അമ്മുക്കുട്ടിയുടെ ക്രിസ്തുമസ് 

മിഖാസ് കൂട്ടുങ്കൽ  

ഇന്നു തിങ്കളാഴ്ച . സ്‌കൂൾ വിട്ട് വന്നപ്പോൾ മുതൽ അമ്മയുടെ അമ്മുക്കുട്ടി രണ്ടാം  ക്ലാസ്സുകാരിയുടെ  സ്‌കൂൾഡയറിയും പിടിച്ചൊറ്റയിരിപ്പാണ് .

അതെ , അമ്മുക്കുട്ടി  അങ്ങനെയാണ് ; ഒരു കാര്യം അവളുടെ കുഞ്ഞു മനസ്സിൽ തട്ടിയാൽ അത് പറിച്ച് മാറ്റാൻ വലിയ ബുദ്ധിമുട്ടാണ് . തീരെ കുഞ്ഞിലേ കിന്റർ ഗാർട്ടനിലേക്ക്‌   അവളെ അമ്മ കൊണ്ടുപോയിവിടുന്ന  വഴിയെ  കണ്ട  ചട്ടുകാലുള്ള തെരുവുനായയെ എടുത്ത് കൊണ്ടു വന്നു ശുശ്രൂഷിക്കാനുള്ള അവളുടെ ശ്രമത്തെ അമ്മ തടസ്സപ്പെടുത്തിയതിന് പച്ച വെള്ളം കുടിക്കാതെയാണ് അന്നുറങ്ങും വരെ  പ്രതിഷേധിച്ചത്.

ഇന്നത്തെ പ്രശ്നം എന്താണ് ?

ക്രിസ്തുമസ്സിനോടനുബന്ധിച്ച് അമ്മുക്കുട്ടിയുടെ സ്‌കൂളിൽ  ക്ലാസ്സ് ടീച്ചർ ക്രിസ്തുമസ് ഫ്രണ്ട്സിനെ നറുക്കിട്ടെടുത്തു . ഈ വരുന്ന വ്യാഴാഴ്ച ക്രിസ്തുമസ് ഫ്രണ്ടിനുള്ള സമ്മാനം ഓരോരുത്തരും കൊണ്ടുചെല്ലണം. അതാണ് ക്‌ളാസ്സ് ടീച്ചർ ഡയറിയിൽ എഴുതിക്കൊടുത്തു വിട്ടിരിക്കുന്നത് !

അമ്മുക്കുട്ടിയ്ക്ക് എങ്ങനെ കിട്ടാനാണ്   സമ്മാനങ്ങൾ?

 കഴിഞ്ഞ ഓണത്തിന് സ്‌കൂളിലെ കൂട്ടൂകാരൊക്കെ പുത്തനുടുപ്പും വിലകൂടിയ കളിപ്പാട്ടങ്ങളും  മേടിച്ച കാര്യം വീട്ടിൽ വന്നു പറഞ്ഞപ്പോൾ   അച്ഛൻ കേൾക്കെ അമ്മ എന്താ പറഞ്ഞത്  -“മോൾക്ക്  ഇപ്പോൾ  ഒരുടുപ്പ് വാങ്ങേണ്ടതുണ്ടോ ?

സ്‌കൂളിൽ പോകാനൊക്കെ ആ യൂണിഫോം തന്നെ ധാരാളമല്ലെ ?”

അമ്മ അങ്ങനെ പറഞ്ഞതിന് കാരണമുണ്ട്   .

നട്ടെല്ലിന്റെ  ഡിസ്ക് തേയ്മാനം മൂലം വലിയ പണിയൊന്നും ചെയ്യാൻ ഇപ്പോൾ പറ്റാത്ത അച്ഛൻ

