കറുത്ത നഗരമായി സിറിയയിലെ അലപ്പോ

സിറിയന്‍ നഗരമായ ഹോംസില്‍ വര്‍ഷങ്ങളായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന സിറിയന്‍ ജസ്യൂട്ട് പുരോഹിതനാണ് ഫാദര്‍ സിയാദ് ഹിലാല്‍. സിറിയയിലെ വലിയ നഗരങ്ങളില്‍ രണ്ടാം സ്ഥാനമുള്ള നഗരമാണ് അലപ്പോ. ഇവിടെ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് ഫാദര്‍ സിയാദ് ഹിലാല്‍ പറയുന്നു, ”ഇത് ഞങ്ങളുടെ ഇന്നത്തെ നിലവിളിയാണ്. സിറിയയില്‍ സമാധാനം സാധ്യമാകും. ഇനിയുള്ള ഏക പ്രത്യാശ അത് മാത്രമാണ്.”

അലപ്പോയിലെ സംഘര്‍ഷത്തിനുള്ള സാഹചര്യം 

ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമായിരിക്കും ചിലപ്പോള്‍ വൈദ്യുതി ലഭിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ഇത് ലഭിക്കണമെന്നില്ല. ചില ആളുകള്‍ ജനറേറ്റര്‍ ആണ് ഉപയോഗിക്കുന്നത്. എങ്കിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ ജനങ്ങള്‍ ഇരുട്ടിലാണ്. ഇരുകൂട്ടര്‍ക്കും വൈദ്യുതി ലഭിക്കുന്നതേയില്ല.

ഭരണകൂടവും പ്രതിപക്ഷവും ചേര്‍ന്ന് അലപ്പോ നഗരത്തെ രണ്ടായി വിഭജിച്ചിരുന്നു. ഇവിടുത്തെ ജനങ്ങളും ഇപ്രകാരം വിഭജിക്കപ്പെട്ടിരുന്നു. അതുകൊണ്ട് നഗരത്തിന്റെ ഇരുവശങ്ങളിലുമായി ജീവിക്കുക എന്ന കാര്യം ദു:സ്സഹമായി. അനവധി പേര്‍ക്ക് ജോലിയും വീടും നഷ്ടപ്പെട്ടു. ജോലി ചെയ്യാനുള്ള സാഹചര്യം കൂടി മിക്കവര്‍ക്കും ഇല്ലാതായി.

പ്രത്യാശയുടെ വെളിച്ചം

ചില ക്രൈസ്തവ സംഘടനകള്‍ നല്‍കുന്ന സഹായങ്ങളാണ് ഇവിടുത്തെ ജനജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ജസ്യൂട്ട് സഭാംഗങ്ങളും  മറ്റ് ഏജന്‍സികളും പ്രാദേശിക മെത്രാന്‍മാരും ഇവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ക്രൈസ്തവരെ അവരുടെ പ്രദേശത്ത് തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കിയിട്ടുണ്ട്. മുസ്ലീം സമുദായങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. ഉദാഹരണത്തിന് ദിനംപ്രതി 7500 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കും മുസ്‌ളീമുകള്‍ക്കും ഒരുപോലെ ഈ സഹായം ലഭ്യമാണ്. ക്രൈസ്തവരും മുസ്ലിം സമൂഹവും എന്ന വേര്‍തിരിവില്ലാതെ സിറിയന്‍ പ്രശ്‌നത്തില്‍ ക്രൈസ്തവ സഭ എങ്ങനെ ഇടപെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.

സഹനങ്ങളുടെ അലപ്പോ

നിരവധി ദരിദ്രകുടുംബങ്ങള്‍ തൊഴില്‍ ചെയ്യാനാവാതെ വലയുന്നുണ്ട്. പതിനാലും എട്ടും ഏഴും വയസ്സുള്ള മൂന്ന് കുട്ടികള്‍ അടങ്ങിയ ഒരു ക്രൈസ്തവ കുടുംബത്തെക്കുറിച്ച് പറയാം. ഈ കുട്ടികള്‍ ഒരു ഹോട്ടലില്‍ ജോലിയെടുക്കുന്നുണ്ട്. ഇവരുടെ പിതാവ് നേരത്തെ മരിച്ചു. അമ്മയും ഹോട്ടലില്‍ ജോലിക്ക് പോകുന്നുണ്ട്. ഹോട്ടലില്‍ കച്ചവടം തീരെയില്ല എങ്കിലും ഹോട്ടലുടമ ഇവരോട് ജോലി നിര്‍ത്താന്‍ ആവശ്യപ്പെടുന്നില്ല. കാരണം അവര്‍ക്ക് അവരുടെ അമ്മയെ സഹായിക്കാന്‍ വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഇത്തരത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ ഈ നഗരത്തിലുണ്ട്.

സൈനികസഹായം

കലാപകാരികളെ നഗരത്തില്‍ നിന്നും തുരത്തുന്നതില്‍ സൈനികര്‍ വിജയിച്ചിട്ടുണ്ട്. അലപ്പോയില്‍ മാത്രമല്ല സിറിയ മുഴുവന്‍ അരാജകത്വവും അക്രമവും നിലനില്‍ക്കുന്ന അവസ്ഥയാണുള്ളത്. അലപ്പോയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റ് നഗരങ്ങളെ വിസ്മരിക്കാന്‍ സാധിക്കുകയില്ല. വിഭജിച്ച് നില്‍ക്കുന്ന സിറിയക്കാര്‍ തമ്മിലുള്ള അനുരജ്ഞന സംഭാഷണമാണ് ഇപ്പോള്‍ വേണ്ടത്. ആയുധങ്ങള്‍ കൊണ്ടുള്ള വിപ്ലവങ്ങളല്ല, സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം. സിറിയയില്‍ സമാധാനം സാധ്യമാണ്. അനുരജ്ഞനമാണ് ഇനിയുള്ള ഏക പ്രത്യാശ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.