ഞായറാഴ്ച പ്രസംഗിക്കാന്‍ അവസരം

എന്റെ ഇടവകയിലെ ഞായറാഴ്ച പ്രസംഗങ്ങള്‍ പലപ്പോഴും വിരസതയുളവാക്കുന്നവയാണ്. ഞങ്ങളുടെ ഇടവകയില്‍ നന്നായി പ്രസംഗിക്കുന്ന, മാതൃകാപരമായി ജീവിക്കുന്ന, ഒരു അത്മായ പ്രേക്ഷിതനുണ്ട്. അദ്ദേഹത്തിന് ഞായറാഴ്ച പ്രസംഗിക്കാന്‍ അവസരം നല്‍കിക്കൂടെ?

ദിവ്യബലിയ്ക്കിടയിലുള്ള വചനപ്രഘോഷണം ലിറ്റര്‍ജിയുടെ ഭാഗം തന്നെയാണ്. അതിലൂടെ വിശ്വാസ രഹസ്യങ്ങളും ക്രൈസ്തവ ജീവിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിശ്വാസികള്‍ക്ക് സഭ വിവരിച്ചു നല്‍കുന്നു. (Sacrosanctum Concilium  n. 52; CCEO c. 614 §1). ഫ്രാന്‍സീസ് പാപ്പയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ഇത് ദൈവപിതാവിനുള്ള ഒരു കാഴ്ചയര്‍പ്പണവും ദിവ്യബലിയുടെ സമയത്ത് ക്രിസ്തു നമ്മളില്‍ ചൊരിയുന്ന കൃപകളെക്കുറിച്ചുള്ള ഒരു ധ്യാനവുമാണ് Evangelii Gaudium, n. 138). അതിനാല്‍ കൂദാശയുടെ ഭാഗം തന്നെയായ വചനപ്രഘോഷണം നടത്താന്‍ സഭ ചുമതലപ്പെടുത്തിയിരിക്കുന്നത് കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍ അധികാരമുള്ള സഭയുടെ ഔദ്യോഗിക ശുശ്രൂഷികളായ മെത്രാന്‍മാരെയും വൈദികരെയും ഡീക്കന്‍മാരെയുമാണ് (CCEO c. 614 §4; CIC c. 767§1).

ശുശ്രൂഷാ പൗരോഹിത്യം ഉള്ളവരെ മാത്രം ദിവ്യബലിയ്ക്കിടയിലുള്ള വചനപ്രഘോഷണത്തിന് നിയോഗിച്ചിരിക്കുന്നത് അവരുടെ പ്രസംഗപാടവമോ ദൈവശാസ്ത്രത്തിലുള്ള അവഗാഹമോ പരിഗണിച്ചല്ല, മറിച്ച് അവര്‍ സ്വീകരിച്ചിരിക്കുന്ന തിരുപ്പട്ടത്തിന്റെ യോഗ്യതയാലാണ് ( Ecclesiae de Mysterio). അതിനാല്‍ സഭയുടെ വചനപ്രഘോഷണ ശുശ്രൂഷയില്‍ പങ്ക് ചേരാന്‍ അത്മായര്‍ക്കും കടമയും അവകാശവുമുണ്ടെങ്കിലും(CCEO c. 596; CIC c. 759) അവരുടെ പ്രസംഗങ്ങളും സാക്ഷ്യങ്ങളും ദിവ്യബലിയ്ക്കിടയിലുള്ള വൈദികരുടെ വചനപ്രഘോഷണത്തിന് പകരമാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.