രക്ഷിച്ച കരങ്ങൾ താലിചാർത്തുമ്പോൾ 

ജീവിതം മറ്റുള്ളവർ പിച്ചി ചീന്തിയപ്പോൾ  ലോകത്തിനു മുമ്പിൽ കണ്ണീരുമായി നിന്നവൾ, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവൾ, ജന്മ നാടുപേക്ഷിക്കേണ്ടി വന്നവൾ, അതിജീവിച്ചു, പ്രതിസന്ധികളെ മനോധൈര്യം കൊണ്ടു നേരിട്ടു ഇവളുടെ കഥ അതിജീവനത്തിന്റെ കഥയാണ്….

ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങളെ അതി ധീരമായി  അതിജീവിച്ച ഇറാഖി യസീദി യുവതി നാദിയ മുറാദിനെ അവളെ ഭീകരമായ അവസ്ഥയിൽ നിന്നു രക്ഷിക്കാൻ സഹായിച്ച മനുഷ്യൻ വിവാഹം കഴിക്കുന്നു.  ഒരു കാലത്ത് അമേരിക്കൻ സൈന്യത്തിന്റെ പരിഭാഷകനായി ജോലി ചെയ്തിരുന്ന അബിദ് ഷാംദീൻ (Abid Shamdeen)  ആണ് നാദിയായുടെ പ്രതിശ്രുത വരൻ. നാദിയായിൽ അത്യന്ത്യം ആഘാതമേൽപ്പിച്ച മോസൂളിലെ ഐ എസ് ക്യാമ്പിൽ നിന്നു മോചിതമായ സമയത്താണ് അവർ  പരസ്പരം കണ്ടുമുട്ടുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗിക അതിക്രമങ്ങളെ അതി ധീരമായി  അതിജീവിച്ച ഇറാഖി യസീദി യുവതി നാദിയ മുറാദിനെ  (UN goodwill ambassador for the dignity of survivors of human trafficking)  മനുഷ്യ കച്ചവടത്തെ അതിജീവച്ചവർക്കുവേണ്ടി നിലകൊള്ളുന്ന  ഐക്യരാഷ്ട്രസഭയുടെ   ഗുഡ്‌വിൽ അംബാസിഡറായി 2017 സെപ്റ്റംബർ 16 നിയമിതയായി. സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ടിരുന്ന നാദിയ മുറാദ് ബാസേ താഹ (Nadia Murad Basee Taha) എന്ന 23 കാരി 2014 ലാണ് ജിഹാദികളുടെ പിടിയിലായത്.  ഐ.എസ് തീവ്രവാദികളുടെ ലൈംഗീക പീഡനത്തിനിരയായ നാദിയ  പലതവന്ന ലൈംഗിക അടിമയായി വിൽക്കപ്പെട്ടു. 2014 ആഗസ്റ്റുമാസത്തിലെ  ISIS  ന്റെ കാലിഫേറ്റ്  ( Caliphate) പ്രഖ്യാപനത്തോടെ ജിഹാദികൾ യസീദികളെ “സാത്താൻ ആരാധകർ ” എന്ന മുദ്രകുത്തി കൊന്നൊടുക്കുകയും അടിമകളായി വിൽക്കുകയും ചെയ്തു. എകദൈവ വിശ്വാസികളായ യസീദിനികളെ അവരുടെ സ്വദേശമായ വടക്കേ ഇറാഖിലുള്ള അതിപുരാതനമായ സിൻജാർ (Sinjar) പട്ടണത്തിൽ നിന്ന് ആട്ടിയോടിച്ചു. ആയിരക്കണക്കിനു സ്ത്രീകളെയും പെൺകുട്ടികളെയും അവർ ബന്ധികളാക്കി. നാദിയയുടെ ആറു സഹോദരന്മാർ ഉൾപ്പെടെ ആയിരിക്കണക്കിനു പുരുഷന്മാരെയും ആൺകുട്ടികളും ജിഹാദികൾ വധിച്ചു.

2015 ഡിസംബറിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിനു മുമ്പിൽ നാദിയ താൻ അനുഭവിച്ച കൊടും ക്രൂരതകൾ വിവരിച്ചിരുന്നു.   അന്നവൾ  പറഞ്ഞു:  “ ഇസ്ലാമിക് സ്റ്റേറ്റ് സ്ത്രീകളെയും പെൺകുട്ടികളെയും കൊല്ലാൻ വേണ്ടി വന്നവരല്ല മറിച്ച് ,ഞങ്ങളെ കൊള്ള മുതലായി  മറ്റുള്ളവർക്ക് വിൽക്കാനും, കാമഭ്രാന്ത്  ശമിപ്പിക്കാനുമുള്ള വസ്തുക്കളായി  ബന്ധികളാക്കാനും വന്നവരാണ്. അവരുടെ ക്രൂരതകൾ വെറും അവസരവാദം മാത്രമായിരുന്നില്ല. ഐ. എസ്. തീവ്രവാദികൾ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് ഉറപ്പിച്ചു വന്നവരാണ്.ഐ.എസിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ഞങ്ങളുടെ യസീദികളുടെ തനിമ നശിപ്പിക്കുക അതിനായി അക്രമണങ്ങളും, ലൈംഗിക അരാജകത്വവും ,വിശുദ്ധ സ്ഥലങ്ങളുടെ നശീകരണവും അവർ മാർഗ്ഗമായി സ്വീകരിച്ചു. ജിഹാദികളുടെ ലൈംഗീക വൈകൃതങ്ങൾക്ക് വിധേയരായ യസീദി സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരവ് അസാധ്യമാണ് “.

