പെണ്‍കുഞ്ഞുങ്ങള്‍ ഇല്ലാത്ത കാലം

ജനിക്കാനുള്ള പെണ്‍കുഞ്ഞിന്റെ അവകാശം പൂര്‍ണമായും നിഷേധിക്കുന്ന വാര്‍ത്തകളാണ് അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളില്‍ കണ്ടതും ഇതു പോലൊരു വാര്‍ത്ത.

കേരളത്തിന് പുറത്തുള്ള പ്രശസ്തമായ ഒരു ആശുപത്രിയില്‍  ഒന്നരലക്ഷം മുതല്‍ രണ്ടരലക്ഷം രൂപവരെ നല്‍കിയാല്‍ പെണ്‍കുട്ടികളെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണ്‍കുട്ടികളാക്കി പുനരവതരിപ്പിക്കാം എന്നുള്ളതായിരുന്നു ന്യൂസ്. ‘ജെനിറ്റോ പ്ലാസ്റ്റി’ എന്ന് നിര്‍വചിക്കപ്പെടുന്ന ഈ ശസ്ത്രക്രിയയ്ക്കുവേണ്ടി പെണ്‍കുട്ടികളുമായി നൂറുകണക്കിന് മാതാപിതാക്കള്‍ ദിവസവും ഈ ആശുപത്രിയില്‍ എത്തുന്നുണ്ടെന്നും വാര്‍ത്തയില്‍  പറയുന്നു.

ഒന്നുമുതല്‍ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെയാണത്രേ  ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഇങ്ങനെ ‘ആണ്‍വേഷം’ കെട്ടിക്കുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം തുടര്‍ച്ചയായി നല്‍കുന്ന ഹോര്‍മോണ്‍ ചികിത്സയിലൂടെ ‘പുരുഷനായി’ സ്ത്രീ അവതരിപ്പിക്കപ്പെടുന്നു. ഇതിനായി തുടര്‍ന്നും മാതാപിതാക്കള്‍ ക്ലിനിക്കില്‍ എത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

സ്ത്രീയില്‍നിന്നും ഇങ്ങനെ പുരുഷനായി മാറിയവരില്‍ പ്രത്യുല്പാദനശേഷി ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ ഓര്‍മിപ്പിക്കാറുണ്ട്. എന്നിട്ടും ഇന്ത്യയിലെ മഹാനഗരങ്ങളില്‍നിന്നും പെണ്‍മക്കളെ ശസ്ത്രക്രിയയ്ക്ക് പൂര്‍ണ സമ്മതത്തോടെ വിധേയമാക്കാന്‍ മാതാപിതാക്കള്‍ ഓടിയെത്തുന്നു. എന്നാല്‍ സ്വന്തം മകന്‍ ഒരു പെണ്‍കുട്ടിയാകണമെന്ന് ആഗ്രഹിച്ച് എത്തുന്ന ഒരാള്‍പോലും ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ‘പെണ്‍കുട്ടികള്‍ വേണ്ട’ എന്ന സമൂഹത്തിന്റെ നിലപാട് വര്‍ധിച്ചുവരുന്നതിന്റെ ദുഃസൂചനയാണിത്.

ഇതിനോടകം 300-ല്‍ അധികം ശസ്ത്രക്രിയകള്‍ ഒരു ആശുപതിയില്‍ മാത്രം  നടന്നുകഴിഞ്ഞത്രേ. എന്നാല്‍ ഇത് അസംഭവ്യമാണെന്നും അസത്യമാണെന്നും പറയുന്ന മറ്റും വിശദീരിച്ചുകൊണ്ട് വേറെ ചില  റിപ്പോര്‍ട്ടുകളും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും ഒരു കാര്യം സത്യമാണ്. പെണ്‍കുട്ടികള്‍  എണ്ണത്തില്‍ ഓരോ വര്‍ഷവും കുറഞ്ഞുവരുന്നു.

