മിഷന്‍ വചനവിചിന്തനം: ഒക്‌ടോബര്‍ 26, ലൂക്കാ 13: 1-9

ജയ്സൺ കുന്നേൽ

വി. ലൂക്കായുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന വചനഭാഗമാണ് ഇന്നത്തെ ധ്യാനവിഷയം. മറ്റു സുവിശേഷങ്ങളിലൊന്നും ഇതിനെപ്പറ്റി പരാമര്‍ശമില്ല. ലൂക്കായുടെ സുവിശേഷത്തിന്റെ പകുതിയോളം വ്യാപിച്ചുകിടക്കുന്ന യേശുവിന്റെ, ഗലീലിയില്‍ നിന്നു ജറുസലേമിലേയ്ക്കുള്ള യാത്രയിലാണ് (ലൂക്കാ 9:51; 19:28) ഇപ്പോഴും അസാധാരണ മിഷന്‍ മാസത്തിലെ നമ്മുടെ യാത്രകളും. യേശു, തന്റെ ജീവിതവും പഠനങ്ങളും വഴി പ്രേഷിതരെ രൂപപ്പെടുത്തുന്നു. ജിവിതയാത്രയില്‍ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണ് യേശു ഇന്ന് നമുക്ക് പറഞ്ഞുതരുന്നത്.

ഇന്നത്തെ വചനഭാഗത്ത് രണ്ടു തവണ യേശു ഈ ഉപദേശം നല്‍കുന്നു. പിതൃഭവനം നേടിത്തരുന്ന ഒരു പുണ്യത്തെക്കുറിച്ചാണ് അവന്‍ സംസാരിക്കുന്നത്. ‘പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും’ (ലൂക്കാ 13:3-5). പശ്ചാത്താപം പിതൃഭവനം നേടിത്തരുന്ന പുണ്യമാണ്. സ്വര്‍ഗ്ഗകവാടം തുറക്കുന്ന താക്കോലാണ്. ലൂക്കായുടെ സുവിശേഷത്തില്‍തന്നെ പതിനഞ്ചാം അധ്യായത്തില്‍ ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ യേശു നമുക്ക് കാണിച്ചുതരുന്നത്, തെറ്റുകളെ ഓര്‍ത്ത് പശ്ചാത്തപിച്ച് തിരികെ വരുന്ന മകനെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന പിതാവിനെയാണ് (ലൂക്കാ 15:11-32).

പാപത്തിന്റെയും നിരാശയുടെയും ചെളിക്കുഴിയില്‍ ധൂര്‍ത്തപുത്രന്‍ വീണപ്പോള്‍ പിതൃഭവനത്തിന്റെ സമൃദ്ധിയെപ്പറ്റി അവന് സുബോധമുണ്ടായി. അവന്‍ പറഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേയ്ക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേയ്ക്കു ചെന്നു’ (ലൂക്കാ 15:17-20). ജീവിതം സ്വയം നഷ്ടപ്പെടുത്താതെ ദൈവത്തിലാശ്രയിച്ച് വീണ്ടും പടുത്തുയര്‍ത്താന്‍ ആഗ്രഹിച്ചപ്പോള്‍ പശ്ചാത്താപമുണ്ടായി, തിരികെ നടന്നു. അനുതാപത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ചാണ് ധൂര്‍ത്തപുത്രന്റെ ഉപമ നമ്മെ പഠിപ്പിക്കുക. പാപം ചെയ്ത് ദൈവത്തെയും സഹോദരങ്ങളെയും വേദനിപ്പിച്ചു എന്ന ദുഃഖം മാത്രമല്ല, ഹൃദയത്തില്‍ ഉറവ പൊട്ടിയപശ്ചാത്താപം, അതാണ് അവനെ രക്ഷിച്ചത്.

ഓസ്ട്രിയന്‍ നോവലിസ്റ്റ്, മരിയേ ഫോണ്‍ എബ്‌നെര്‍ എസ്‌ഷെന്‍ബാക്ക് പറയുന്നതു പോലെ, ‘നാം ആയിരിക്കുന്ന രീതിയില്‍ നാം ആയിരിക്കുന്നുവെന്ന വസ്തുതയെക്കുറിച്ചുള്ള വലിയ ദുഃഖം അഥവാ അനുതാപം അവനുണ്ടായി, എഴുന്നേറ്റ് പിതാവിന്റെ പക്കലേയ്ക്ക് പോകുവാന്‍ തീരുമാനിക്കുന്നു. സ്വഭവനത്തിലേയ്ക്ക് മടങ്ങിയെത്തുന്നു. ഇതാണ് അനുതാപം.’ ദൈവത്തിങ്കലേയ്ക്ക് തിരികെ നടക്കുന്നതിന്റെ ആദ്യപടിയാണ് ഹൃദയത്തില്‍ തോന്നുന്ന അനുതാപവും പശ്ചാത്താപവും. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ഉദ്ദേശ്യം തന്നെ ‘പാപികളെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുക’ (ലൂക്കാ 5:32) എന്നതാണ്. പാപിനിയായ മറിയത്തിന്റെ ജീവിതം വിശുദ്ധമാക്കിയതും ഹൃദയത്തില്‍ നിന്നു വന്ന പശ്ചാത്താപമാണ്. ഏതൊരു കൊടിയ പാപിക്കും പശ്ചാത്താപത്തിലൂടെ ദൈവസന്നിധിയിലേയ്ക്ക് തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന സത്യം പ്രേഷിതര്‍ പ്രഘോഷിക്കണം.