നാദിയായെയും മറ്റു 150 പെൺകുട്ടികളെയും അവരുടെ കോച്ചോ എന്ന ഗ്രാമത്തിൽ നിന്നു ബന്ധികളാക്കി മോസ്സുളിൽ കൊണ്ടുവരുമ്പോൾ ആയിരക്കണക്കിനു  യസീദി സ്ത്രീകൾ ലൈംഗീക അടിമകളായി ഐ. എസ് പടയാളികൾക്കായി വേർതിരിച്ചു നിർത്തിയിരുന്നു. മൂന്നു മാസത്തെ തടങ്കൽ പാളയത്തിൽ നിന്നു അത്ഭുതകരമായി രക്ഷപെട്ട നാദിയ ഇപ്പോൾ ജർമ്മനിയിലാണ് അഭയം തേടിയത്.

നാദിയായുടെ ദുരന്തകഥ കേട്ട  ഐക്യരാഷ്ട്രസഭാ  മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറയുന്നത് ഇപ്രകാരമാണ് ” നാദിയ ഭയനകമായ ക്രൂരതയെ അതിജീവിച്ചവളാണ്. അവളുടെ കഥ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി, അത് ഒരു സഹതാപ കണ്ണീർ ആയിരുന്നില്ല. എന്റെ മിഴികൾ നിറഞ്ഞത് അവളുടെ ധൈര്യവും ശക്തിയും മഹത്വവും തിരിച്ചറിഞ്ഞതു കൊണ്ടാണ്.  എല്ലാ കുട്ടികൾക്കും  സമാധാനത്തിൽ ജീവിക്കാൻ കഴിയുന്ന ഒരു സുന്ദര  ലോകത്തിനു വേണ്ടിയാണ് നാദിയ നമ്മെ വിളിക്കുന്നത്. ”

2018 ആഗസ്റ്റു മാസം  ഇരുപതാം തീയതി നാദിയ മുറാദ് തന്റെ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു.“ ഇന്നലെ  അബിഡ് ഷാംദീനും  എനിക്കും   വളരെ പ്രധാനപ്പെട്ട ദിനമായിരുന്നു. ഞങ്ങളുടെ കുടുബാംഗങ്ങളും സുഹൃത്തുകളും നൽകുന്ന സഹായത്തിനും  ആശംസകൾക്കു നന്ദി. ഞങ്ങളുടെ ജനങ്ങളുടെ പോരാട്ടം ഞങ്ങളെ ഒന്നിച്ചു ചേർത്തു.ഈ യാത്ര ഞങ്ങൾ ഒരുമിച്ചു തുടരും. നിങ്ങളുടെ എല്ലാവരുടെയും സഹാായത്തിനും നന്ദി!”

നാദിയയുടെ ആത്മകഥയായ  അവസാനത്തെ പെൺകുട്ടി:  എന്റെ അടിമത്തത്തിന്റെയും ഇസ്ലാമിക് സ്റ്റേറ്റേറ്റിനെതിരായ പോരാട്ടത്തിന്റെ കഥ യിൽ   “The Last Girl: My Story of Captivity and My Fight Against the Islamic State”, ഐ എസ് ക്യാമ്പുകളിൽ നാദിയ അനുഭവിച്ച പീഡനങ്ങളും ഐ എസ് നടത്തുന്ന ലൈംഗിക അടിമത്തത്തിന്റെയും കദന കഥകൾ  വീണ്ടും  വിവരിക്കുന്നു. “ചില അവസരങ്ങളിൽ ബലാൽസംഗമല്ലാതെ മറ്റൊന്നും  എന്റെ ജീവിത്തിൽ ഉണ്ടായിരുന്നില്ല. അതു അനുദിന ജീവിതത്തിന്റെ ഭാഗമായി, അത്രയ്ക്കു ക്രൂരമായിരുന്നു കാര്യങ്ങൾ. ഓരോ തവണ വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുമ്പോഴും മനസ്സു മരവിച്ചു വീഴുകയായിരുന്നു. ഒരു തവണ രക്ഷപെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ, ആറു പേരടങ്ങുന്ന ഒരു സംഘം ഞാൻ ബോധരഹിതയാകുന്നതുവരെ എന്നെ ചമ്മട്ടികൊണ്ടടിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു. എന്റെ കഥ നിങ്ങളോടു പറയുമ്പോൾ ആ ഭീകരതയുടെ നിഴൽ ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഓരോ തവണ എന്റെ കഥ പറയുമ്പോഴും എന്റെ ഹൃദയം തകരുകയാണ് ““ഈ ലോകത്ത്   എന്റെതുപോലെ കഥയുള്ള അവസാന പെൺകുട്ടി ഞാനായിരിക്കണം അതാണ് എന്റെ ആവശ്യം.
ഈ ആഗ്രഹത്തോടെ  നാദിയ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നു. മനുഷ്യത്വം  തീർന്നുപോകാത്ത  ഈ അതിജീവനത്തിന്റെയും പ്രണയത്തിന്റെയും കഥ  ലോകത്തിനു  മാതൃകയാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.