ഞായറാഴ്ച പ്രസംഗം – ഒക്‌ടോ. 30: യേശുവേ ഞാനാരാണ്?

തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ നേതാവിന് പല പണികള്‍ ഉണ്ട്. നേതാവിനെ സംബന്ധിച്ച് അണികളെ അടുപ്പിച്ച് നിര്‍ത്തണം. അതൊരു ആവശ്യവും അതിലേറെ അത്യാവശ്യവുമാണ്. പ്രതിച്ഛായ നന്നാക്കണം. അവരുടെ അഭിപ്രായങ്ങള്‍ ഇപ്പോഴെങ്കിലും പരിഗണിക്കണം. നടുവൊടിയുന്നവന്റെയൊക്കെ നടുവിന് താങ്ങുകൊടുക്കണം. മരണവീട്ടിലും വിവാഹാവസരങ്ങളിലും അത്യാവശ്യങ്ങളിലുമൊക്കെ ഓടിയെത്തണം. ശത്രുവിനെ കണ്ടാലും ചിരിച്ചു (ഇളിച്ച്) കാട്ടണം. കൈകള്‍ കൂപ്പി തൊഴുതു നില്‍ക്കണം. ഇല്ലാത്ത സ്നേഹം അഭിനയിക്കണം. ജനിക്കാതെ പോയ തന്റെ ഏതോ കൂടപ്പിറപ്പാണെന്ന മട്ടില്‍ കെട്ടിപ്പിടിക്കണം. നേതാവിന്റെ ഒരു കഷ്ടപ്പാട്!

divyavani-merge-fileഅതിന്റെയൊക്കെ ഭാഗമായിട്ടാണോ യേശുവിന്റെ ഈ ചോദ്യം? തന്നെക്കുറിച്ച് ജനം എന്തു പറയുന്നു? ശിങ്കിടികളോട് തന്നെക്കുറിച്ച് അഭിപ്രായം ചോദിച്ച്, അവര്‍ പറയുന്ന യമണ്ടന്‍ മുഖസ്തുതികളില്‍ ആത്മാഭിമാനം തോന്നി ഗമയോടെ നടക്കാനാണോ ഈശോയുടെ പരിപാടി? അതോ പ്രവര്‍ത്തനശൈലികളില്‍ മാറ്റം വരുത്തി പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണോ? ഇവയൊന്നുമല്ലായെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മനുഷ്യരുടെ പ്രശംസ അവന് ആവശ്യമുണ്ടായിരുന്നില്ല. കാരണം മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ അറിഞ്ഞിരുന്നു. പിതാവിന്റെ ഹിതം നിറവേറ്റുക. അതുമാത്രമാണവന്റെ ലക്ഷ്യം.

വിശ്വാസപ്രഖ്യാപനത്തിന്റെ വൈയക്തിക തലങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്ന വചനഭാഗമാണിത്. കൂട്ടത്തില്‍പ്പെട്ട് തട്ടിയും മുട്ടിയും രക്ഷപെടാം എന്ന് കരുതുന്നവന്‍ ഈ ചോദ്യം അവഗണിക്കരുത്. മറ്റുള്ളവരുടെ വിശ്വാസം എന്താണെന്നതല്ല പ്രധാനപ്പെട്ടത്. നിങ്ങള്‍ എന്തു പറയുന്നു എന്നതാണ് പ്രസക്തമായത്. നിങ്ങള്‍ എന്ത് വിശ്വസിക്കുന്നു? യേശുവിനെക്കുറിച്ചുള്ള നമ്മുടെ വ്യക്തിപരമായ അറിവും അനുഭവവും വളരെ പ്രധാനപ്പെട്ടതാണ്. മറ്റ് പല ദൈവസങ്കല്‍പങ്ങളില്‍ പലരില്‍ ഒരാളായും ദൈവമായും പ്രവാചകനായും പ്രബോധനകനായുമൊക്കെ കാണുന്നവരുണ്ട്. എന്നാല്‍ ക്രിസ്തുശിഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണവിടുന്ന്.

യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു വിശ്വസിക്കാന്‍ ഒരു വെളിപാട് ആവശ്യമുണ്ട്. അത് കേവലം ലൗകികമായതല്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ആര്‍ക്കും എന്റെ അടുക്കല്‍ വരാനാകില്ലെന്ന ക്രിസ്തുവാക്യം മറക്കാതിരിക്കാം. വിശ്വാസം എന്നത് ദൈവദാനവും അതിനോട് ഒരാള്‍ നല്‍കുന്ന ക്രിയാത്മകമായ പ്രത്യുത്തരവുമാണ.് അതാണ് വിശ്വാസ പ്രഖ്യാപനമാകുന്നത്. വിശ്വാസം എല്ലാവര്‍ക്കും ദാനമായി ദൈവം നല്‍കുന്നെങ്കിലും ക്രിയാത്മകമായ പ്രത്യുത്തരം പലരും നല്‍കാറില്ല.

അവിടെ വിശ്വാസപ്രഖ്യാപനങ്ങളും നടക്കാറില്ല. ദൈവദാനമായി ലഭിക്കുന്ന വിശ്വാസം സ്വീകരിച്ച് ഏറ്റുപറയുന്നവനെ ക്രിസ്തു വിളിക്കുന്ന പേരാണ് ‘പാറ.’ ആ പാറമേല്‍ സ്ഥാപിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് സഭ. ഈ സഭയെ പീഡിപ്പിക്കുന്നവന്‍ ക്രിസ്തുവിനെതന്നെയാണ് പീഡിപ്പിക്കുന്നതെന്ന് സാവൂളിന്റെ മാനസാന്തരത്തിലൂടെ വ്യക്തമാകുന്നു. താന്‍ ഒരിക്കല്‍പ്പോലും ക്രിസ്തുവിനെ കാണുകയോ അവനെ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നറിയാവുന്ന സാവൂളിനോടാണ് ക്രിസ്തു ഇപ്രകാരം പറഞ്ഞത്. സഭ ക്രിസ്തുവിന്റെ ഭൗതിക ശരീരമാണെന്നും ഓരോ അംഗവും ശരീരത്തിലെ അവയവങ്ങളുമാണെന്നാണല്ലോ വി. പൗലോസ് പഠിപ്പിക്കുന്നത്. സഭാമക്കള്‍ക്കു പോലും ഈ തിരിച്ചറിവുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അച്ചന്മാരും കന്യാസ്ത്രീകളും മെത്രാന്മാരുമൊക്കെയാണ് സഭയെന്ന് കരുതുന്നവരും ഏറെയാണ്. വിശ്വാസം സ്വീകരിച്ച ഞാന്‍, പ്രതിസന്ധികളും പ്രലോഭനങ്ങളും എന്തുതന്നെയായാലും വിശ്വാസ പ്രഖ്യാപനത്തിന് തയ്യാറാകണം. കേവലം വാക്കുകളിലൂടെ മാത്രമല്ല, ജീവിതത്തിലൂടെ.

