വില്‍പ്പനയ്ക്ക് വയ്ക്കപ്പെട്ട നാദിയ

നാദിയ മുറാദ് ബാസി താഹ എന്ന യസീദി യുവതിയെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം.

21 വയസാണ് പ്രായം. തുടര്‍ച്ചയായി മൂന്നു മാസം ഐഎസ് ഭീകരരുടെ ലൈംഗിക അടിമയായിരുന്നു ഇവള്‍!

സ്വന്തം കുടുംബത്തിലെ പലരേയും ഇസ്ലാമിക് ഭീകരര്‍ വധിച്ചത് കാണേണ്ടിവന്നു അവള്‍ക്ക്. ഒടുവില്‍ അവള്‍ രക്ഷപ്പെട്ട് ജര്‍മ്മനിയിലെത്തി.  നാദിയ ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ എത്തിയിരുന്നു, താന്‍ അനുഭവിച്ച ഭീകരമായ അവസ്ഥ ലോകത്തിന്റെ മുമ്പില്‍ പങ്കുവയ്ക്കാന്‍. അവളെ കേട്ടവരെല്ലാവരും തലകുനിച്ച് കണ്ണീര്‍ തുടച്ചു.

അത്രമാത്രം ഭീകരമായിരുന്നു തന്റെ 21-ാം വയസില്‍ മൂന്നുമാസം കൊണ്ട് അവള്‍ അനുഭവിച്ചത്. ഇറാക്കിന്റെ വടക്കുള്ള കൊച്ചോ എന്ന ഗ്രാമത്തിലായിരുന്നു 2014 ജൂലൈ വരെ നാദിയ തന്റെ അമ്മയോടും സഹോദരങ്ങളോടും കൂടെ താമസിച്ചിരുന്നത്. ചരിത്രം ഇഷ്ടവിഷയമാക്കിയ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍. ആഗ്രഹം ഒരു ടീച്ചറാകാനും.

”എനിക്കൊന്നും അറിയില്ലായിരുന്നു,” പൊതുവെ ശാന്തമായിരുന്ന തന്റെ ബാല്യത്തെക്കുറിച്ച് അവള്‍ പറഞ്ഞു.

”ഐസിസ് എന്താണെന്നോ അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നെന്നോ എനിക്കറിയില്ലായിരുന്നു.”

പക്ഷേ, പതിയെ ടെലിവിഷനില്‍ ഭീകരന്മാരുടെ പ്രവര്‍ത്തനങ്ങളും ഭീകരകൃത്യങ്ങളും അവള്‍ കണ്ടു തുടങ്ങി. ആഗസ്റ്റ് മാസത്തില്‍ തന്റെ സഹോദരിമാരോടൊത്ത് ഗ്രാമത്തിലൂടെ നടന്നപ്പോള്‍ കുറച്ച് അപരിചിതരെ കണ്ടു. ടെലിവിഷനില്‍ കണ്ട അതേ രൂപങ്ങള്‍! തങ്ങളുടെ ഗ്രാമത്തിലും അവരെത്തി എന്നവള്‍ക്ക് മനസ്സിലായി.

പെട്ടെന്ന് അവര്‍ എല്ലായിടത്തും നിറഞ്ഞു – തെരുവുകളില്‍, വഴികളില്‍, വീടുകളില്‍ എല്ലായിടത്തും. അവരുടെ എണ്ണം വളരെയധികമായിരുന്നു.

2014 ആഗസ്റ്റ് 15-ന് പട്ടണത്തിന് പുറത്തുള്ള സ്‌കൂളിലേക്ക് വരാന്‍ ഐഎസ് ഭീകരര്‍ എല്ലാവരോടും ആവശ്യപ്പെട്ടു. ലഞ്ചിന്റെ സമയമായിരുന്നു അത്. മുഖംമൂടി ധരിച്ചവരും അല്ലാത്തവരുമായി അനവധി ഭീകരന്മാര്‍ വഴിനീളെ ഉണ്ടായിരുന്നു. വ്യത്യസ്തമായ ഭാഷകളായിരുന്നു അവര്‍ സംസാരിച്ചിരുന്നത്.

അവര്‍ സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ചു. നാദിയയെയും കുറെ സ്ത്രീകളെയും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ആക്കി. എന്നിട്ട് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ 312 പുരുഷന്മാരെ വെടിവച്ച് കൊന്നു. അതില്‍ നാദിയയുടെ ആറ് സഹോദരന്മാരും ഉണ്ടായിരുന്നു. എല്ലാത്തിനും നാദിയ ദൃക്‌സാക്ഷിയായി.

