ദ് ലാസ്റ്റ് ടെപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് -1988

വിഖ്യാത എഴുത്തുകാരനായ നിക്കോസ് കസാന്‍ദ്‌സാക്കിസിന്റെ ഇതേ പേരിലുള്ള വിവാദ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ഈ സിനിമ. 1955- ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ സിനിമയാകുന്നത് 1988 ല്‍ മാര്‍ട്ടിന്‍ സ്‌കോഴ്‌സസിന്റെ സംവിധാനത്തിലാണ്. നിരോധിച്ച പുസ്തകങ്ങളുടെ ലിസ്റ്റിലാണ് ഈ വിവാദ നോവലിന്റെ സ്ഥാനം.

ക്രിസ്തു മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു എന്ന് തിരുവെഴുത്തുകള്‍ പറയുന്നു. മനുഷ്യര്‍ നേരിടേണ്ടി വരുന്ന എല്ലാ വിചാരങ്ങളെയും മാനസിക സമ്മര്‍ദ്ദങ്ങളെയും ക്രിസ്തുവും നേരിട്ടു എന്നാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പാപമില്ലാതെ ജനിച്ചവനാണ്  എന്ന് പറയുമ്പോഴും ഭയവും സമ്മര്‍ദ്ദവും സംശയങ്ങളും അതൃപ്തിയും ആസക്തികളും ഉള്ളവനായിരുന്നു ക്രിസ്തു എന്ന് കസാന്‍ദ്‌സാക്കിസ് തന്റെ രചനയില്‍ സമര്‍ത്ഥിക്കുന്നു. കരുണയും അനുകമ്പയും നിറഞ്ഞ ക്രിസ്തുവിനെയാണ് മിക്ക സിനിമകളിലും പുസ്തകങ്ങളിലും നാം കണ്ടിട്ടുള്ളത്. സുവിശേഷത്തില്‍ നിന്നും നേര്‍വിപരീതവും വിഭിന്നനുമായ ക്രിസ്തുവിനെക്കുറിച്ചാണ് ഈ രചന. അതുകൊണ്ടു തന്നെയാണ് വിവാദങ്ങളിലേക്ക് ഈ സിനിമ എത്തിപ്പെട്ടത്.

ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന കഥകളും സംഭവങ്ങളും സിനിമയില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിന് യോജിക്കുന്ന തരത്തിലല്ല ഈ സിനിമയുടെ കഥയും കഥപാത്രങ്ങളും തിരശ്ശീലയിലെത്തുന്നത്. ഒരു മനുഷ്യന്‍ നിത്യജീവിതത്തില്‍ നേരിടേണ്ടി വരുന്ന എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടി വന്നയാളാണ് ക്രിസ്തു എന്നാണ് ഈ സിനിമ പറയുന്നത്. വിവാഹിതനായി ഭാര്യയും കുട്ടികളുമായി ജീവിച്ചിരുന്നു എന്നും പറയുമ്പോള്‍ സുവിശേഷത്തില്‍ നിന്നും ഈ സിനിമ ഏറെ ദൂരെയാണെന്ന് വ്യക്തമാണല്ലോ.

ഈ ചിത്രത്തില്‍ ക്രിസ്തുവായി അഭിനയിച്ചത് വില്യം ഡാഫോ എന്ന നടനാണ്. മഗ്ദലന മറിയത്തിന്റെ കഥാപാത്രം ചെയ്തത് ബാര്‍ബറ ഹാര്‍ഷേ. ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുക എന്നതായിരുന്നു മാര്‍ട്ടിന്‍ സ്‌കോഴ്‌സസിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. എന്നാല്‍ ആ സിനിമ സംഭവിച്ചത് വിശ്വാസത്തിന് നേര്‍വിപരീതമായിട്ടായിരുന്നു എന്ന് മാത്രം.

സംവിധായകനായ മാര്‍ട്ടിന്‍ സ്‌കോഴ്‌സസിന് മികച്ച സംവിധായകനുള്ള അംഗീകാരം നേടിക്കൊടുത്ത സിനിമയാണിത്. മഗ്ദലേന മറിയമായി അഭിനയിച്ച ഹെര്‍ഷേയ്ക്ക് മിക്ക സഹനടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ ലഭിക്കുകയും യൂദാസിന്റെ കഥാപാത്രം ചെയ്ത കെയ്റ്റല്‍സിന് ഏറ്റവും മോശം അഭിനേതാവിനുള്ള പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.