അനുതാപത്തിന്റെ സുവിശേഷം മനുഷ്യഹൃദയങ്ങളില്‍ രക്ഷ കൊണ്ടുവരും. ഹൃദയത്തില്‍ അനുതാപവും പശ്ചാത്താപവും ഉള്ളിടത്തോളം രക്ഷ നമ്മുടെ കൂടെത്തന്നെയുണ്ട്. ചെയ്തുപോയ തെറ്റുകളില്‍ ഒന്നിനെക്കുറിച്ചുപോലും പശ്ചാത്താപം ഇല്ലാതിരിക്കുക ഗുരുതരമായ ആത്മീയ പാപ്പരത്വത്തിന്റെ ലക്ഷണമാണ്. വിശുദ്ധ കുമ്പസാരത്തോടും, ദിവ്യകാരുണ്യ സ്വീകരണത്തോടും, പ്രാര്‍ത്ഥനാ ജീവിതത്തോടും താല്‍പര്യമില്ലായ്മ ഇവയൊക്കെ, നമ്മള്‍ആത്മീയമായി മരിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനകളാണ്. അനുതാപത്തില്‍ നിന്നുളവാകുന്ന ജീവിത നവീകരണത്തിലൂടെ ആത്മീയമായ ഒരു ഉയിര്‍പ്പ് സാധ്യമാണ്.’പ്രായശ്ചിത്തം ചെയ്യുക എന്നത് നമ്മള്‍ ചെയ്ത പാപത്തിന്മേല്‍ പശ്ചാത്തപിക്കലാണ്. പശ്ചാത്തപിക്കാതിരിക്കാന്‍ തിന്മ ചെയ്യാതിരിക്കൂ’ എന്ന വി. തോമസ് അക്വീനാസിന്റെ പ്രബോധനം ഇവിടെ പ്രസക്തമാണ്.

പ്രേഷിതര്‍ അനുതാപം പ്രസംഗിക്കുന്നവരും സ്വയം ജീവിതത്തില്‍ പശ്ചാത്താപത്തിന്റെ മാര്‍ഗ്ഗം പിന്തുടരുന്നവരുമായിരിക്കണം. അനുതാപത്തിന്റെ ഫലം അന്വേഷിച്ച് യജമാനന്‍ വരുമ്പോള്‍ കണ്ടില്ലെങ്കില്‍ ഫലം തരാത്ത അത്തിവൃക്ഷത്തിന്റെ അവസ്ഥ പ്രേഷിതരിലുമുണ്ടാകും (ലൂക്കാ 13:6-9). ദൈവം അനുതാപത്തെയും പശ്ചാത്താപത്തെയും വളരെയേറെ വിലമതിക്കുന്നു. അതുകൊണ്ട് ലോകത്തിലെ ഏറ്റവും ചെറിയ അളവിലുള്ള അനുതാപവും അത് ആത്മാര്‍ത്ഥമാണെങ്കില്‍, ഏതു പാപവും ക്ഷമിക്കാന്‍ ദൈവം സന്നദ്ധനാകുന്നു എന്ന വി. ഫ്രാന്‍സീസ് ഡി സാലസിന്റെ ഉപദേശം മറക്കാതെ സൂക്ഷിക്കാം.

സീറോ മലബാര്‍ കുര്‍ബാന ക്രമത്തില്‍, ദൈവൈക്യശുശ്രൂഷയ്ക്ക് മുമ്പ് ശുശ്രൂഷി, വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്ന പ്രാര്‍ത്ഥനയോടെ ഇന്നത്തെ വിചിന്തനം അവസാനിപ്പിക്കാം. ‘നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീര-രക്തങ്ങളുടെ രഹസ്യങ്ങളെ നമുക്കെല്ലാവര്‍ക്കും ഭക്ത്യാദരങ്ങളോടെ സമീപിക്കാം. അനുതാപത്തില്‍ നിന്നുളവാകുന്ന ശരണത്തോടെ അപരാധങ്ങളില്‍ നിന്ന് പിന്തിരിഞ്ഞു കൊണ്ടും പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചു കൊണ്ടും നമുക്ക് സകലത്തിന്റെയും നാഥനായ ദൈവത്തോട് കൃപയും പാപമോചനവും യാചിക്കുകയും ചെയ്യാം.’

ഫാ. ജെയ്‌സണ്‍ കുന്നേല്‍ MCBS