 ലോട്ടറി വിറ്റുകിട്ടുന്ന കാശുകൊണ്ട് വേണ്ടേ വീട്ടിലെ കാര്യങ്ങളെല്ലാം  നടത്താൻ . അമ്മയ്ക്ക് ജോലിയ്ക്കു പോകാൻ പറ്റുമായിരുന്ന  രണ്ടു  വർഷം മുൻപത്തെ അവസ്ഥയല്ലല്ലോ ഇപ്പോൾ . അന്നൊരു ദിവസം രാവിലെ തന്നെ അടുക്കളപ്പണിക്ക് പോകുന്നതിനായി ബസിൽ പോകുമ്പോഴായിരുന്നത്‌ സംഭവിച്ചത്. തുറന്നുവച്ച മുൻ ഡോറിലൂടെ അടുത്ത സ്റ്റോപ്പിലിറങ്ങാൻ നിൽക്കെ അപ്രതീക്ഷിതമായി വന്ന ഒരു ഓട്ടോ റിക്ഷയെ ഒഴിവാക്കാൻ  ബസ് ഡ്രൈവർ ബ്രെയ്ക്കു ചെയ്തത്  അമ്മുക്കുട്ടിയുടെ  കുടുമ്പത്തിന്മേൽ തന്നെയായിരുന്നു. അന്നു പുറത്തേയ്ക്കു വീണ വീഴ്ചയിൽ  അമ്മുക്കുട്ടിയുടെ അമ്മയ്ക്ക്  നഷ്ടമായതാണ്  കാലുകളുടെ  ചലനശേഷി .

എങ്കിലും അമ്മുക്കുട്ടിയ്ക് സ്‌കൂൾ വിട്ടു വന്നാൽ അമ്മയെ വിട്ടിട്ട് ഒരു നിമിഷവും   ഇല്ല.

ഇനിയെന്ത് ചെയ്യും ?

 അമ്മുക്കുട്ടിയ്ക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല ..

അതാണ് അവൾ ഡയറിയിലേക്ക് കുമ്പിട്ടങ്ങനെ ഇരിക്കുന്നത് .

ആ ഇരുപ്പിൽ എന്തൊക്കെയോ സ്വപ്നങ്ങളും സങ്കടങ്ങളും ചേർന്നിറ്റു വീണ്  സ്‌കൂൾ  ഡയറി കുതിർന്നു .

നീണ്ട നിശബ്ദതയിൽ അമ്മുക്കുട്ടി തറയിലേക്ക് തളർന്നു വീണുറങ്ങി.

സ്വ പ് നങ്ങളും സങ്കടങ്ങളും വകഞ്ഞു മാറ്റി പുതിയ പകൽ തെളിഞ്ഞു .

അമ്മുക്കുട്ടി പുതിയ കുട്ടിയായി  ക്ലാസ്സിലേക്ക് പോയി .

ഉച്ച ഭക്ഷണം കഴിഞ്ഞു കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ  ക്ലാസ് ടീച്ചർ കൂടിയായ ആനി ടീച്ചർ  അമ്മുക്കുട്ടിയെ പ്രത്യേകമായി അടുത്ത് വിളിച്ച്  ഒരു കവർ ഏല്പിച്ചു . ” മോളുടെ ക്രിസ്തുമസ് ഫ്രണ്ടായ ഞാൻ  മോൾക്കുള്ള സമ്മാനവും സന്ദേശവും  രണ്ടു ദിവസം മുൻപേ കൈമാറുകയാണ് . പക്ഷെ  ഒരു  നിബന്ധനയുണ്ട് . അമ്മുക്കുട്ടി  ഇത് തുറക്കാൻ പാടില്ല .  വളരെ ശ്രദ്ധയോടെ   അച്ഛനെ  ഏൽപ്പിക്കണം . ഇത് ഈ വർഷം  ഉണ്ണിയേശു മോളുടെ വീട്ടിലേക്ക്  കൊടുത്തയക്കുന്ന  ക്രിസ്തുമസ്  ഗിഫ്റ്റാണ്.”

എന്തോ വലിയ ഒരു സമ്മാനം കിട്ടിയ സന്തോഷത്തിൽ അമ്മുക്കുട്ടി  അന്ന് വീട്ടിലേക്ക്  പോയി .   “എന്തായിരിക്കും ഈ സമ്മാനം ? എന്തിനായിരിക്കും  രണ്ടു ദിവസം മുൻപേ ടീച്ചർ എനിക്ക് മാത്രം സമ്മാനം തന്നയച്ചത്  ? എന്തുകൊണ്ടാവും  അത് തുറക്കരുത് എന്ന് പറഞ്ഞത്  ? ”  അവളുടെ ഉള്ളു ആകാംക്ഷ  കൊണ്ട്  നിറഞ്ഞു.

