര്‍ക്കും ആദ്യഘട്ടത്തില്‍ കിട്ടേണ്ട ഒറ്റത്തവണ ആശ്വാസതുകയായ പതിനായിരം രൂപ പോലും കിട്ടിയിട്ടില്ല. ക്ളീനിംഗ് നടന്നുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ നല്‍കുമെന്നറിയിച്ച ക്ളീനിംഗ് തുകയും ലഭിച്ചിട്ടില്ല.  വീടുകളില്‍ വെള്ളം കയറിയതുമൂലം നഷ്ടമായ ഉപകരണങ്ങളുടെയും മറ്റ് വസ്തുകക്കളുടെയും വിലയും നഷ്ടമായ തൊഴില്‍ ദിനങ്ങള്‍ക്കും മനോവ്യഥയ്ക്കും  കൂടിയും തുക നഷ്ടപരിഹാരയിനത്തില്‍ വകയിരുത്തണം എന്ന് കെ എല്‍ സി എ ആവശ്യപ്പെട്ടു.

രേഖകള്‍ നഷ്ടമായവര്‍ക്കും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക്  തടസ്സം നേരിടുന്നവര്‍ക്കും സഹായകമായി സംസ്ഥാന തലത്തില്‍ കെ എല്‍ സി എ യുടെ ഹെല്‍പ്പ് ഡസ്ക് പ്രവര്‍ത്തിക്കും. ഭരണകേന്ദ്രങ്ങളുമായി നയപരമായ ഇടപെടലുകള്‍ നടത്തുന്നതിന് ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഹെല്‍പ്പ് ഡസ്ക് സേവനം ലഭ്യമാക്കും.

സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഷെറി ജെ തോമസ്, ട്രഷറര്‍ ജോസഫ് പെരേര, ഡയറക്ടര്‍ ഫാ. ജോസ് നവസ്, വൈസ് പ്രസിഡന്‍റുമാരായ ഇ ഡി ഫ്രാന്‍സീസ്, എബി കുന്നേപ്പറമ്പല്‍, എം സി ലോറന്‍സ്,  സി ടി അനിത, എം നേശന്‍, എഡിസന്‍ പി വര്‍ഗ്ഗീസ്, സെക്രട്ടറിമാരായ ഷൈജ ആന്‍റണി, ബേബി ഭാഗ്യോദയം, ജോസഫ് ജോണ്‍സന്‍, കെ എച്ച് ജോണ്‍, ജസ്റ്റിന്‍ ആന്‍റണി, കണ്‍വീനര്‍മാരായ ജസ്റ്റിന്‍ കരിപ്പാട്ട്, ബിജോയ് കരകാലില്‍, ഇ വി രാജു, അനില്‍ ജോസഫ്, ജോര്‍ജ് നാനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.