പെണ്‍കുട്ടികളോട് കാട്ടുന്ന മറ്റൊരു ക്രൂരതയായി നമ്മുടെ ജനത ഈ പ്രശ്‌നത്തെ ഇതുവരെയും കണ്ടിട്ടില്ല. ഒരു നീതിന്യായപീഠത്തെയും ആരും സമീപിച്ചിട്ടുമില്ല. ഇനി ആരെങ്കിലും ഇത്തരം അധാര്‍മ്മിക പ്രവൃത്തിക്കെതിരെ കോടതിയെ സമീപിച്ചാലും അതിനെ തടയിടാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. ഇത്തരം ശസ്ത്രക്രിയകള്‍ അനുവദിക്കപ്പെടാവുന്ന പഴുതുകള്‍ നിയമത്തില്‍ വേറെയും ഒളിഞ്ഞു കിടപ്പുണ്ട് എന്നത് തന്നെ കാരണം.

ഒരു തരത്തിലും ന്യായീകരിക്കാവുന്ന പ്രവണതയല്ല ഇതൊന്നും.  തങ്ങള്‍ സമൂഹത്തില്‍ അധികപ്പറ്റാണെന്ന ചിന്ത പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതോടൊപ്പം മെഷീനിലൂടെ രൂപപ്പെടുന്ന ഈ ‘ആണ്‍കുട്ടിക്ക്’ സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ?

ഇങ്ങനെ മെഷീനിലൂടെ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വാര്‍ത്തെടുക്കാന്‍ ഒരു ക ണ്ടു പിടിത്തത്തിനും കഴിയുകയില്ല. കാരണം ദൈവപദ്ധതിയെ മറികടക്കാന്‍ മനുഷ്യന് ആവില്ല എന്നത് തന്നെ. എന്നിട്ടും ഇത്തരം ശസ്ത്രക്രിയകള്‍ക്ക് വേണ്ടി ഓടി നടക്കാനും ഭാവിയിലുണ്ടാകുന്ന എല്ലാ ദുരന്തങ്ങള്‍ക്കും മക്കളെ വിട്ടുകൊ ടുക്കാനും മാതാപിതാക്കള്‍ തുനിയുന്നത് അവരെ മൃഗീയമായി ‘കശാപ്പ്’ ചെയ്യുന്നതിനു തു ല്യമല്ലേ? പ്രത്യുല്പാദനശേഷി ഉണ്ടാകാത്ത ഒരു പുരുഷനെ ശാസ്ത്രം സൃഷ്ടിച്ചെടുത്താല്‍ അയാള്‍ക്ക് എങ്ങനെ വിവാഹമോ കുടുംബജീവിതമോ സാധ്യമാകും? പിന്നീട്  ഭാവിയില്‍ എത്രയധികം സാങ്കേതിക പ്രശ്‌നങ്ങളെ നേരിടേണ്ടിവരും?

പെണ്‍കുട്ടികളെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പല വഴികളിലൂടെയും ഇന്ത്യയിലുടനീളം വ്യാപകമായി മുന്നേറുകയാണ്. സാമ്പത്തികവും സാംസ്‌കാരികവുമായി ഉയര്‍ ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍നിന്നും ‘പെണ്‍കുട്ടികളുടെ’ എണ്ണം കുറഞ്ഞ് കൊണ്ടിരിക്കുന്നത് അതിന്റെ സൂചനയാണ്.

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സിസ്റ്റം ഉപയോഗിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുമ്പോള്‍ത്തന്നെ ‘പെണ്‍കുട്ടി’ നോട്ടപ്പുള്ളിയാകുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ജനിതക വളര്‍ച്ചാവൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുംവേണ്ടി മാത്രമേ ഈ രീതി ഉപയോഗിക്കാവൂ എന്നാണ് വ്യവസ്ഥ. പക്ഷേ, ‘പണത്തൂക്കത്തിന്’ മുന്നില്‍ ‘എല്ലാ നയത്തൂക്ക’ങ്ങ ളും മറക്കുന്ന ചില ഡോക്ടര്‍മാര്‍ ലിംഗനിര്‍ണയം വെളിപ്പെടുത്തുന്നു.  പെണ്‍കുഞ്ഞെങ്കില്‍ അവള്‍ക്ക് പുറംലോകം കാണാന്‍ ഭാഗ്യം ലഭിച്ചെന്ന് വരില്ല.