വ്യാഴാഴ്ചയെത്തി .  അച്ഛനോടൊപ്പം  അമ്മുക്കുട്ടി സ്‌കൂളിലേക്ക് ചെല്ലുമ്പോൾ പതിവിനു വിപരീതമായി അന്ന് ധാരാളം മാതാപിതാക്കൾ സ്‌കൂൾ മുറ്റത്ത്  വന്നു നിൽപ്പുണ്ട് .

സ്‌കൂൾ അസ്സംബ്ലി ഉണ്ടത്രേ . പ്രാർത്ഥനാ ഗാനത്തിന് ശേഷം ഹെഡ് മാസ്റ്റർ  മൈക്കിന് മുൻപിലേക്ക് വന്നു . ” പ്രിയ മാതാപിതാക്കളെ , അധ്യാപകരെ , കുട്ടികളെ ..ഇന്ന്  ഓരോ ക്‌ളാസ്സുകാരും ക്രിസ്തുമസ്സ് ആഘോഷിക്കുവാൻ  തയ്യാറായി വന്നിരിക്കുകയാണെന്ന് അറിയാം . എന്നാൽ നമ്മുടെ  ഈ വർഷത്തെ ക്രിസ്തുമസിന് ഒരു പുതുമയുണ്ട് . കഴിഞ്ഞ തവണത്തെ നമ്മുടെ പേരന്റ്സ് മീറ്റിങ്ങിൽ ശ്രീമതി ആനി ടീച്ചർ  പറഞ്ഞ വലിയ ഒരു ആശയം  ഈശ്വരൻ  നമ്മുടെ മുൻപിലേക്ക് ക്രിസ്തുമസ് സമ്മാനമായി ഫലമണിയിച്ച് നൽകിയിരിക്കുകയാണ് . ഇതായിരുന്നിരിക്കണം ഒരു പക്ഷെ  ക്രിസ്തുമസിനായുള്ള  ഏറ്റവും നീണ്ടതും യാഥാർത്ഥവുമായ ഒരുക്കം . ഓരോ കുട്ടിയുടെയും വീട്ടിലെ മുഴുവൻ പേരും   ഒരു തവണ  വീതം നമ്മുടെ ” പ്രിയപ്പെട്ട അമ്മുക്കുട്ടിയുടെ അച്ഛന്റെ പക്കൽ നിന്ന് ലോട്ടറിയെടുക്കുകയെന്ന  ആ വലിയ ആശയം വിജയകരമായി  നടപ്പാക്കുകയും ആ സദുദ്ദേശത്തിന്റെ ഫലം തികച്ചും അപ്രതീക്ഷിതമായി ഒരു ക്രിസ്തുമസ് സമ്മാനം പോലെ നമ്മിൽ എത്തിച്ചേർന്നിരിക്കുകയുമാണ് . ഈയവസരത്തിൽ അതിനു മുൻകൈയെടുത്ത ശ്രീമതി ആനി ടീച്ചറിനെ അഭിനന്ദിക്കുന്നതോടൊപ്പം ഈ സത് കർമ്മത്തിൽ പങ്കു ചേർന്ന എല്ലാ കുടുംബങ്ങളെയും വ്യക്തികളെയും നന്ദി അറിയിക്കുകയുമാണ് . പ്രിയപ്പെട്ടവരേ  അതിലും സന്തോഷകരമായ  കാര്യം   സംസ്ഥാന സർക്കാരിന്റെ ഈ കഴിഞ്ഞ ദിവസത്തെ കാരുണ്യ ലോട്ടറിയുടെ  നറുക്കെടുപ്പിൽ എൺപതു ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിനർഹയായിരിക്കുന്നത്‌  കെ ആർ മുന്നൂറ്റി നാല്പത്തി അഞ്ചാം നമ്പർ ടിക്കറ്റിനുടമയായ   ശ്രീമതി ആനിടീച്ചർ ആണെന്ന കാര്യം മുതിർന്നവരിൽ ചിലരെങ്കിലും അറിഞ്ഞു  കാണുമല്ലോ . എന്നാൽ ആ സമ്മാനാർഹമായ ടിക്കറ്റു തന്നെ   തന്റെ ക്രിസ്തുമസ് ഫ്രണ്ടിന് ഔദ്യോഗികമായി കൈമാറുന്നതിനാണ്  ആനി ടീച്ചറിന്റെ ആഗ്രഹം പോലെ ഈ അസംബ്‌ളി ഇന്നിവിടെ വിളിച്ചു ചേർത്തിരിക്കുന്നത് . ഈയവസരത്തിൽ ഔദ്യോഗികമായ ചില രേഖകളോടൊപ്പം  ടിക്കറ്റ് കൈമാറുന്നതിന് ശ്രീമതി ആനി ടീച്ചറിനെയും ഏറ്റുവാങ്ങുന്നതിനായി അമ്മുക്കുട്ടിയെയും അമ്മുക്കുട്ടിയുടെ അച്ഛനെയും  മുൻപിലേക്ക് ക്ഷണിക്കുകയാണ് .”