കുര്‍ദുകള്‍ പിന്നീട് ഐഎസില്‍ നിന്ന് ആ സ്ഥലം പിടിച്ചെടുത്തപ്പോള്‍ പ്രായമുള്ള 80 സ്ത്രീകളെ അടക്കം ചെയ്തിരുന്ന വലിയ കുഴിമാടം കണ്ടെത്തിയിരുന്നു. സൗന്ദര്യമില്ലാത്തവരെയും പ്രായമായവരേയും വില്‍ക്കാന്‍ പറ്റാത്തതുകൊണ്ട് അവരെ കൊന്ന് കുഴിച്ചുമൂടി. നാദിയായെപോലുള്ള ചെറുപ്പക്കാരികളെ ഐഎസ് അധിനിവേശ മൊസൂളിലേയ്ക്ക് അവര്‍ കൊണ്ടുപോയി.

അവിടെവച്ചാണ് അവള്‍ വില്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും അടിമയാക്കപ്പെടുകയും ചെയ്തത്. മൊസൂളിലെ ഒരു പകലില്‍ അടിമയാക്കപ്പെട്ട മറ്റ് സ്ത്രീകളോടൊപ്പം അവള്‍ ഇരിക്കുകയായിരുന്നു. പിങ്കുവര്‍ണ്ണത്തിലുള്ള ജാക്കറ്റ് ധരിച്ചിരുന്ന നാദിയയെത്തേടി അപ്പോള്‍ അവരുടെ വിളിയെത്തി – വില്‍പ്പനയ്ക്കുള്ള വിളി.

പിന്നെ, പീഡനങ്ങളുടെ കാലം; 2014 നവംബറില്‍ രക്ഷപ്പെടുന്നതുവരെ അതു തുടര്‍ന്നു. താനും തന്റെ ജനങ്ങളും അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ ജീവിതാനുഭവങ്ങള്‍ അവള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയില്‍ പങ്കുവച്ചു.

നാദിയ സംസാരിക്കുന്നു

”കുട്ടികളും സ്ത്രീകളും അടങ്ങിയ ഞങ്ങളുടെ സംഘത്തെ അവര്‍ ബസ്മാര്‍ഗ്ഗം മറ്റൊരു സ്ഥലത്തേക്ക് എത്തിച്ചു. വഴിയില്‍ വച്ച് അവര്‍ ഞങ്ങളെ അപമാനിച്ചു. അവര്‍ ഞങ്ങളെ സ്പര്‍ശിക്കുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തു. മറ്റ് 150 യസീദി കുടുംബങ്ങളോടൊപ്പം ഞങ്ങളെ കൊണ്ടുവന്നത് മൊസൂളിലേക്കായിരുന്നു. അവിടെ 1500-ഓളം വരുന്ന യസീദികളോടൊപ്പം ഞങ്ങളെയും ഒരു കെട്ടിടത്തിലാക്കി. ഭീകരര്‍ സമ്മാനമായി പരസ്പരം കൈമാറ്റം ചെയ്തതായിരുന്നു അവരെയെല്ലാം.

ഭീകരന്മാരില്‍ ഒരാള്‍ എന്റെ അടുത്തു വന്നു. എന്നെ കൊണ്ടുപോകുകയായിരുന്നു അയാളുടെ ഉദ്ദേശ്യം. ഞാന്‍ കണ്ണുകള്‍ തറയില്‍ ഉറപ്പിച്ച് കുനിഞ്ഞ് നിന്നു; അത്രമാത്രം ഭയചകിതയായിരുന്നു ഞാന്‍. കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഭീതിയില്‍ ആഴ്ത്തി – ഭീമാകാരനായ ഒരാള്‍! അയാള്‍ ഒരു രാക്ഷസനപ്പോലെ കാണപ്പെട്ടു.

ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ‘ഞാന്‍ തീരെ ചെറുതല്ലേ, നിങ്ങള്‍ ശാരീരികമായി എത്ര വലുതാണ്’ എന്നു പറഞ്ഞ് വീണ്ടും കരഞ്ഞു.