പെണ്‍കുഞ്ഞുങ്ങളുടെ അറുംകൊലകളെക്കുറിച്ചുള്ള കണക്കുകള്‍ അതിഭീകരമാണ്. രാജ്യത്ത് പ്രതിവര്‍ഷം 15 ലക്ഷം പെണ്‍കുട്ടികളെങ്കിലും ഗര്‍ഭാവസ്ഥയില്‍ വധിക്കപ്പെടുന്നുണ്ടെന്നുള്ളത് എത്ര ദയനീയമാണ്. നമ്മുടെ സാംസ്‌കാരിക കേരളത്തിന്റെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. ഒരു ദിവസം നമ്മുടെ നാട്ടില്‍ മാത്രം ഏതാണ്ട് 1500 ഓളം ഭ്രൂണഹത്യകളാണ് നടക്കുന്നത്. പ്രതിവര്‍ഷം 5,47,500.

ആദ്യആഴ്ചയില്‍തന്നെ ജീവന്റെ തുടിപ്പുകള്‍ പ്രത്യക്ഷമാകുകയും പതിനൊന്നാമത്തെ ആഴ്ചയില്‍ ശാരീരികാവയവങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്ന കുഞ്ഞിനെ എട്ടുമാസം പ്രായമാകുമ്പോള്‍പോലും ‘വധിക്കാനെത്തുന്ന’ അമ്മമാരുടെ നാടാണ് ‘എന്റെ കേരളം.’

1971 ന് മുമ്പ് ഗര്‍ഭഛിദ്രം നടത്തുന്നതിന് 500 രൂപാ പിഴയും മൂന്നു വര്‍ഷത്തെ കഠിനതടവുമായിരു ന്നു ശിക്ഷ. എന്നാല്‍ 1971-ല്‍ ഗവണ്‍മെന്റ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയതോടെയാണ് പെണ്‍കുട്ടികള്‍ക്ക് ഹരിതാഭമാര്‍ന്ന ഈ ഭൂമി ഒ രു നോക്ക് കാണാന്‍ ഭാഗ്യമില്ലാതായത്.

ലിംഗനിര്‍ണയപരിശോധന വഴിയുള്ള പെണ്‍ഭ്രൂണഹത്യ തടയാന്‍ പാര്‍ലമെന്റിലും 1994 ജൂലൈ മാസത്തില്‍ ഒരു ബില്‍ അവതരിപ്പിച്ചിരുന്നു. എ ന്നാല്‍ നിയമം പാര്‍ലമെന്റില്‍ പാസാക്കുന്നതിന് മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ ലിംഗനിര്‍ണയ ടെ സ്റ്റിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അതിപ്രധാനമായിരുന്നു. ലിംഗനിര്‍ണയം നടത്തുന്ന ഡോ ക്ടര്‍ക്ക് ഇക്കാര്യത്തില്‍ ശക്തമായ താക്കീത് നല്‍കണം. ഭ്രൂണഹത്യ ചെയ്യുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യണം. പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ എല്ലാ സസ്ഥാനങ്ങളിലും നിയമനിര്‍മാണം നടത്തണം ഇതൊക്കെയായിരുന്നു നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ കേന്ദ്രനിയമം പാസാക്കിയപ്പോള്‍ പെണ്‍ഭ്രൂണഹത്യ ചെയ്യുന്നതിനുള്ള ശിക്ഷകളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടതേയില്ല. അതായത് അങ്ങനെ ചെയ്യുന്നവര്‍ക്ക് മൗനാനുവാദം നല്‍കിയെന്ന് സാരം.

പെണ്‍കുട്ടികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എ ന്നുള്ളതിന്റെ ഓര്‍മപ്പെടുത്തലാണിതെല്ലാം. സഭയും യുവജനസംഘടനകളും ഉണരുകയും ഇക്കാര്യത്തില്‍ സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കുകയും ചെയ്യേണ്ട സമയമാണിത്. ഇല്ലെങ്കില്‍ നമ്മുടെ നാട് ഇനി ഒരു ‘പുരുഷപ്രജാരാജ്യം’ മാത്രമായിത്തീരുവാനുള്ള കാലം വളരെ അടുത്തെത്തിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.