ക്രിസ്തുമസ് ചിന്തകൾ 15: സ്വപ്നം

ദൈവദൂതൻ യൗസേപ്പിതാവിന് പ്രത്യക്ഷപ്പെടുന്നത് സ്വപ്നത്തിലാണ്. മറിയത്തെ ഭാര്യയായി സ്വീകരിക്കാനും ഉണ്ണീശോയെ കാത്തുപരിപാലിക്കാനും പ്രേരണ ലഭിക്കുന്നത് സ്വപ്നത്തിലൂടെയാണ്. സ്വപ്നത്തിലൂടെ ദൈവീക സന്ദേശം മനുഷ്യനിലേക്ക് കൈമാറ്റം ചെയ്യപ്പെടാനാകുമെന്ന് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഓരോ സംഭവങ്ങളും നമ്മെ ഓർമിപ്പിക്കുന്നു.

സ്വപ്നങ്ങൾ നല്ലതോ ചീത്തയോ ആകുന്നത് ഓരോ വ്യക്തിയുടെയും ജീവിത രീതിയും ചിന്തയും പ്രവർത്തിയും മനോഭാവവും ആശ്രയിച്ചാണ്. തിന്മയിൽ ചരിക്കുകയും തിന്മയായത് ചിന്തിക്കുകയും തിന്മയുടെ പാത പിൻതുടരുകയും ചെയ്യുന്നവർക്ക് ഒരിക്കലും ദൈവീക ദർശനങ്ങളോ വെളിപാടുകളോ ഉണ്ടാകാറില്ല.

ദൈവത്തെപ്പറ്റി മനസ്സിരുത്തി ചിന്തിക്കുകയും ദൈവവചനത്തെ മനസ്സിൽ ആവാഹിക്കുകയും ദൈവകല്പനകൾ പാലിക്കുകയും ചെയ്യുമ്പോഴാണ് ദൈവീക പ്രകാശം സ്വപ്നരൂപത്തിൽ വെളിപ്പെടുക.

സ്വപ്നങ്ങൾ ദൈവത്തിന്റെ മുന്നറിയിപ്പുകളാണ്. നാളെ നിന്റെ ജീവിതത്തിൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ ഇന്ന് തന്നെ ദൈവം നിന്നെ അറിയിക്കാനായി ഉപയോഗിക്കുന്ന ഒരു മധ്യവർത്തിയാണ് സ്വപ്നം. യൗസേപ്പിതാവ് വിശ്വാസപൂർവം ദൈവീക സന്ദേശത്തെ സ്വീകരിച്ചപ്പോഴാണ് യേശുവിന്റെ വളർത്തുപിതാവായി മാറാനുള്ള യോഗ്യത നേടിയെടുത്തത്.

നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ സ്വരം സ്വപ്നരൂപേണ ശ്രവിക്കാനായി നമ്മുടെ ഹൃദയവും മനസ്സും ശരീരവും ചിന്തകളും ഒരുക്കാം. സ്വപ്നത്തിലൂടെ വെളിവാകുന്ന ദിവ്യരഹസ്യങ്ങളെ ഹൃദയത്തോട് ചേർത്തുവയ്ക്കാം.

സ്വപ്നം നമ്മെ ഓർമ്മിപ്പിക്കുന്നു:

1. ജീവിതത്തിലെ എത്ര വലിയ സങ്കീർണ പ്രശ്നങ്ങളുടെ നടുവിലും ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കുക.

2. ദൈവീക സ്വരം തിരിച്ചറിയാനായി ഹൃദയത്തെ ഒരുക്കുക.

3. ദൈവത്തിന്റെ വാക്കുകളെ സംശയിക്കരുത്.

4. ദൈവദർശനം ലഭിക്കാനായി ഹൃദയ നൈർമല്യത്തോടെ ജീവിക്കുക.

5. ദൈവം തരുന്ന മുന്നറിയിപ്പുകളെ മനഃപൂർവം അവഗണിച്ചുകൊണ്ട് അപകടത്തിൽ ചെന്ന് ചാടാതിരിക്കുക.

6. ഓരോ പ്രവർത്തി ചെയ്യുന്നതിനുമുൻപും ദൈവത്തിനോട് നിരന്തരം ആലോചന ചോദിക്കുക.

സാജനച്ചൻ, തക്കല രൂപത