അതുകേട്ട അയാള്‍ എന്നെ ഇടിച്ചു. തുടര്‍ന്ന് തൊഴിക്കുകയും അടിക്കുകയും ചെയ്തു. അധികം വൈകാതെ മറ്റൊരാള്‍ എന്റെ അടുത്തെത്തി. ഞാനപ്പോഴും തല കുനിച്ച് നിന്നതേയുള്ളൂ. അയാള്‍ ആദ്യത്തെ ആളേക്കാള്‍ ശാരീരികമായി ചെറുതായിരുന്നു. ആദ്യത്തെ ആള്‍ പിന്നെയും വരുമോ എന്ന് ഭയന്ന് ഇയാളുടെ കൂടെ പോകാന്‍ ഞാന്‍ തയ്യാറായി. ആദ്യം അയാള്‍ ആവശ്യപ്പെട്ടത് മതം മാറാനായിരുന്നു. ഞാനതിന് വിസമ്മതിച്ചു. പിന്നെ ചോദിച്ചത് വിവാഹത്തിനായിരുന്നു.

ശാരീരികമായി ക്ഷീണിതയാണെന്ന് ഞാന്‍ അയാളെ അറിയിച്ചു. ഞങ്ങളില്‍ പല സ്ത്രീകളുടെയും മാസമുറയുടെ സമയമായിരുന്നു അത്. എല്ലാവരും ഒരു പോലെ ഭയചകിതരുമായിരുന്നു. രണ്ട് വാതിലുകളുള്ള മുറിയില്‍ അയാള്‍ എന്നെ അടച്ചു. ദിവസം അഞ്ചു നേരം പ്രാര്‍ത്ഥിക്കുമായിരുന്നു അയാള്‍.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ്, നല്ല വസ്ത്രം ധരിക്കാനും മേയ്ക്കപ്പ് ഇടാനും അയാള്‍ എന്നെ നിര്‍ബന്ധിച്ചു. ആ രാത്രിയില്‍ അയാള്‍ എന്നെ നശിപ്പിച്ചു. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും അയാളെന്നെ അപമാനിച്ചു കൊണ്ടേയിരുന്നു. എന്റെ ശരീരം മുഴുവന്‍ മറയ്ക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ബലമായി എന്നെ ധരിപ്പിച്ചു. മര്‍ദ്ദിക്കുകയും ചെയ്തു.

ഇതിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ഞാനൊരു ശ്രമം നടത്തി. പക്ഷേ ഗാര്‍ഡുകള്‍ ആ ശ്രമം വിഫലമാക്കി. ആ രാത്രിയില്‍ അയാളെന്നെ ക്രൂരമായി മര്‍ദ്ദിച്ചു. എന്റെ വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു. എന്നിട്ട് ഗാര്‍ഡുകളുടെ മുറിയിലേക്ക് ഇട്ടുകൊടുത്തു. എന്റെ ബോധം മറയുവോളം അവര്‍ ഓരോരുത്തരായി എന്നെ അപമാനിച്ചു.

തുടര്‍ച്ചയായ മൂന്നു മാസത്തെ പീഡനത്തിന് ഒടുവില്‍ അവിടെനിന്ന് ഒരു വിധത്തില്‍ ഞാന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ ഞാന്‍ ജര്‍മ്മനിയിലാണ് ജീവിക്കുന്നത്.

ഐസിസിനെ പരിപൂര്‍ണ്ണമായി ഇല്ലാതാക്കണം എന്നാണ് എനിക്ക് നിങ്ങളോട് അപേക്ഷിക്കാനുള്ളത്. ഇത്രമാത്രം ഭയാനകമായ സഹനത്തിലൂടെ ഞാന്‍ കടന്നുപോകാന്‍ കാരണം അവരാണ്. അവര്‍ കുട്ടികളോട് – ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും – ചെയ്യുന്നത് എന്താണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. വംശഹത്യയും മനുഷ്യക്കടത്തുമാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവരെ നീതിപീഠത്തിനു മുമ്പില്‍ കൊണ്ടുവരണം.

എങ്കിലേ സിറിയയിലേയും ഇറാക്കിലേയും സൊമാലിയയിലേയും നൈജീരിയായിലേയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമാധാനത്തില്‍ ജീവിക്കാനാകൂ. അവരുടെ എല്ലാ അക്രമങ്ങളെയും ഇന്നുതന്നെ അവസാനിപ്പിക്കേണ്ടതുണ്ട്.

എല്ലാവര്‍ക്കും നന്ദി.”

നാദിയ നമ്മുടെ സ്വന്തം അനുജത്തിയാണെന്ന് മാത്രം ചിന്തിക്കുക. ബാക്കി എല്ലാം വിസ്മരിക്കുക- അവളുടെ മതം, സംസ്ക്കാരം, ഭാഷ, രീതികള്‍, രാജ്യം- എല്ലാം. അപ്പോള്‍ നമ്മള്‍ എന്തുചെയ്യും?

ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.