പത്രോസിന്റെ ജീവിതത്തില്‍ വിശ്വാസത്തിന്റെ ഉലച്ചിലുകള്‍ ശ്രദ്ധേയമാണെങ്കിലും അവസാനം വരെ വിശ്വാസത്തിന്റെ പാറയായിരുന്നു താനെന്ന് ജീവിതം കൊണ്ട് തെളിയിക്കാനായി എന്നത് ചരിത്ര സാക്ഷ്യവുമാണ്. ചോദ്യം ഒന്ന് തിരിച്ച് ചോദിച്ചാല്‍ അനൗചിത്യമാകില്ലെന്ന് കരുതുന്നു. യേശുവേ ഞാനാരാണെന്നാണ് നീ പറയുന്നത്? ധ്യാനാവസരത്തില്‍ ആരാധനാമദ്ധ്യേ ദിവ്യകാരുണ്യനാഥനോട് ചോദിച്ചതാണീ ചോദ്യം. എല്ലാവരും ചോദിക്കണമെന്ന ധ്യാനഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഞാനും ചോദിച്ചു. എനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഉത്തരം നെഗറ്റീവായിരിക്കും എന്ന് എനിക്കുറപ്പാണ്. കാരണം ആരും അറിഞ്ഞില്ലെന്ന് കരുതി ഞാന്‍ ചിന്തിച്ചതും കണ്ടില്ലെന്ന് കരുതി ഞാന്‍ ചെയ്തുകൂട്ടിയതുമൊക്കെ അറിഞ്ഞതും കണ്ടതും അവനാണ്. അവനോടാണ് എന്നെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത്. സ്വഭാവസര്‍ട്ടിഫിക്കറ്റില്‍ നല്ലതെന്നോ തൃപ്തികരമാണെന്നോ വരാന്‍ സാധ്യതയേയില്ല. എങ്കിലും മറ്റ് ആരാധകരോടൊപ്പം പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരുന്നു. നീ എനിക്ക ് അമൂല്യനും പ്രിയങ്കരനും ബഹുമാന്യനുമാണ് എന്ന ഒരു സ്വരം കേള്‍ക്കുന്നതുപോലെ ഒരു തോന്നല്‍. പാപിയായ എന്നോട് ഇങ്ങനെ പറയാന്‍ ദൈവത്തിന് പോലും തെറ്റുപറ്റിയോ? പണ്ടു മുതലേ വായിച്ചു മനഃപാഠമാക്കിയ ഒരു ദൈവവചനം ഇപ്പോള്‍ യാദൃശ്ചികമായി മനസ്സിലേയ്ക്കു വന്നതാണെന്ന് കരുതി ആരാധന തുടര്‍ന്നു. ഒപ്പം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും.

കണ്ണുകളടഞ്ഞിരുന്നെങ്കിലും ഒരു കാഴ്ച കണ്ടു. ഈശോ കുരിശില്‍തൂങ്ങി കിടക്കുന്നു. ക്രിസ്തു ഒരു കൈകൊണ്ട് ഒരാളെ ചേര്‍ത്തു പിടിക്കുന്നു. ധ്യാനഗുരു ഉറക്കെ വിളിച്ചു പറഞ്ഞു: ‘വി. ഫ്രാന്‍സീസ് അസീസിയെ കുരിശില്‍ കിടന്നുകൊണ്ട് ഈശോ കെട്ടിപ്പിടിച്ചതുപോലെ ഇവിടെ ഒരു സഹോദരനെ കര്‍ത്താവ് ചേര്‍ത്ത് പിടിക്കുന്നു’ എന്ന്. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉപേക്ഷിക്കലുകളുടെ, നന്ദികേടിന്റെ, തള്ളിപറയലിന്റെ ഇന്നലെകളെ മറന്ന് എന്നെ ഇഷ്ടമാണെന്നു പറഞ്ഞ ക്രിസ്തു. അരുതായ്മകളുടെയും ഇല്ലായ്മകളുടേയും പെരുമഴക്കാലം ജീവിതത്തിലുണ്ടായപ്പോഴും അതിജീവനത്തിന്റെ വിശ്വാസപ്രഖ്യാപനങ്ങള്‍ നടത്താന്‍ പ്രേരകമായത് നീ എനിക്ക്

വിലപ്പെട്ടവനും പ്രിയങ്കരനുമാണെന്ന വചനത്തിന്റെ ആവര്‍ത്തനമായിരുന്നു. അധിനിവേശങ്ങളും പിടിച്ചടക്കലുകളും ദുരാരോപണങ്ങളുമൊക്കെ പത്തിവിടര്‍ത്തിയാടുമ്പോള്‍ വിശ്വാസസമൂഹമായ സഭ ഭയന്നു പോകരുതെന്ന മുന്നറിയിപ്പു കൂടി തരുന്നുണ്ട് ഈ വചനഭാഗം. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ലെന്ന സംരക്ഷണത്തിന്റെ മുന്നറിയിപ്പ്.

റവ. ഫാ. വിനോദ് പാക്കാനിക്കുഴിയില്‍ (മാനന്തവാടി)

കടപ്പാട്: ദിവ്യവാണി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.