മുൻപിലേക്ക് കടന്നുവന്ന  ടീച്ചർ ആണ് തുടർന്ന്  സംസാരിച്ചത് .

“നല്ലവരായ അദ്ധ്യാപകരെ,മാതാപിതാക്കളെ ,കുട്ടികളെ , ഈ വർഷത്തെ ക്രിസ്തുമസിന് ഏറെ നാളുകളായി ചെറിയ തുകയിലൂടെ നമ്മൾ ഒരു പുൽക്കൂടൊരുക്കുകയായിരുന്നു . ഇന്നവിടെ ഉണ്ണി പിറന്നിരിക്കുന്നു . ആ ഉണ്ണിയെ  ഞാൻ എന്റെ ക്രിസ്തുമസ് ഫ്രണ്ടിന് -എന്റെ ,നമ്മുടെ അ മ്മുക്കുട്ടിക്കും അമ്മുക്കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമായ് കൈമാറുകയാണ് . “

അമ്മുക്കുട്ടിയുടെ ക്രിസ്തുമസ് ഫ്രണ്ടിനുള്ള സമ്മാനം കൈമാറലായിരുന്നു അടുത്തതായി നടന്നത് .

 ആനി ടീച്ചർ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സമ്മാനം ,

അച്ഛനുള്ള കുറിപ്പായി  ,

അമ്മുക്കുട്ടിയുടെ നല്ലവരായ നാട്ടുകാർക്കായ്  എന്നുമുള്ള പ്രാർത്ഥനയായ്  മാറാൻ

അവർ തന്നെ ചൊവ്വാഴ്ച കൊടുത്തയച്ച   പ്രാര്ഥനാക്കുറിപ്പ് .

 അത് അമ്മുക്കുട്ടി ഉച്ചത്തിൽ തന്നെ ഭംഗിയായി പ്രാർത്ഥനാപൂർവ്വം വായിച്ചു .

“ഞാൻ എന്റേത്  മാത്രമായ ഒരു സമ്മാനം കൂടി തന്നോട്ടെ ടീച്ചർ .”

“അതിനെന്താ മോളെ ” എന്ന് പറഞ്ഞു തീർന്നതും അമ്മുക്കുട്ടി അസംബ്ലിയെന്നൊന്നും നോക്കാതെ ഓടിച്ചെന്ന്  ടീച്ചറിനെ കെട്ടിപ്പിടിച്ച്  ഉമ്മ കൊണ്ട് പൊതിഞ്ഞു .

“ടീച്ചറമ്മ”  -ഇനി ഞാനെങ്ങനെയെ വിളിക്കൂ ..”

 അമ്മുക്കുട്ടിയുടെയും ആനിടീച്ചറിന്റെയും കണ്ണുകൾ നിറഞ്ഞു;അവരുടെമാത്രമല്ല അവിടെ ഉണ്ടായിരുന്ന സകലരുടെയും!

അന്നുമുതൽ അമ്മയുടെ അമ്മുക്കുട്ടി ടീച്ചറമ്മയുടെയും അമ്മുക്കുട്ടിയായ് !

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.