കരുണാവര്‍ഷം സമാപനത്തിലേക്ക്; വിശുദ്ധ വാതിലുകള്‍ അടച്ചു

വത്തിക്കാന്‍ സിറ്റി: കരുണയുടെ വര്‍ഷമായിട്ടാണ് 2016-നെ ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ചത്. ഈ മാസത്തോടെ ആഗോളസഭയില്‍ കരുണയുടെ ആഘോഷങ്ങള്‍ സമാപിക്കും. വത്തിക്കാനിലെ കരുണയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഏകദേശം 20 മില്യണ്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നിരുന്നു. സമാപനത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ലോകമെങ്ങുമുള്ള ബസലിക്കകളുടെയും ദേവാലയങ്ങളുടെയും കരുണയുടെ വിശുദ്ധ വാതിലുകള്‍ അടച്ചു.

നവംബര്‍ 13 ന് നടന്ന പ്രത്യേക ദിവ്യബലിയില്‍ റോമിലെ സെന്റ് പോള്‍, സെന്റ് മേരി മേജര്‍, സെന്റ് ജോണ്‍ ലാറ്ററന്‍ എന്നീ ദേവാലയങ്ങളുടെ വിശുദ്ധ വാതിലുകള്‍ ഫ്രാന്‍സീസ് പാപ്പ അടച്ചിരുന്നു. റോമിലെ വിശുദ്ധ വാതിലുകള്‍ അടച്ച അതേ ദിവസം തന്നെ ലോകമെമ്പാടുമുള്ള ദേവാലയങ്ങളിലെ കരുണയുടെ വാതിലുകളും അടച്ചിരുന്നു. 2015 ഡിസംബര്‍ എട്ടിനായിരുന്നു സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ കരുണയുടെ വാതില്‍ പാപ്പാ തുറന്നത്. ആഗോള കത്തോലിക്കാ സഭയില്‍കാരുണ്യവര്‍ഷത്തിന്റെ ഔദ്യോഗിക സമാപനം നവംബര്‍ 20-നാണ്.

കരുണാവര്‍ഷ ജൂബിലി ആഘോഷങ്ങളുടെ മേല്‍നോട്ടം വഹിച്ചത് വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആയിരുന്നു. ”ദൈവത്തിന്റെ കരുണ അമൂര്‍ത്തമായ ആശയമല്ല, മറിച്ച് ശക്തമായ ഒരു യാഥാര്‍ത്ഥ്യമാണത്.” സെന്റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ അഗസ്റ്റോ വല്ലിനി അഭിപ്രായപ്പെട്ടു.

കേരളസഭയിലും കാരുണ്യവര്‍ഷ സമാപന ആഘോഷങ്ങള്‍ നടന്നു. സീറോ മലബാര്‍- മലങ്കര- ലത്തീന്‍ രൂപതകളുടെയും കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലായിരുന്നു സമാപന സമ്മേളനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.